ജീവന്‍െറ തുടിപ്പുതേടി ഊണും ഉറക്കവും ഉപേക്ഷിച്ച് അവര്‍ ആഴങ്ങളിലേക്കിറങ്ങി
text_fieldsപേരാമ്പ്ര: വനത്തില്‍ മഴ പെയ്യുന്നുണ്ട്, സമയം രാത്രി 12 പിന്നിട്ടിരിക്കുന്നു, പുഴയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ കരക്കുകയറണം... ചെമ്പനോട, പൂഴിത്തോട്, മാവട്ടം ഭാഗങ്ങളില്‍ ഇങ്ങനെ നിരന്തരം മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തിയിട്ടും നാട്ടുകാര്‍ കടന്ത്ര പുഴയില്‍നിന്ന് കയറാതെ തിരയുകയായിരുന്നു, കാണാതായ യുവാക്കളുടെ ജീവന്‍െറ തുടിപ്പിനുവേണ്ടി. പ്രദേശവാസികളെ കൂടാതെ കാണാതായവരുടെ നാട്ടിലുള്ളവരും സമീപപ്രദേശത്തുള്ളവരും ഊണും ഉറക്കവും ഉപേക്ഷിച്ച് തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.
ഞായറാഴ്ച രാത്രി 11 ഓടെ കോതോട് പാറക്കല്‍ രജീഷിന്‍െറ മൃതദേഹം സംഭവസ്ഥലത്തിന്‍െറ 200 മീറ്റര്‍ താഴെനിന്നും ലഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ആറോടെ ഇവിടുന്നുതന്നെയാണ് പറമ്പത്ത് ഷജിന്‍െറ മൃതദേഹവും ലഭിച്ചത്. മാവട്ടത്തുനിന്ന് രണ്ടര കിലോമീറ്ററോളം ദൂരത്തുള്ള കുറത്തിപ്പാറയില്‍നിന്നാണ് പാറയുള്ളപറമ്പത്ത് അക്ഷയ് രാജിന്‍െറ മൃതദേഹം കണ്ടത്തെിയത്. മൂന്നു മണിയോടെ ആറു കിലോമീറ്റര്‍ ദൂരത്തുള്ള പന്നിക്കോട്ടൂരില്‍നിന്നാണ് മേഴ്സി കോളജ് ബിരുദ വിദ്യാര്‍ഥി അശ്വന്തിന്‍െറ മൃതദേഹം ലഭിച്ചത്. കാണാതായ വിപിന്‍ രാജിനും വിഷ്ണുവിനും വേണ്ടി തിരച്ചില്‍ തുടരുകയാണ്.
മലവെള്ളപ്പാച്ചിലില്‍ ആറു യുവാക്കളെ കാണാതായതായി വിവരം ലഭിച്ചതോടെ നാനാഭാഗങ്ങളില്‍നിന്നും ജനം ഒഴുകുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസും ദുരന്തനിവാരണ സേനയുമെല്ലാം ഉണ്ടായിരുന്നെങ്കിലും തിരച്ചില്‍ നാട്ടുകാര്‍ തന്നെ ഏറ്റെടുക്കുകയായിരുന്നു. പുഴയിലെ കയങ്ങളും പാറക്കൂട്ടങ്ങളുമെല്ലാം നന്നായി അറിയുന്ന പ്രദേശവാസികള്‍ ജീവന്‍ പണയംവെച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പലര്‍ക്കും പുഴയിലെ കല്ലില്‍ തട്ടി പരിക്കേറ്റിട്ടുണ്ട്. എന്നാല്‍, ഇതൊന്നും അവര്‍ക്ക് പ്രശ്നമല്ലായിരുന്നു. മക്കള്‍ നഷ്ടപ്പെട്ട രക്ഷിതാക്കളുടെ വേദനയെക്കാളും വലുതല്ല തങ്ങളുടെ ചെറിയ പരിക്കുകളൊന്നും എന്നായിരുന്നു ഇവരുടെ നിലപാട്. പൂഴിത്തോട് ഭാഗത്തുള്ള പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് തിങ്കളാഴ്ച രാവിലെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഭക്ഷണവും നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.