പൂവിളിയും തക്ബീർ ധ്വനിയും
text_fields‘കാഫിറെന്ന് വിളിച്ചോളൂ..
മ്ളേച്ഛനെന്ന് പഴിച്ചോളൂ..
കാരക്കയും ഇളനീരുമെനിക്ക് പഥ്യം’
എന്നു പാടിയത് മലയാളത്തിന്‍െറ പ്രിയകവി വി.ടി. കുമാരന്‍. കാരക്കയും ഇളനീരും രണ്ടു സംസ്കൃതികളുടെ പ്രതീകങ്ങള്‍. പെരുന്നാളും ഓണവും ഒന്നിക്കുമ്പോള്‍ മതസൗഹാര്‍ദത്തിന്‍െറ മാധുര്യം നമ്മുടെ മനസ്സില്‍. ഇത്തവണ ഓണത്തിന്‍െറ പൂവിളിയും ബലിപെരുന്നാളിന്‍െറ തക്ബീര്‍ ധ്വനികളും ഒന്നിച്ച് മലയാളിയുടെ കാതുകളില്‍. രണ്ട് ആഘോഷങ്ങളും ബലിയുടെ ഓര്‍മ നമ്മുടെ മനസ്സില്‍ വെച്ചുതരുന്നു. ഒന്നല്ല രണ്ടും മഹാബലികളാണ്. നന്മയെ പാതാളത്തില്‍ ചവിട്ടിത്താഴ്ത്തിയാലും വീണ്ടുമത് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഓണം. സ്വന്തത്തെ ബലി നല്‍കുന്നതാണ് ത്യാഗമെന്നും ത്യാഗസന്നദ്ധതയിലൂടെയേ നാം പൂര്‍ണതയിലത്തെൂവെന്നും ബലിപെരുന്നാള്‍.
നമ്മുടെ മനസ്സിലെ പൂക്കളങ്ങളില്‍ ദുല്‍ഹജ്ജിന്‍െറ നിലാവെട്ടം ഉറ്റിവീഴുമ്പോള്‍ അത് സാഹോദര്യത്തിന്‍െറ സുഗന്ധം പരത്തുന്ന പൂക്കളങ്ങളായി മാറുന്നു. ആ പൂക്കളത്തില്‍ ഹിന്ദുവും മുസല്‍മാനും ഒന്നാകുന്നു. അതുകൊണ്ടുതന്നെ ഓണവും പെരുന്നാളും ഒരുപോലെ എന്‍െറയും നിന്‍െറയും ആഘോഷങ്ങളല്ല; നമ്മുടെ ആഘോഷങ്ങളാണ്.
ചന്ദനക്കുറിയിട്ട ഹിന്ദുവും നമസ്കാരത്തഴമ്പുള്ള മുസല്‍മാനും ഇത് രണ്ടുമില്ലാത്തവനും ഒരുപോലെയുള്ള ആഘോഷങ്ങളാകട്ടെ ഓണവും പെരുന്നാളുമെല്ലാം.
മതത്തില്‍നിന്ന് ‘മദം’ മൈനസ് ചെയ്താല്‍ എല്ലാ ആഘോഷങ്ങളും എല്ലാവരുടേതുമാകും. അപ്പോള്‍ ചിങ്ങവെയിലില്‍, മനസ്സിന്‍െറ മുറ്റങ്ങളിലെ പൂക്കളങ്ങള്‍ക്കുമീതെ വട്ടത്തില്‍ പാറിക്കളിക്കുന്ന ഓണത്തുമ്പികള്‍ തക്ബീര്‍ പാടുന്നത് നമുക്ക് കേള്‍ക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.