കല്ലുകൊണ്ട് തലക്കിടിച്ചുവെന്ന് ഗോവിന്ദച്ചാമി പറഞ്ഞിരുന്നു -ഡോ. ഹിതേഷ്
text_fieldsതൃശൂര്‍: നിര്‍ണായക മെഡിക്കല്‍ തെളിവുകളും കുറ്റം ഏറ്റു പറച്ചിലും ഉണ്ടായിട്ടും സൗമ്യ കേസില്‍ ഇത്തരത്തില്‍ വിധി വന്നത്, ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസുകളില്‍ നാളെ ഇതായിരിക്കും അനുഭവമെന്ന അപകടസൂചനയാണ് നല്‍കുന്നതെന്ന് സൗമ്യ മരിക്കുമ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അസോസിയേറ്റ് പ്രഫസറും ഡെപ്യൂട്ടി പൊലീസ് സര്‍ജനുമായിരുന്ന ഡോ. ഹിതേഷ് ശങ്കര്‍. കേസ് തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ പോരെന്ന വിപത് സൂചനയാണ് വിധി നല്‍കുന്നതെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
മെഡിക്കല്‍ തെളിവുകള്‍ ശക്തമാണ്. ഗോവിന്ദച്ചാമിയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഏറ്റത് താന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അയാളുടെ കുറ്റസമ്മത മൊഴിയും (എക്സ്ട്രാ ജുഡീഷ്യല്‍ കണ്‍ഫഷന്‍) ഉണ്ട്. ട്രെയിനില്‍വെച്ച് ഫോണ്‍ ചെയ്യുകയായിരുന്ന സൗമ്യ തന്നെ കണ്ട് ഭയന്ന് വാതിലിന്‍െറ അടുത്തേക്ക് നീങ്ങിയെന്നും താന്‍ തള്ളിയിട്ടുവെന്നും പറഞ്ഞിട്ടുണ്ട്. തലയിടിച്ചുവീണ സൗമ്യയെ മറ്റൊരിടത്തേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു. അതുകഴിഞ്ഞ് കല്ളെടുത്ത് തലക്ക് ഇടിച്ചുവെന്നും മരണം ഉറപ്പാക്കിയില്ളെന്നും ഗോവിന്ദച്ചാമി പറഞ്ഞതായി ഡോ. ഹിതേഷ് പറയുന്നു. അതേസമയം, ഡോ. ഷേര്‍ളി വാസു പറയുന്നത് ട്രെയിനില്‍വെച്ച് സൗമ്യയെ ആക്രമിച്ചശേഷം എടുത്തെറിഞ്ഞുവെന്നാണ്. സാക്ഷിമൊഴികളാവട്ടെ, സൗമ്യ ചാടുന്നത് കണ്ടുവെന്നും. ഇത്തരത്തില്‍ ചിതറിയ മൊഴികളും തെളിവുകളും ഒന്നാക്കാന്‍ പ്രോസിക്യൂഷന്‍െറ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായതായി തോന്നുന്നില്ല.
വിചാരണക്കോടതിയില്‍ പലപ്പോഴും പരിഹാസ്യ രീതിയിലാണ് കേസ് നടന്നത്. സൗമ്യ ചാടുന്നത് കണ്ടുവെന്ന് പറഞ്ഞവരോട് രാത്രിനേരത്ത് അത് എങ്ങനെ കണ്ടുവെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചില്ല. അത്തരം ചോദ്യങ്ങള്‍ മേല്‍കോടതിയില്‍ വരുന്നത് സ്വാഭാവികമാണ്. അവിടെ മീഡിയ ആക്ടിവിസത്തിനും ജുഡീഷ്യല്‍ ആക്ടിവിസത്തിനും അപ്പുറത്താണ് കാര്യങ്ങള്‍. കീഴ്കോടതിയില്‍ കേസ് എളുപ്പത്തില്‍ ജയിച്ചുപോയതാണ്. യഥാര്‍ഥത്തില്‍ തെളിവുകള്‍ അപര്യാപ്തമായിരുന്നു. സുപ്രീംകോടതി പുനര്‍വിചാരണക്കാണ് ഉത്തരവിട്ടതെങ്കില്‍ കേസ് ഇതിനെക്കാള്‍ വഷളാകുമായിരുന്നു. തെളിവുകള്‍ക്കപ്പുറം കോടതി നോക്കുന്നത് സാക്ഷികളെയാണ്. എന്നാല്‍, ദൃക്സാക്ഷിയല്ലാത്ത ഒന്നിനെയും സാക്ഷിയായി സ്വീകരിക്കില്ളെന്ന അവസ്ഥ നാളെ സമാന കേസുകളെയും ബാധിച്ചേക്കുമെന്ന്, ഇപ്പോള്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ജോലിചെയ്യുന്ന ഡോ. ഹിതേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.