പ്രതിഷേധം കത്തിപ്പടര്‍ന്നു; ‘ശിക്ഷാവിധി’ മാറിമറിഞ്ഞു
text_fieldsന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസിലെ പ്രതിക്ക് ഏഴു വര്‍ഷം തടവ് മാത്രമേയുള്ളൂവെന്ന് ആദ്യം കേട്ട കേരളം പ്രതിഷേധങ്ങള്‍ കത്തിപ്പടരുന്നതിനിടയില്‍ യഥാര്‍ഥത്തില്‍ സുപ്രീംകോടതി വിധിച്ചത് ജീവപര്യന്തമാണെന്ന് വൈകീട്ട് അറിഞ്ഞപ്പോള്‍ അമ്പരന്നു. വിധിപ്പകര്‍പ്പ് പുറത്തുവന്നതോടെ പ്രതിക്കൂട്ടിലായ സംസ്ഥാന സര്‍ക്കാറിന് അല്‍പം ആശ്വാസമാവുകയും ചെയ്തു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയി, യു.യു. ലളിത്, പി.സി. പന്ത് എന്നിവരടങ്ങുന്ന ബെഞ്ച് സൗമ്യവധക്കേസില്‍ വ്യാഴാഴ്ച രാവിലെ വിധി പുറപ്പെടുവിച്ചപ്പോള്‍ ശിക്ഷാവിധിയിലെ പ്രസക്തഭാഗം വായിച്ചത് തെറ്റായി ധരിച്ച് ചാനലുകള്‍ വാര്‍ത്ത നല്‍കിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. വധശിക്ഷക്കുപകരം ഏഴു വര്‍ഷം കഠിനശിക്ഷ നല്‍കുകയാണെന്ന ഭാഗം മാത്രം കേട്ടവര്‍ മാനഭംഗമടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഹൈകോടതി ശരിവെച്ച ശിക്ഷ തങ്ങളും ശരിവെച്ചുവെന്ന ഭാഗം കേള്‍ക്കാതെപോയി.
മാനഭംഗത്തിനുള്ള ജീവപര്യന്തം നിലനില്‍ക്കുമെന്ന് അപ്പോള്‍തന്നെ അഭിഭാഷകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ചാനലുകള്‍ ബ്രേക്കിങ് അടിച്ച് ചര്‍ച്ചയുമായി മുന്നോട്ടുപോയിരുന്നു. സംസ്ഥാനത്തും സാമൂഹികമാധ്യമങ്ങളിലും പ്രതിഷേധം അലയടിക്കുന്നതിന്‍െറ വാര്‍ത്തകള്‍ കൂടി പിറകെ നല്‍കി സംസ്ഥാന സര്‍ക്കാറിനെ കടുത്ത പ്രതിരോധത്തിലാക്കിയ സമയത്താണ് വിധിപ്പകര്‍പ്പിന്‍െറ പൂര്‍ണരൂപം പുറത്തുവന്നത്. അതോടെ ചാനലുകള്‍ക്ക് തിരുത്തിപ്പറയേണ്ടിവന്നു.
ഗോവിന്ദച്ചാമി വിരല്‍ചൂണ്ടിയത് സൗമ്യയുടെ സുഹൃത്തുക്കള്‍ക്കുനേരെ
ന്യൂഡല്‍ഹി: സൗമ്യവധക്കേസില്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് ബോധിപ്പിച്ച പ്രതി ഗോവിന്ദച്ചാമി കുറ്റകൃത്യം ചെയ്തതായി വിരല്‍ ചൂണ്ടിയത് അന്ന് സൗമ്യയുടെ കൂടെ തീവണ്ടിയിലുണ്ടായിരുന്ന സുഹൃത്തുക്കളിലേക്ക്. എന്നാല്‍, ഈ വാദം മുഖവിലക്കെടുക്കാതിരുന്ന സുപ്രീംകോടതി മാനഭംഗവും മോഷണവും അക്രമവും നടത്തിയത് ഗോവിന്ദച്ചാമിയാണെന്നതിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഡി.എന്‍.എ റിപ്പോര്‍ട്ടും പ്രധാന തെളിവായെടുത്തു.
