മൊബൈല്‍ഫോണ്‍ കടയില്‍ മോഷണം: അഞ്ച് ലക്ഷവും 152 ഫോണും കവര്‍ന്നു
text_fieldsതിരുവനന്തപുരം: നഗരമധ്യത്തിലെ മൊബൈല്‍ഫോണ്‍ കടയില്‍ വന്‍ മോഷണം. പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അഞ്ചുലക്ഷം രൂപയും 152 മൊബൈല്‍ഫോണുകളും കവര്‍ന്നു. എം.ജി റോഡില്‍ എസ്.എം.വി സ്കൂളിന് സമീപത്തെ ഓപ്പോ മൊബൈല്‍ ഷോപ്പിലാണ് മോഷണം നടന്നത്. മോഷണശേഷം പുതിയ പൂട്ട് ഉപയോഗിച്ച് കടപൂട്ടുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയ ജീവനക്കാരാണ് മോഷണം പൊലീസിനെ അറിയിച്ചത്. 3,000 മുതല്‍ 25,000 രൂപവരെ വിലയുള്ള മൊബൈലുകളാണ് നഷ്ടമായത്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. അതേസമയം, കടയിലെ സി.സി.ടി.വി കാമറകളൊന്നും നശിപ്പിച്ചിട്ടില്ല.
കാമറകള്‍ ഓഫാക്കിയാണ് ജീവനക്കാര്‍ വെള്ളിയാഴ്ച കടയടച്ചത്. അകത്തും പുറത്തും ഹൈ ഡെഫനിഷന്‍ കാമറയാണ് സ്ഥാപിച്ചിരുന്നത്. ഇവ കാരണംകൂടാതെ ഓഫാക്കിയതിനുപിന്നില്‍ ദുരൂഹതയുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. സമീപകടകളിലെ സി.സി.ടി.വി കാമറകളില്‍നിന്ന് ദൃശ്യങ്ങള്‍ ലഭിക്കുമോ എന്നും പരിശോധിക്കുന്നുണ്ട്. സ്ഥലത്ത് വിരലടയാളവിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. മോഷ്ടാവിന്‍േറതെന്ന് സംശയിക്കുന്ന ചില വിരലടയാളങ്ങള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. തമ്പാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.