അസഹിഷ്ണുതക്കെതിരെ മാനവിക കൂട്ടായ്മകള്‍ വളര്‍ത്തണം –സിമ്പോസിയം
text_fieldsകോഴിക്കോട്: അസഹിഷ്ണുത നിറഞ്ഞ കാലത്ത് മാനവികതയും സമാധാനവും ഊട്ടിയുറപ്പിക്കാന്‍ മാധ്യമങ്ങളും പൗരസമൂഹവും ചേര്‍ന്ന കൂട്ടായ ശ്രമം വേണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള സംഘടിപ്പിച്ച ‘സമാധാനം, മാനവികത: മാധ്യമങ്ങളുടെ പങ്ക്’ സിമ്പോസിയം അഭിപ്രായപ്പെട്ടു. ‘സമാധാനം-മാനവികത’ അഖിലേന്ത്യാ കാമ്പയിനിന്‍െറ ഭാഗമായിരുന്നു പരിപാടി. അസഹിഷ്ണുതക്കെതിരായ കൂട്ടായ്മകള്‍ വളര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി പറഞ്ഞു. പക്ഷപാതപരമായ നിലപാടുകള്‍ക്കെതിരെ മാധ്യമങ്ങള്‍ക്കകത്തുനിന്നുതന്നെ തിരുത്തല്‍ ശക്തി വേണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മാത്രമായി സമൂഹത്തില്‍ മാറ്റം സാധ്യമല്ളെന്ന് ഏഷ്യാനെറ്റ് ചീഫ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. സമൂഹത്തിനകത്തുതന്നെ മാറ്റം വേണം. നവമാധ്യമങ്ങള്‍ മാധ്യമ ബഹുസ്വരത കൊണ്ടുവന്നുവെങ്കിലും വിദ്വേഷം പരത്തുന്നതില്‍ അവക്ക് വലിയ പങ്കുണ്ട്. ഇതിനെതിരെ സാമൂഹിക, മതപ്രസ്ഥാനങ്ങള്‍ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ നീതിയുടെ പക്ഷത്ത് നില്‍ക്കുമ്പോഴാണ് ജനാധിപത്യവും മാനവികതയും സംരക്ഷിക്കപ്പെടുകയെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. വര്‍ഷങ്ങളായി മാധ്യമവിമര്‍ശം നടത്തിവരുന്ന താന്‍ ഇപ്പോള്‍ അക്കാര്യത്തില്‍ പശ്ചാത്തപിക്കുകയാണ്. വിശ്വാസ്യത നഷ്ടമായതാണ് മാധ്യമങ്ങളുടെ പ്രതിസന്ധി. സൗമ്യ വധക്കേസ് വിധി റിപ്പോര്‍ട്ടിങ്ങില്‍ മാത്രമല്ല, വധശിക്ഷയെ അനുകൂലിക്കുന്നുണ്ടോ എന്ന നിലപാട് എടുക്കുന്നതിലാണ് മാധ്യമങ്ങള്‍ പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക തിന്മകളെപ്പോലും മാധ്യമങ്ങള്‍ക്ക് നന്മയുടെ ഇച്ഛാശക്തിയിലൂടെ തിരുത്താന്‍ കഴിയുമെന്ന് മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മാത്രമല്ല, ഭരണകൂടത്തിനുപോലും തെറ്റു പറ്റാം. കശ്മീര്‍ പ്രശ്നത്തില്‍ ‘വിഘടനവാദികളെ അങ്ങനെ വിളിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന സുപ്രീംകോടതിയുടെ ചോദ്യം പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹുസ്വരത നിലനിര്‍ത്താന്‍ ജനാധിപത്യം ശക്തിപ്പെടുത്തണമെന്ന് മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസ് പറഞ്ഞു. കേരളീയതയെ ഉത്തരേന്ത്യവത്കരിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണ് ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും വ്യാപകമായി ആഘോഷിക്കപ്പെടുന്നതെന്ന് എന്‍.പി. രാജേന്ദ്രന്‍ പറഞ്ഞു. വാമനജയന്തിയും ഇതേ രീതിയില്‍ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തേജസ് എഡിറ്റര്‍ എന്‍.പി. ചെക്കുട്ടി, സുപ്രഭാതം എക്സിക്യൂട്ടിവ് എഡിറ്റര്‍ എ. സജീവന്‍, മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദ് എന്നിവരും സംസാരിച്ചു. ടി.കെ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സമദ് കുന്നക്കാവ് സ്വാഗതവും വി.പി. ബഷീര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.