Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിട പറഞ്ഞത് കർഷകരുടെ...

വിട പറഞ്ഞത് കർഷകരുടെ മിശിഹ

text_fields
bookmark_border
വിട പറഞ്ഞത് കർഷകരുടെ മിശിഹ
cancel

കേരളത്തിലെ  മലയോര കര്‍ഷകര്‍ക്കുവേണ്ടി ജീവിതം തന്നെ സമര്‍പ്പിച്ച സ്വതന്ത്ര കര്‍ഷക പ്രസ്ഥാനത്തിന്‍െറ സമരനായകനായിരുന്നു എ.സി. വര്‍ക്കി. വിളനാശവും വിലയിടിവുമായി കര്‍ഷകര്‍ ആത്മഹത്യാ മുനമ്പില്‍ ‘ക്യൂ’ നിന്ന കാലത്ത് അവര്‍ക്കുമുന്നില്‍ മിശിഹയായി,  വയനാട്ടിലെ കുടിയേറ്റ കര്‍ഷക മക്കളില്‍ നിന്നൊരാളായി, ഫാര്‍മേഴ്സ് റിലീഫ് ഫോറം നേതാവായി  വര്‍ക്കി ഉയര്‍ന്നുവന്നു. നടവയല്‍ എന്ന അങ്ങാടിയിലെ കവലയില്‍നിന്ന് കര്‍ഷകരെ ഇനി ആരും ജപ്തി ചെയ്യാന്‍ പാടില്ളെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അത് കാട്ടുതീ പോലെ പടര്‍ന്നുകയറി ധനകാര്യ സ്ഥാപനങ്ങളുടെ അകത്തളങ്ങളെ വരെ ചുട്ടുപൊള്ളിച്ചു. കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യവുമായി നിരവധി കര്‍ഷക സമരങ്ങള്‍ സംഘടിപ്പിച്ച വര്‍ക്കിയെ മലയോര കര്‍ഷര്‍ ഒരിക്കലും മറന്നില്ല.
അനാരോഗ്യവും പ്രയാസങ്ങളും  ജീവിതത്തെ കാര്‍ന്നുതിന്നപ്പോഴും സഹനതയുടെ തീപ്പന്തം പോലെ വര്‍ക്കി നിന്നുകത്തി.  ആ കുതിപ്പിന് മുന്നില്‍ പലതവണ അറസ്റ്റും ജയിലും  വഴിതടഞ്ഞപ്പോഴും കര്‍ഷക മന്ത്രം മാത്രമായിരുന്നു വര്‍ക്കിയുടെ കരുത്ത്.

കര്‍ഷകരുടെ അസംബ്ളിയും ബദല്‍ ബജറ്റും തെങ്ങുചത്തൊനുള്ള അവകാശത്തിനു വേണ്ടിയുള്ള നിയമലംഘനങ്ങളുമെല്ലാം വര്‍ക്കിയെ കേരളത്തിലെ കര്‍ഷക സമരചരിത്രത്തില്‍ വ്യത്യസ്തനാക്കി. മണ്ണില്‍ നാട്ടിയ വര്‍ക്കിയുടെ കൊടിയില്‍ കര്‍ഷകന്‍െറ മുഖമുണ്ടായിരുന്നു. വിയര്‍പ്പിന്‍െറ മണം പിടിച്ചാണ് വര്‍ക്കിയും സഹപ്രവര്‍ത്തകരും പ്രവര്‍ത്തിച്ചത്. അത് നീതിയുടെ പക്ഷം പിടിച്ചു. ആദിവാസികളുടെ അവകാശ സമരങ്ങള്‍ക്കും വര്‍ക്കി ഊര്‍ജം പകര്‍ന്നു. റിലീഫ് ഫോറം സംസ്ഥാന ചെയര്‍മാനായിരുന്നു ദീര്‍ഘകാലം വര്‍ക്കി. കര്‍ണാടക രാജ്യ റെയ്ത സംഘ പ്രസിഡന്‍റും കര്‍ഷക സമരനായകനുമായിരുന്ന നഞ്ചുണ്ട സ്വാമിയെ പോലെ വര്‍ക്കിയും അധികാരകേന്ദ്രങ്ങളെ നിരന്തരം വെല്ലുവിളിച്ചാണ് സമരമുഖങ്ങള്‍ തുറന്നത്. ഏറ്റവും നിര്‍ണായകമായ ഘട്ടങ്ങളില്‍ അവര്‍ കര്‍ഷകരുടെ മുന്നില്‍ നടന്നു.