സംഭവം നടന്ന സമയത്ത് പ്രദേശത്ത് ഗോവിന്ദച്ചാമി ഉണ്ടായിരുന്നില്ളെന്ന് ബോധിപ്പിച്ച പ്രതിഭാഗം അഭിഭാഷകന്‍ സൗമ്യയുടെ കൂടെ ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ ജോയ്, പ്രമോദ് എന്നിവരുണ്ടായിരുന്നുവെന്ന് വാദിച്ചു. വാദം ഇങ്ങനെ തുടരുന്നു: മുള്ളൂര്‍ക്കര റെയില്‍വേ സ്റ്റേഷനില്‍നിന്ന് കയറിയ ഇവര്‍ വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ തീവണ്ടിയില്‍ നിന്നിറങ്ങി. തുടര്‍ന്ന് സൗമ്യയുമായി രണ്ടുപേരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോഴാണ് സൗമ്യയുടെ മൊബൈലില്‍നിന്ന് സിം കാര്‍ഡ് ഊരിയെടുത്ത് വലിച്ചെറിഞ്ഞത്. ഈ സിം കാര്‍ഡ് ഇതുവരെ കണ്ടത്തൊനായിട്ടില്ല. പിന്നീട് സൗമ്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഇവരില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഷൊര്‍ണൂര്‍ ഭാഗത്തുനിന്ന് വന്ന ട്രെയിനിടിച്ച് സൗമ്യക്ക് പരിക്കേറ്റു. ജോയിയെയും പ്രമോദിനെയും സാക്ഷികളാക്കാന്‍ കോടതി അനുവദിച്ചില്ളെന്ന് വിധി പ്രസ്താവത്തിനുശേഷം ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ അഡ്വ. ബിജു ആന്‍റണി ആളൂര്‍ പറഞ്ഞു. സൗമ്യക്ക് വന്ന അജ്ഞാത ഫോണ്‍കാളുകളെക്കുറിച്ച് അന്വേഷിച്ചില്ളെന്നും സൗമ്യയുടെ മരണത്തിന് കാരണമായ മുറിവുണ്ടാക്കിയ ആളെ കണ്ടത്തൊനായില്ളെന്നും അഡ്വ. ആളൂര്‍ ചൂണ്ടിക്കാട്ടി.
മുമ്പിലുള്ളത് രണ്ട് നടപടിക്രമങ്ങള്‍ മാത്രം
ന്യൂഡല്‍ഹി: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് മുന്നില്‍ നിയമപരമായി ബാക്കിയുള്ളത് രണ്ട് നടപടികള്‍ മാത്രം. കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നല്‍കുകയാണ് ആദ്യ നടപടി. തുറന്ന കോടതിക്ക് പകരം ജഡ്ജിമാരുടെ ചേംബറിലാണ് ഇത് പരിഗണിക്കുക. നേരത്തേ തുറന്ന കോടതിയില്‍ വാദം കേട്ട കേസിലെ വിധി പ്രസ്താവനയില്‍ വസ്തുതാപരമായ പിഴവുണ്ടോയെന്ന് മാത്രമാണ് കോടതി ഈ സമയത്ത് പരിശോധിക്കുക. അതേസമയം തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം സര്‍ക്കാറിന് ഉന്നയിക്കാനാകും. വാദം പ്രസക്തമാണെന്ന് ബോധ്യമായെങ്കില്‍ മാത്രം സുപ്രീംകോടതി അത് അംഗീകരിക്കും. പുനഃപരിശോധനാ ഹരജി തള്ളിയാല്‍ പിന്നെ തിരുത്തല്‍ ഹരജിയാണ് രണ്ടാമത്തെ നടപടി. ഈ ഹരജിയും ജഡ്ജിമാരുടെ ചേംബറിലാണ് പരിഗണിക്കുക.
