നെല്‍വയല്‍ സംരക്ഷണ ഭേദഗതി ഉള്‍പ്പെടെ പരിഗണിക്കാന്‍ എല്‍.ഡി.എഫ് സമിതി ചൊവ്വാഴ്ച
text_fieldsതിരുവനന്തപുരം: നെല്‍വയല്‍ സംരക്ഷണ നിയമ ഭേദഗതി ഉള്‍പ്പെടെ രാഷ്ട്രീയവും നയപരവുമായ തീരുമാനങ്ങള്‍ വേണ്ട വിഷയങ്ങള്‍ പരിഗണിക്കുന്നതിന് എല്‍.ഡി.എഫ് സംസ്ഥാന സമിതി ചൊവ്വാഴ്ച ചേരും. 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി എടുത്തുകളയാനാണ് സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ന്യായവിലയുടെ 25 ശതമാനം അടച്ചാല്‍ നെല്‍വയല്‍ നികത്താമെന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി. അതേസമയം 2008ന് മുമ്പ് നികത്തിയതും രേഖകളില്‍ നിലമായി തുടരുന്നതും കാരണമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഉദ്ദേശ്യമുണ്ട്.
എന്നാല്‍ എത്ര സെന്‍റ് വരെ ഭൂമിക്ക് നികത്തല്‍ ആവാമെന്നത് അടക്കമുള്ള വിഷയങ്ങളില്‍ എല്‍.ഡി.എഫ് നയപരമായ തീരുമാനം എടുക്കേണ്ടതുണ്ട്. കൂടാതെ നിയമ ഭേദഗതിയിലൂടെ മറ്റ് നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടാകുമോയെന്നതും പരിഗണിക്കണം. അതടക്കം സെപ്റ്റംബര്‍ 20ലെ എല്‍.ഡി.എഫ് പരിഗണിക്കും. മുന്നണി യോഗത്തിലെ ധാരണപ്രകാരമാവും സര്‍ക്കാര്‍ കരട് ഭേദഗതി തയാറാക്കുക. 10 ശതമാനം ബിവറേജസ് മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടുക എന്ന യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കേണ്ടെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലപാട്. ഈ വിഷയവും പരിഗണനക്ക് വന്നേക്കും.
സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധിയുടെ പ്രത്യാഘാതവും സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഭാവി തീരുമാനവും യോഗം ചര്‍ച്ച ചെയ്യും.
സുപ്രീംകോടതിയിലെ വാദത്തില്‍ വീഴ്ച വന്നിട്ടില്ളെന്നതാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ നിലപാടും ഭാവി നീക്കവും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദമാക്കും. ബോര്‍ഡ്, കോര്‍പറേഷനുകളിലെ സി.പി.എം-സി.പി.ഐ വിഭജനം കഴിഞ്ഞെങ്കിലും ബോര്‍ഡംഗത്വം ഇതര ഘടകകക്ഷികളുമായി പങ്കുവെക്കുന്നതും നേതൃത്വം പരിഗണിച്ചേക്കും.
സി.പി.എം തങ്ങള്‍ക്ക് ലഭിച്ച ബോര്‍ഡ്, കോര്‍പറേഷനുകളിലെ ചെയര്‍മാന്മാരെ പ്രഖ്യാപിച്ചുതുടങ്ങി. എല്‍.ഡി.എഫിനെ തെരഞ്ഞെടുപ്പില്‍ പിന്തുണച്ച കക്ഷികള്‍ക്ക് ഏതൊക്കെ സ്ഥാനമാനങ്ങള്‍ നല്‍കണമെന്നതിലും തീരുമാനം ആകേണ്ടതുണ്ട്. ഒപ്പം മറ്റ് സമകാലിക രാഷ്ട്രീയ വിഷയങ്ങളും പരിഗണനയില്‍ വരും. എല്‍.ഡി.എഫിന് മുന്നോടിയായി സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയും ഇന്ന് ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.