സ്ത്രീപീഡനം: കേരളത്തില്‍ നീതികാത്ത് എണ്ണായിരത്തോളം കേസുകള്‍
text_fieldsതിരുവനന്തപുരം: സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതിവിധി ചര്‍ച്ചയാകുന്നതിനിടെ സമാനകേസുകളില്‍ ജീവിച്ചിരിക്കുന്ന ഇരകള്‍ക്ക് നീതി വൈകുന്നതായി ആക്ഷേപം. വിവിധ കോടതികളിലായി 2008 മുതല്‍ ഇതുവരെ എണ്ണായിരത്തോളം കേസുകളാണ് നീതി കാത്തിരിക്കുന്നത്. നിര്‍ഭയ കേസുകളില്‍ 75 ശതമാനത്തിലും വിചാരണ വൈകുന്നെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യം തടയല്‍ നിയമമായ പോക്സോ ചുമത്തിയ കേസുകള്‍പോലും ഇക്കൂട്ടത്തിലുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ എറണാകുളത്തും കോഴിക്കോട്ടും തിരുവനന്തപുരത്തും പ്രത്യേക കോടതികള്‍ തുടങ്ങിയിരുന്നു. എന്നാല്‍, അതും വേണ്ടത്ര ഫലംകണ്ടില്ല. പോക്സോ അടക്കം കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ ശരിയായ തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ചയുണ്ടാകുന്നതായും റിപ്പോര്‍ട്ടുണ്ട്.
പൊലീസിന്‍െറ നിഷ്ക്രിയത്വവും ഇതിന് കാരണമാകുന്നു. മിക്ക കേസുകളിലും ഇരയോ സാക്ഷികളോ പ്രതികളുടെ സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങി കൂറുമാറുന്നതും പതിവാണ്. പൊലീസ് കണക്ക് പ്രകാരം 2016 ജൂലൈവരെ 7909 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ 2015ല്‍ 12383 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 1263 എണ്ണവും ബലാത്സംഗക്കേസുകളാണ്. ഈ വര്‍ഷം ജൂലൈവരെ പോക്സോ നിയമപ്രകാരം 1156 കേസ് എടുത്തിട്ടുണ്ട്. 2015ല്‍ 1569 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്. നാലായിരത്തോളം കേസുകളില്‍ വിചാരണ വൈകുകയാണ്.
2012 നവംബര്‍ മുതല്‍ 2015 ഡിസംബര്‍വരെയുള്ള മൂവായിരത്തിലേറെ കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്നെന്ന് ബാലാവകാശ കമീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ കേന്ദ്രസഹായത്തോടെ അതിവേഗ കോടതികള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. അതേസമയം, സ്ത്രീപീഡനക്കേസുകള്‍ നിയന്ത്രിക്കാന്‍ ഇടപെടലില്ലാത്തത് തിരിച്ചടിയാകുന്നെന്ന് മഹിള സമഖ്യ സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ പി.ഇ. ഉഷ ചൂണ്ടിക്കാട്ടി. ഇരകള്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കുന്നതിനൊപ്പം സ്ത്രീസുരക്ഷക്കായി പദ്ധതികള്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.