ഗോവിന്ദച്ചാമിയെ കേരളത്തില്‍നിന്ന് മാറ്റാന്‍ അപേക്ഷ നല്‍കും
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രീംകോടതി വധശിക്ഷ ഇളവുനല്‍കിയ ഗോവിന്ദച്ചാമിയെ കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കുമെന്ന് അഭിഭാഷകന്‍ അഡ്വ. ബിജു ആന്‍റണി ആളൂര്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ചാണ് കേരളത്തിന് പുറത്തേക്ക് മാറ്റാന്‍ അപേക്ഷ നല്‍കുന്നത്. തമിഴ്നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
സൗമ്യകേസ്: സര്‍ക്കാറിന് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി ഒഴിവാക്കിയത് കേരളത്തിന് ഞെട്ടലായി. കേസ് നടത്തിപ്പില്‍ ഇടത് സര്‍ക്കാറിന്‍െറ വീഴ്ച ആരോപിച്ച് പ്രതിപക്ഷം കടുത്ത വിമര്‍ശവുമായി രംഗത്തത്തെി. എന്നാല്‍, സര്‍ക്കാറിന് ഒരു വീഴ്ചയും വന്നിട്ടില്ളെന്ന് നിയമമന്ത്രി എ.കെ. ബാലന്‍ അവകാശപ്പെട്ടു. പ്രതിപക്ഷ സംഘടനകള്‍ സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്തുവന്നു. പലയിടത്തും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. നിയമസഭാ സമ്മേളനം ഈമാസം 26ന് ആരംഭിക്കാനിരിക്കെ സൗമ്യ കേസ് സഭയിലും ഒച്ചപ്പാട് സൃഷ്ടിക്കും. സൗമ്യ കേസ് നടത്തിപ്പില്‍ വീഴ്ച ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന ആവശ്യം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉയര്‍ത്തിയിട്ടുണ്ട്. പ്രോസിക്യൂഷന്‍ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
ഗോവിന്ദച്ചാമി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ സീനിയര്‍ സ്റ്റാന്‍ഡിങ് കോണ്‍സലിനെ സഹായിക്കാന്‍ വിചാരണക്കോടതിയിലും ഹൈകോടതിയിലും ഹാജരായ അഡ്വ. എ. സുരേശനെ നിയമിച്ച് അന്നത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 2015 ഫെബ്രുവരി 18നാണ് ഈ ഉത്തരവിറക്കിയത്. പുറമെ കേസ് അന്വേഷിച്ച നാല് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭ്യമാക്കാന്‍ ഡി.ജി.പിയും ഉത്തരവ് നല്‍കിയിരുന്നു. ഇത് 2014 ജൂലൈ 22നായിരുന്നു. ഈ ഉത്തരവുകള്‍പ്രകാരം ആവശ്യമായ നടപടി കേസില്‍ കൈക്കൊണ്ടില്ളെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്.
റിവ്യൂ ഹരജി നല്‍കണം –മഹിളാ അസോസിയേഷന്‍
കോഴിക്കോട്: സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹരജി ഫയല്‍ ചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. ടി.എന്‍. സീമയും സെക്രട്ടറി അഡ്വ. പി. സതീദേവിയും ആവശ്യപ്പെട്ടു. മനുഷ്യമന$സാക്ഷിയെ ഞെട്ടിച്ചതാണ് സൗമ്യയുടെ ദാരുണമായ കൊലപാതകം.
അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന നിലക്ക് പരമാവധി ശിക്ഷക്ക് പ്രതി അര്‍ഹനാണെന്നാണ് വിചാരണകോടതിയും ഹൈകോടതിയും വിധിച്ചിട്ടുള്ളത്. ശക്തമായ നിയമങ്ങളുണ്ടായിട്ടും നിയമത്തിന്‍െറ സംരക്ഷണം ഇരകള്‍ക്ക് ലഭിക്കുന്നില്ലയെന്നത് ഉത്കണ്ഠപ്പെടുത്തുന്നതാണ്.
റിവ്യൂഹരജി ഫയല്‍ ചെയ്ത് സൗമ്യക്കും കുടുംബത്തിനും സ്ത്രീസമൂഹത്തിനും നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. വിധി പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍െറ മുഴുവന്‍ യൂനിറ്റുകളും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയക്കുമെന്നും ഇരുവരും പ്രസ്താവനയില്‍ അറിയിച്ചു.
വിധി ഞെട്ടിക്കുന്നത് –വി.എസ്
കൊല്ലം: സൗമ്യവധക്കേസിലെ സുപ്രീംകോടതിവിധി കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് ദൗര്‍ഭാഗ്യകരമാണ്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പുന$പരിശോധനാ ഹരജി നല്‍കണം. കേസ് കൈകാര്യം ചെയ്യുന്നതില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന് വീഴ്ചയുണ്ടായെന്ന പ്രസ്താവനകള്‍ അവഹേളനപരമാണെന്നും വി.എസ് കൊല്ലം റെസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.