സ്വാശ്രയ മെഡിക്കല്‍: ഒഴിവുള്ള സര്‍ക്കാര്‍ സീറ്റുകള്‍ നികത്താൻ മെറിറ്റ് നിര്‍ബന്ധമാക്കുന്നു
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളില്‍ അവസാന അലോട്ട്മെന്‍റിന് ശേഷം ഒഴിവുവരുന്ന സീറ്റുകളിലും പ്രവേശത്തിന് ജസ്റ്റിസ് ജയിംസ് കമ്മിറ്റി നിയന്ത്രണം കൊണ്ടുവരുന്നു. സെപ്റ്റംബര്‍ 26നാണ് പ്രവേശപരീക്ഷാ കമീഷണറുടെ അവസാന അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുക. അവസാന അലോട്ട്മെന്‍റിനുശേഷം ഒഴിവുള്ള സീറ്റുകളില്‍ പ്രവേശം കോളജുകള്‍ക്ക് നടത്താമെന്നാണ് സര്‍ക്കാറുമായുള്ള കരാര്‍.
ഇത് കോളജുകള്‍ നടത്തുമ്പോള്‍ മെറിറ്റ് ഉറപ്പുവരുത്താനാണ് ജയിംസ് കമ്മിറ്റിയുടെ ശ്രമം. വന്‍ തുക വാങ്ങി പ്രവേശം നടത്താനുള്ള കോളജ് മാനേജ്മെന്‍റുകളുടെ നീക്കത്തിന് തടയിടാന്‍ ലക്ഷ്യമിട്ടാണ് ജയിംസ് കമ്മിറ്റി ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി കമ്മിറ്റിയുടെ യോഗം ഉടന്‍ ചേരും. 26ന് മുമ്പുതന്നെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.
സര്‍ക്കാര്‍ സീറ്റുകളിലേക്ക് സംസ്ഥാന പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തിലാണ് എന്‍ട്രന്‍സ് കമീഷണര്‍ അലോട്ട്മെന്‍റ് നടത്തുന്നത്. അവശേഷിക്കുന്ന സീറ്റുകളിലേക്ക് നീറ്റ് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും മാനേജ്മെന്‍റുകള്‍ പ്രവേശം നടത്തുക. ഇത് മെറിറ്റ് അടിസ്ഥാനത്തിലാണെന്ന് ഉറപ്പാക്കാനാണ് ജയിംസ് കമ്മിറ്റിയുടെ നീക്കം. മുന്‍വര്‍ഷങ്ങളില്‍ വന്‍ തുക വാങ്ങി മാനേജ്മെന്‍റുകള്‍ അവസാന സമയങ്ങളില്‍ വിറ്റിരുന്ന സീറ്റുകളിലാണ് ഇത്തവണ ജയിംസ് കമ്മിറ്റിയുടെ പിടിവീഴുന്നത്.
അതേസമയം മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ ക്വോട്ട സീറ്റുകളിലെ പ്രവേശത്തില്‍ അപേക്ഷകള്‍ കൂട്ടത്തോടെ നിരസിച്ചത് സംബന്ധിച്ചും ജയിംസ് കമ്മിറ്റി ഉത്തരവിറക്കി. മുഴുവന്‍ കോളജുകള്‍ക്കും ബാധകമായ നിര്‍ദേശങ്ങളാണ് കമ്മിറ്റി പുറപ്പെടുവിച്ചത്. കോളജുകള്‍ക്ക് ലഭിച്ച ഓരോ അപേക്ഷയുടെയും വിവരങ്ങള്‍, അപേക്ഷയിലെ പിഴവുകള്‍, പിഴവ് പരിഹരിക്കാന്‍ അവസരം നല്‍കിയതിന്‍െറ വിവരങ്ങള്‍, പിഴവ് പരിഹരിച്ചവ, യോഗ്യരായ അപേക്ഷകരുടെ പട്ടിക, നിരസിച്ച അപേക്ഷകരുടെ പട്ടിക, മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ ക്വോട്ട സീറ്റുകളില്‍ പ്രവേശയോഗ്യത നേടിയവരുടെ പട്ടിക നീറ്റ് റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയത് എന്നിവ അടിയന്തരമായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനാണ് നിര്‍ദേശം നല്‍കിയത്.
പരാതിക്കാരെയും ബന്ധപ്പെട്ട കോളജ് അധികൃതരെയും ജയിംസ് കമ്മിറ്റി വിളിപ്പിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ളെങ്കില്‍ ബന്ധപ്പെട്ട കോളജുകളിലെ പ്രവേശനടപടികള്‍ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. നിസ്സാര കാരണങ്ങള്‍ പറഞ്ഞാണ് പല കോളജുകളും അപേക്ഷ തള്ളിയിരിക്കുന്നത്. അപേക്ഷയിലെ പിഴവ് തിരുത്താന്‍ അവസരം നല്‍കണമെന്ന് ജയിംസ് കമ്മിറ്റി നേരത്തേതന്നെ നിര്‍ദേശിച്ചിരുന്നെങ്കിലും പല കോളജുകളും അവസരം നല്‍കിയില്ല. ഇതോടെയാണ് പരാതിപ്രളയമുണ്ടായത്. ശനിയാഴ്ച വരെ 521 പരാതികളാണ് ലഭിച്ചത്. ഇതില്‍ പൊതുവായ പരാതികള്‍ക്കാണ് കമ്മിറ്റി ഇതിനകം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. മറ്റുള്ളവയില്‍ 20ന് തീര്‍പ്പുകല്‍പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.