ഒാർമയിലെ ഒാണം വാരാഘോഷം
text_fieldsമുമ്പൊന്നും ഓണാഘോഷങ്ങളില്‍ ഞങ്ങള്‍ വാദ്യകലാകാരന്മാര്‍ക്ക് വലിയ പങ്കുണ്ടായിരുന്നില്ല. എന്‍െറ ഓര്‍മ ശരിയാണെങ്കില്‍ 1980ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായ കാലത്താണ് സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ വിപുലമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു തുടങ്ങുന്നത്. വാദ്യകലാകാരന്മാര്‍ ഓണാഘോഷത്തില്‍ സജീവ സാന്നിധ്യമായി തുടങ്ങുന്നതും അപ്പോള്‍ മുതലാണ്. ടൂറിസം മന്ത്രിയായ വക്കം പുരുഷോത്തമനാണ് അന്ന് സര്‍ക്കാറിന്‍െറ ഓണം വാരാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. അത്രയും വിപുലമായ രീതിയില്‍ സര്‍ക്കാര്‍ അതിനുമുമ്പ് ഓണാഘോഷം സംഘടിപ്പിച്ചിട്ടില്ല. തിരുവനന്തപുരത്ത് ഒരാഴ്ച നീണ്ടുനിന്ന കെങ്കേമമായ ആഘോഷം ഇന്നും മനസ്സില്‍ അതുപോലെയുണ്ട്. പത്തു പതിനൊന്ന് ആനകളും കുടമാറ്റവുമൊക്കെയായി വലിയ രീതിയിലായിരുന്നു ആഘോഷം. ആഴ്ചയില്‍ ഏഴു ദിവസവും വൈകീട്ട് നാലു മുതല്‍ ആറു വരെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഓണാഘോഷത്തിന്‍െറ ഭാഗമായി മേളമുണ്ടായിരുന്നു.
തൃശൂരില്‍നിന്നുള്ള 60 വാദ്യകലാകാരന്മാര്‍ തിരുവനന്തപുരത്ത് ഒരാഴ്ച താമസിച്ചാണ് മേളം അവതരിപ്പിച്ചത്. കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. തൃശൂരുകാര്‍ക്ക് അത്ര പുതുമയുള്ള കാര്യമല്ളെങ്കിലും തിരുവനന്തപുരത്തുകാര്‍ക്ക് വാദ്യഘോഷങ്ങളും പൂരവുമൊക്കെ പുതിയ അനുഭവമായിരുന്നു അക്കാലത്ത്. മേളം ആസ്വദിക്കാന്‍ എല്ലാ ദിവസവും സ്റ്റേഡിയം നിറയെ ജനക്കൂട്ടമുണ്ടായിരുന്നു. സമാപന ദിവസം കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ ഘോഷയാത്രയുണ്ടായി. ഘോഷയാത്രക്കു മുന്നില്‍ പഞ്ചവാദ്യക്കാര്‍ അണിനിരക്കും. തിരുവനന്തപുരം നഗരത്തിന് ഉറക്കമില്ലാത്ത ഒരാഴ്ചയായിരുന്നു അത്. രാത്രി പത്തും പതിനൊന്നും മണി വരെ ആഘോഷങ്ങള്‍ നീളും. അതിനു മുമ്പോ ശേഷമോ ഞാന്‍ അത്രയും വിപുലമായ ആഘോഷം കണ്ടിട്ടില്ല. പിന്നീട് രണ്ടു മൂന്ന് വര്‍ഷം ഈ രീതിയില്‍ ഓണം വാരാഘോഷം നടന്നതായി ഓര്‍ക്കുന്നു. തുടര്‍ന്ന അത് ജില്ലാ തലങ്ങളിലേക്ക് മാറി. ഇപ്പോള്‍ ഇത്തരം പരിപാടികളില്‍ ഉദ്ഘാടന ദിവസം ചിലപ്പോള്‍ മേളമുണ്ടാകും. അത്തരം പരിപാടികള്‍ക്ക് പോകാറുമുണ്ട്.
തൃക്കൂരിലെ കുട്ടിക്കാലം
ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂള്‍ അടച്ചുകിട്ടാന്‍ കാത്തുകാത്തിരുന്ന കുട്ടിക്കാലമുണ്ടായിരുന്നു എനിക്ക്. തൃക്കൂരിലെ അമ്മൂമ്മയുടെ വീടും അവിടത്തെ ഓണാഘോഷങ്ങളുമായിരിക്കും ആലോചനകളില്‍ മുഴുവന്‍.പെരുവനത്താണ് ഞങ്ങളുടെ തറവാട്. അമ്മക്ക് ഞങ്ങള്‍ അഞ്ചു മക്കളാണ്. ഓണം തുടങ്ങുന്നതിനുമുമ്പ് തൃക്കൂരില്‍നിന്ന് ആരെങ്കിലും വന്ന് ഞങ്ങള്‍ കുട്ടികളെ കൊണ്ടുപോകും. പിന്നെ ഒരാഴ്ച മതിമറന്നുള്ള ആഘോഷമായിരിക്കും.
മെടഞ്ഞെടുത്ത മനോഹരമായ പൂക്കൊട്ട എല്ലാ കുട്ടികള്‍ക്കും സ്വന്തമായുണ്ടാകും.ഉച്ചതിരിഞ്ഞാല്‍ കൂട്ടുകാരുമൊത്ത് പറമ്പായ പറമ്പെല്ലാം കയറിയിറങ്ങി പൂക്കള്‍ ശേഖരിക്കും. കുമ്മാട്ടികെട്ടലും മറ്റു കളികളുമെല്ലാം നിറഞ്ഞ് രാവിരിട്ടുവോളം സന്തോഷയാത്ര തുടരും. തൃക്കൂര്‍ കുന്നിന്‍െറ മുകളില്‍ ഗുഹാക്ഷേത്രമുണ്ട്. ക്ഷേത്രത്തിലേക്കുള്ള പോക്കും രസകരമായ അനുഭവമാണ്.
എന്‍െറ അഭിപ്രായത്തില്‍ ഓണം കുട്ടികളുടെ ആഘോഷമാണ്. പ്രായം കൂടുംതോറും നമ്മളുടെ ഉള്ളിലെ ആഘോഷത്തിന്‍െറ വലുപ്പം കുറയും. വിഭവസമൃദ്ധമായ ഭക്ഷണം, ഓണപ്പുടവ, കുമ്മാട്ടിക്കളി എല്ലാം ശരിക്കും ആഘോഷിക്കുക കുട്ടികളാണ്. തൃക്കൂരില്‍ പോകാനുള്ള കാത്തിരിപ്പെല്ലാം മുതിര്‍ന്നതോടെ മാറി. പെരുവനത്തു തന്നെയുള്ള ഓണാഘോഷത്തില്‍ പിന്നീട് സജീവമായി.
തയാറാക്കിയത്: ഷെബീന്‍ മെഹബൂബ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.