ജിഷയും ചന്ദ്രബോസും സൗമ്യക്ക് പിന്നാലെ?
text_fieldsകൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കെ, സൗമ്യ കേസിലെ വിധി ഇതിനും ഉണ്ടാകുമെന്ന് ആശങ്ക. പ്രതിയുടെ ഉദ്ദേശ്യം കൊലപാതകമാണെന്ന് വ്യക്തമായി തെളിയിക്കാന്‍ കഴിയാത്തിടത്തോളം, ജീവപര്യന്തത്തിന് അപ്പുറമുള്ള ശിക്ഷ ജിഷ കേസിലെ പ്രതിക്കും പ്രതീക്ഷിക്കേണ്ടതില്ളെന്ന വിലയിരുത്തലാണ് നിയമവൃത്തങ്ങളിലുള്ളത്. തൃശൂര്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതിക്ക് അത്രപോലും ശിക്ഷ പ്രതീക്ഷിക്കേണ്ടതില്ളെന്നും വിലയിരുത്തലുണ്ട്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിക്കുകയും ജനരോഷത്തിന് കാരണമാവുകയും ചെയ്തതാണ് ഈ മൂന്ന് കേസുകളും. സൗമ്യ കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വിധിച്ച വധശിക്ഷ സുപ്രീംകോടതിയിലത്തെിയപ്പോള്‍ റദ്ദാക്കുകയും ബലാത്സംഗത്തിന് ജീവപര്യന്തവും മറ്റ് കുറ്റങ്ങള്‍ക്ക് ഏഴുവര്‍ഷം തടവും വിധിക്കുകയുമായിരുന്നു. ഇത് പൊതുസമൂഹത്തില്‍ ഏറെ വിമര്‍ശത്തിന് ഇടയാക്കിയെങ്കിലും നിയമപരമായി കോടതിക്ക് മറ്റൊന്നും ചെയ്യാനാകില്ളെന്ന വിലയിരുത്തലിലാണ് എത്തിച്ചേര്‍ന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പ് അനുസരിച്ചാണ് കൊലപാതകത്തിന് ശിക്ഷ വിധിക്കുന്നത്. ഈ വകുപ്പിന് കീഴില്‍ കൊലപാതകത്തിനുള്ള നിര്‍വചനം ‘ഒരാളെ കൊല്ലണമെന്ന് ഉദ്ദേശ്യത്തോടെയും ലക്ഷ്യത്തോടെയും ആക്രമിക്കുകയും ആക്രമണത്തില്‍ ആള്‍ മരിക്കുകയും ചെയ്യണം’ എന്നാണ്.
ഈ വകുപ്പനുസരിച്ച് തെളിയിക്കപ്പെടുന്ന കുറ്റങ്ങള്‍ക്ക് പരമാവധി വധശിക്ഷവരെ ലഭിക്കാം. മറ്റെന്തെങ്കിലും ലക്ഷ്യത്തോടെ ആക്രമിക്കുകയും അതിനിടെ യാദൃച്ഛികമായി ആള്‍ മരിക്കുകയും ചെയ്താല്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 304 എ അനുസരിച്ചാണ് ശിക്ഷ വിധിക്കുക. കുറ്റത്തിന്‍െറ ഗൗരവമനുസരിച്ച് പരമാവധി ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ഗോവിന്ദച്ചാമി സൗമ്യയെ ട്രെയില്‍നിന്ന് തള്ളിയിട്ട് കല്ലുകൊണ്ട് തലക്കടിച്ചെന്ന ആരോപണം സുപ്രീംകോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ 302ാം വകുപ്പ് അനുസരിച്ചുള്ള ശിക്ഷ കോടതി നല്‍കിയുമില്ല. മാത്രമല്ല, പ്രതിയുടെ ഉദ്ദേശ്യം കൊലപാതകമാണെന്ന് ആരോപിക്കപ്പെട്ടിരുന്നുമില്ല. ജിഷ വധക്കേസിലും ഇതേ ആരോപണമാണുള്ളത്. പ്രതിയുടെ ഉദ്ദേശ്യം മാനഭംഗമായിരുന്നു. യുവതി അത് എതിര്‍ത്തപ്പോള്‍ പിടിവലിക്കിടെ കൊലപാതകം സംഭവിക്കുകയായിരുന്നു. ഇതിനും ദൃക്സാക്ഷികളില്ല. ജിഷയുടെ വീട്ടില്‍നിന്ന് പ്രതി ഇറങ്ങിപ്പോകുന്നത് കണ്ട സ്ത്രീയാണ് ഒന്നാം സാക്ഷി. മാത്രമല്ല, തെളിവുകള്‍ മുഴുവന്‍ ഒന്നിന് പിന്നാലെ ഒന്നായി ബന്ധിപ്പിച്ച് കോടതിയെ ബോധ്യപ്പെടുത്താനാവശ്യമായ മുഴുവന്‍ വിവരങ്ങളും ഇപ്പോഴും അന്വേഷണസംഘത്തിന് കിട്ടിയിട്ടുമില്ല. തൃശൂര്‍ ചന്ദ്രബോസ് വധക്കേസിലും പ്രതി മുഹമ്മദ് നിസാം ‘കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയും ലക്ഷ്യത്തോടെയും’ ആക്രമിക്കുകയായിരുന്നു’ എന്ന് തെളിയിച്ചാലേ 302ാം വകുപ്പ് ബാധകമാവുകയുമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.