സുവര്‍ണ വേന്ദ്രന്‍
text_fieldsറിയോ ഡെ ജനീറോ: വൈദ്യുതാഘാതമേറ്റ് ഇടതുകൈമുട്ടിന് താഴെ മുറിച്ചു നീക്കേണ്ടിവന്ന ദേവേന്ദ്ര ഝജാരിയക്ക് അംഗപരിമിതരുടെ അങ്കക്കളമായ പാരാലിമ്പിക്സില്‍ മറ്റൊരു സ്വര്‍ണം കൂടി. പുരുഷന്മാരുടെ എഫ് 46 വിഭാഗം (മുട്ടിന് മുകളിലോ താഴെയോ കൈ ഇല്ലാത്തവര്‍) ജാവലിന്‍ ത്രോയിലാണ് ഇന്ത്യയുടെ അഭിമാനമായ ഝജാരിയ സ്വന്തം പേരിലുള്ള ലോകറെക്കോഡ് തിരുത്തി റിയോയില്‍ സ്വര്‍ണമണിഞ്ഞത്. 63.97 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് ഈ രാജസ്ഥാന്‍ സ്വദേശിയായ 35കാരന്‍ പൊന്ന് വാരിയത്. 2004ലെ ആതന്‍സ് പാരാലിമ്പിക്സില്‍ 62.15 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയ താരം അന്ന് കുറിച്ച ലോകറെക്കോഡാണ് മായ്ച്ചത്. പാരാലിമ്പിക്സില്‍ രണ്ട് സ്വര്‍ണം നേടുന്ന ഏക ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഝജാരിയയുടെ പേരിലായി. ഇന്ത്യയുടെ റിങ്കു ഹൂഡ അഞ്ചാം സ്ഥാനത്തിലൊതുങ്ങി. ഇതോടെ റിയോയില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണവും ഒന്ന് വീതം വെള്ളിയും വെങ്കലവുമായി. രാജസ്ഥാന്‍ സര്‍ക്കാര്‍ ി 75 ലക്ഷവും വീട് വെക്കാനും കൃഷിചെയ്യാനുമുള്ള സ്ഥലവും സമ്മാനമായി നല്‍കുമെന്നറിയിച്ചിട്ടുണ്ട്.
അന്ന് വൈദ്യുതാലിംഗനം;
ഇന്ന് സുവര്‍ണാലിംഗനം
രാജസ്ഥാനിലെ ചുരു ജില്ലയിലെ രാജ്ഗഡിലെ കര്‍ഷക ദമ്പതികളുടെ മകനായ ദേവേന്ദ്ര ഝജാരിയയുടെ ഇടതുകൈമുട്ടിന് താഴെ വൈദ്യുതാഘാതമേറ്റ് നഷ്ടമായത് എട്ടാം വയസ്സിലാണ്. മരത്തില്‍ കയറിയ കുഞ്ഞു ദേവേന്ദ്ര വൈദ്യുതികമ്പിയില്‍ പിടിച്ചതാണ് വിനയായത്. പിന്നീട് അംഗപരിമിതിയെ മറികടന്ന ദേവേന്ദ്ര കായിക മത്സരങ്ങളില്‍ സജീവസാന്നിധ്യമായി. ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ ആര്‍.ഡി. സിങ്ങിന്‍െറ കണ്ണില്‍പ്പെട്ടതോടെയാണ് ഝജാരിയ ഉയരങ്ങള്‍ താണ്ടിയത്. 2002ല്‍ കൊറിയയില്‍ നടന്ന അംഗപരിമിതര്‍ക്കായുള്ള ഫാര്‍ ഈസ്റ്റ് ആന്‍ഡ് സൗത് പസഫിക് ഗെയിംസില്‍ നേടിയ സ്വര്‍ണമാണ് ആദ്യ അന്താരാഷ്ട്ര വിജയം. പിന്നീട് 2004 ആതന്‍സ് പാരാലിമ്പിക്സിലാണ് ഝജാരിയ താരമായത്. തുടര്‍ന്ന് രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചു. പത്മശ്രീ നേടുന്ന ആദ്യ പാര അത്ലറ്റ് എന്ന നേട്ടവും സ്വന്തമാക്കിയ താരമാണ് ഈ 35കാരന്‍. 2008ല്‍ ബെയ്ജിങ്ങിലും 2012ല്‍ ലണ്ടനിലും പാരാലിമ്പിക്സില്‍ ജാവലിന്‍ ത്രോ മത്സരയിനമായിരുന്നില്ല. അല്ളെങ്കില്‍ സ്വര്‍ണനേട്ടം ഉയരുമായിരുന്നു.
