കയ്പമംഗലത്ത് വിദ്യാര്‍ഥി മരിച്ച സംഭവം: മെഡിക്കല്‍ ഷോപ്പില്‍ പരിശോധന
text_fieldsകയ്പമംഗലം: ദുരൂഹ സാഹചര്യത്തില്‍ അബോധാവസ്ഥയില്‍ കണ്ട വിദ്യാര്‍ഥി മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ പൊലീസ് നിരീക്ഷണത്തിലാണ്. മയക്കുഗുളിക കഴിച്ചതാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിന്‍െറ അടിസ്ഥാനത്തില്‍ ഗുളിക എത്തിച്ചുകൊടുത്ത വലപ്പാട് ആനവിഴുങ്ങി സ്വദേശിയും എടത്തിരുത്തി പല്ല സ്വദേശിയായ വിദ്യാര്‍ഥിയും നിരീക്ഷണത്തിലാണ്. ഇവര്‍ ഗുളിക വാങ്ങിയ എടമുട്ടത്തെ മെഡിക്കല്‍ ഷോപ്പില്‍ പൊലീസ് പരിശോധന നടത്തി.
ശനിയാഴ്ച രാത്രിയിലാണ് കയ്പമംഗലം പഞ്ചായത്ത് ഓഫിസിന് പടിഞ്ഞാറ് പൂതംകോട്ട് ബിപിന്‍ ദാസ് മയക്കുഗുളിക കഴിച്ച് മരിച്ചത്. ഒപ്പം മദ്യപിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂന്നുപേര്‍ അപകടനില തരണംചെയ്തു. ബിപിന്‍ ദാസിന്‍െറ ശരീരത്തില്‍നിന്ന് എടുത്ത സാമ്പിളുകള്‍ കാക്കനാട്ടെ സര്‍ക്കാര്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്‍െറ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണത്തിന്‍െറ ഭാഗമായി കയ്പമംഗലം, പെരിഞ്ഞനം മേഖലയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.കെ. അഷ്റഫിന്‍െറ നേതൃത്വത്തില്‍ മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി. മാനസികാസ്വാസ്ഥ്യമുള്ളവര്‍ കഴിക്കുന്ന ഗുളികകള്‍, വേദനസംഹാരി തുടങ്ങിയവയുടെ സ്റ്റോക്കുകള്‍ പരിശോധിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വരുന്നവര്‍ക്ക് മരുന്ന് നല്‍കരുതെന്നും മരുന്ന് വാങ്ങുന്നവരുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരം രജിസ്റ്ററില്‍ ചേര്‍ക്കണമെന്നും എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിര്‍ദേശം നല്‍കി. പരിശോധനക്കിടെ ചളിങ്ങാട് പ്രദേശത്തെ വീട്ടില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തു. വില്‍പനക്കാരനെ പിടികിട്ടിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.