കടവും പലിശയും തീര്‍ക്കാന്‍ പണമില്ളെന്ന് കര്‍ഷകര്‍ പറഞ്ഞപ്പോള്‍  ധാര്‍ഷ്ട്യം കാണിച്ച ബാങ്കുകളിലേക്ക് ഇഞ്ചിയും ചേനയും കപ്പയും ചാക്കില്‍ കെട്ടി ബാങ്ക് കൗണ്ടറിന് മുന്നില്‍ എത്തിച്ച വര്‍ക്കിക്ക് മുന്നില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍  മുട്ടുമടക്കുക മാത്രമല്ല പലരും ‘കര്‍ഷക ശാഖ’കളില്‍നിന്ന് സ്ഥലം മാറ്റം വാങ്ങിപ്പോവുകയും ചെയ്തു. പുറമ്പോക്കിലേക്ക് തള്ളപ്പെട്ടവരുടെ വിമോചന സ്വപ്നങ്ങളാണ് അദ്ദേഹം എന്നും പങ്കുവെച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വര്‍ക്കിയെ വയനാട്ടിലെ ജനങ്ങള്‍  വിജയിപ്പിച്ചില്ളെങ്കിലും അമ്പേ തോല്‍പിച്ചില്ല. ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 34000 വോട്ട് വര്‍ക്കിയുടെ സ്വതന്ത്ര ചിഹ്നത്തിന് ലഭിച്ചു. ബ്ളേഡ് വിരുദ്ധ സമരങ്ങളിലും വര്‍ക്കിയും സഹപ്രവര്‍ത്തകരും പുതിയ വഴികള്‍ തുറന്നു.  

1954 ഏപ്രില്‍ 23ന് ആനിക്കല്‍ ചാക്കോയുടെയും റോസയുടെയും എട്ടു മക്കളില്‍ രണ്ടാമനായാണ് വര്‍ക്കിയുടെ ജനനം. നടവയല്‍ ഹൈസ്കൂളിലാണ്  പഠനം. തയ്യല്‍ക്കാരനായും പിന്നീട് തപാല്‍ വകുപ്പില്‍ ഇ.ഡി.മെയില്‍ കരിയറായും ജോലി. കോണ്‍ഗ്രസിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തത്തെുന്നത്. 1981ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റായി. കര്‍ഷകരെ രക്ഷിക്കാന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് കഴിയില്ളെന്നായപ്പോള്‍ വര്‍ക്കി പാര്‍ട്ടി വിട്ട്  മുഴുവന്‍ സമയവും കര്‍ഷകര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. 1992 മേയ് 22നാണ് ഫാര്‍മേഴ്സ് റിലീഫ് ഫോറം രൂപവത്കരിച്ചത്. പിന്നീട് സമരപരമ്പരകളുടെ കാലമായിരുന്നു. പല സമരങ്ങളും ഫലം കണ്ടു. ചിലതൊക്കെ കര്‍ഷക സ്വപ്നങ്ങള്‍ പോലെ കരിഞ്ഞുപോയി. 1992ല്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയ വര്‍ക്കി തുടര്‍ന്നും വിശ്രമിച്ചില്ല. പകരം കൂടുതല്‍ സമയം സമരപാതകളിലൂടെ നടന്നു. അദ്ദേഹത്തെ നെഞ്ചേറ്റി നിരവധി പ്രവര്‍ത്തകരും സംഘടനകളും ആ വഴി പിന്തുടര്‍ന്നു.

വര്‍ക്കിയുടെ വിജയവും അതായിരുന്നു. കര്‍ഷര്‍ നട്ടെല്ല് വളയാതെ നില്‍ക്കാന്‍ തുടങ്ങി. നാളികേര വിലയിടിവ് കര്‍ഷകരെ തുറിച്ചുനോക്കിയപ്പോള്‍  വര്‍ക്കിയും കൂട്ടരും തെങ്ങ് ചത്തെി നീര പരസ്യമായി വിറ്റു. കോളകള്‍ തെരുവിലൊഴുക്കി. വര്‍ക്കിയയെ പിടികൂടി സര്‍ക്കാര്‍ ജയിലില്‍ അടച്ചു. അവിടെ നിരാഹാര സമരം നടത്തി വര്‍ക്കി ജ്വലിച്ചുനിന്നു. ചിങ്ങം ഒന്ന് കര്‍ഷകദിനമായി സര്‍ക്കാര്‍ ആഘോഷിപ്പോള്‍ വര്‍ക്കി ആചരിച്ചത് യാചകദിനം. ഇങ്ങനെ നിരവധി സമരമുറകള്‍ എടുത്തുപറയാനുണ്ട്.  ജനീവയില്‍ ഡബ്ള്യു.ടി.ഒ സമരവേദിക്ക് പുറത്ത് വര്‍ക്കിയുടെ ശബ്ദം ഉയര്‍ന്നു. വര്‍ക്കി അവിടെ മലയാളത്തില്‍ ഉറക്കെ സംസാരിച്ചു. കൂടെ നഞ്ചുണ്ട സ്വാമിയും ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmers relief forumac vorkey
Next Story