മകളും അച്ഛനും ഫസ്റ്റ്
ആറു വയസ്സുകാരിയായ മകള്‍ ജിയയുമായുള്ള ഒരു ‘ഉടമ്പടി’യുടെ ഫലമാണ് ഈ സ്വര്‍ണമെന്ന് ഝജാരിയ പറയുന്നു. നഴ്സറി ക്ളാസിലെ പരീക്ഷയില്‍ മകള്‍ ഒന്നാമതായാല്‍ താന്‍ പകരം പാരാലിമ്പിക്സിലെ സ്വര്‍ണവുമായി വീട്ടിലത്തൊമെന്നായിരുന്നു ‘ഉടമ്പടി’. പരീക്ഷയില്‍ ഫസ്റ്റായെന്നും ഇനി അച്ഛന്‍െറ ഊഴമാണെന്നും റിയോയിലുള്ള ഝജാരിയയെ ജിയ ഫോണില്‍ അറിയിച്ചിരുന്നു. മത്സരത്തിനിറങ്ങുമ്പോള്‍ മറ്റെന്തിനെക്കാളും മനസ്സിലുണ്ടായിരുന്നത് മകളുടെ വാക്കുകളായിരുന്നുവെന്ന് ഝജാരിയ പറഞ്ഞു. ഈ സ്വര്‍ണക്കൊയ്ത്തില്‍ മകളായിരിക്കും ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതെന്ന് താരം പറഞ്ഞു.
നിരന്തരമായ പരിശീലനത്തിന്‍െറയും ആത്മസമര്‍പ്പണത്തിന്‍െറയും ഫലമാണ് ഝജാരിയയുടെ പതക്കനേട്ടം. വീട്ടില്‍ വളരെ അപൂര്‍വമായേ എത്താറുള്ളൂ. രണ്ട് വയസ്സുള്ള മകന്‍ കാവ്യാന്‍ അച്ഛനെ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. നാട്ടിലത്തെിയ ശേഷം മകനൊപ്പം ഏറെനാള്‍ ചെലവഴിക്കാനാണ് ഇദ്ദേഹത്തിനിഷ്ടം. മുന്‍ കബഡി താരം കൂടിയായ മഞ്ജുവാണ് ദേവേന്ദ്രയുടെ ഭാര്യ. അമ്മ ജിവാനി ദേവിയും ഭാര്യയും നല്‍കുന്ന പിന്തുണയും ഇദ്ദേഹത്തിന് മറക്കാനാവില്ല. ‘നീ പൊളിക്ക് മുത്തേ’ എന്ന ന്യൂജനറേഷന്‍ ആശംസയായിരുന്നു അമ്മ എന്നും നല്‍കിയത്. പാരാലിമ്പിക്സിന് മുമ്പ് ഫിന്‍ലന്‍ഡിലായിരുന്നു പരിശീലനം. ഹിസാര്‍ സായ് (സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) കേന്ദ്രത്തിലെ കോച്ച് സുനില്‍ തന്‍വാറും ഒപ്പമുണ്ടായിരുന്നു. ഒരു മാസം മുമ്പ് ചുമലിനേറ്റ പരിക്ക് ആശങ്കയുയര്‍ത്തിയിരുന്നെങ്കിലും ഝജാരിയ സ്വതസിദ്ധമായ മനക്കരുത്തോടെ സ്വര്‍ണം നേടാന്‍ ഒരുങ്ങുകയായിരുന്നു.
കൂടെ പരിശീലിച്ച കെനിയന്‍ താരം ജൂലിയസ് യെഗോയും ഏറെ പിന്തുണയേകി. നേരത്തെ റെയില്‍വേ താരമായിരുന്ന ഝജാരിയ ഇപ്പോള്‍ സായ് ജീവനക്കാരനാണ്. അടുത്ത വര്‍ഷം നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പാണ് അടുത്ത ലക്ഷ്യം. 2020ലെ ടോക്യോ പാരാലിമ്പിക്സിലും മത്സരിക്കണമെന്നാഗ്രഹമുണ്ട്. ഈ മാസം 19ന് ഝജാരിയ റിയോയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.