സൗമ്യ കേസ് വിധി: റിവ്യൂ ഹരജി നൽകും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധി മനഃസാക്ഷി ഉള്ളവരെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉടൻ സർക്കാർ റിവ്യൂ പെറ്റീഷൻ നൽകുമെന്നും പ്രഗത്ഭരായ നിയമജ്ഞരുടെയും അഭിഭാഷകരുടെയും സഹായം സൗമ്യയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനായി ഉറപ്പാക്കുകയും ചെയ്യുമെന്നും പിണറായി പ്രസ്താവനയിലൂടെ അറിയിച്ചു.
വിചാരണകോടതിയും ഹൈക്കോടതിയും കേസിന്‍റെ എല്ലാ വശങ്ങളും സൂക്ഷ്‌മമായി പരിശോധിച്ചാണ് വിധി പറഞ്ഞത്. ഫോറന്‍സിക് തെളിവുകള്‍ അടക്കം നിരവധി കാര്യങ്ങള്‍ ഗോവിന്ദച്ചാമിയുടെ കുറ്റകൃത്യം തെളിയിക്കുന്ന തരത്തില്‍ ഉയര്‍ന്നുവന്നിരുന്നു. കൈ നഖങ്ങള്‍ക്കിടയിലെ ശരീരാംശങ്ങള്‍ അടക്കം കൃത്യമായ തെളിവായി സ്ഥിരീകരിക്കപ്പെട്ടതും ഗോവിന്ദച്ചാമിയുടെ കുറ്റകൃത്യം സംശയാതീതമായി തെളിയിക്കപ്പെട്ടതുമാണ്. ആ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍, സുപ്രീംകോടതി ഇപ്പോള്‍ നടത്തിയിട്ടുള്ള വിധിപ്രസ്‌താവം വിചാരണക്കോടതിയിലടക്കം തെളിവായി അംഗീകരിക്കപ്പെട്ട കാര്യങ്ങളെ അവിശ്വസിക്കുംവിധമുള്ളതാണ്. സാമാന്യബുദ്ധിക്ക് അംഗീകരിക്കാന്‍ വിഷമമുള്ളതും മനുഷ്യത്വത്തിന് വില കല്‍പ്പിക്കുന്ന ആരെയും ഉത്‌കണ്‌ഠപ്പെടുത്തുന്നതുമാണ് ഈ വിധി.
സൗമ്യയ്‌ക്ക് അനുഭവിക്കേണ്ടിവന്ന ക്രൂരമായ ദുരന്തത്തിന് നിരക്കുന്നതല്ല ഈ ശിക്ഷാവിധി എന്ന സൗമ്യയുടെ അമ്മയുടെയും സമൂഹത്തിന്റെയാകെയും ചിന്ത ന്യായയുക്തമാണ്. ആ വികാരം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ നീതി ഉറപ്പാക്കാന്‍ സുപ്രീംകോടതിയെ റിവ്യൂ പെറ്റീഷനുമായി സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സൗമ്യയുടെ അമ്മയെ സാന്ത്വനിപ്പിക്കാനും അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു എന്ന് ഉറപ്പുനല്‍കാനും എല്ലാ ശ്രമങ്ങളും നടത്തും. അതിനായി അമ്മ സുമതിയെ സന്ദർശിക്കും. സൗമ്യയുടെ ഓര്‍മ്മക്ക് നീതി കിട്ടാന്‍ വേണ്ടി പഴുതടച്ച് എല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അത് ചെയ്യുകതന്നെ ചെയ്യും.
ഗോവിന്ദച്ചാമിമാര്‍ സമൂഹത്തില്‍ സ്‌ത്രീകള്‍ക്കാകെ ഭീഷണി ഉയര്‍ത്തുംവിധം വിഹരിക്കുന്നതിന് നിയമത്തിന്‍റെ സാങ്കേതിക പഴുതുകള്‍ ദുരുപയോഗിക്കപ്പെട്ടുകൂടാ. ഇക്കാര്യം ഉറപ്പാക്കാനായി സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും പിണറായി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.