സഹപാഠികളുടെ പ്രാര്‍ഥന ഫലം കണ്ടില്ല; അശ്വന്തും സുഹൃത്തുക്കള്‍ക്കൊപ്പം യാത്രയായി
text_fields
പേരാമ്പ്ര: പേരാമ്പ്ര മേഴ്സി കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം തിങ്കളാഴ്ച പൂഴിത്തോടും ചെമ്പനോടയിലും പശുക്കടവിലുമെല്ലാമായിരുന്നു. ഞായറാഴ്ച വൈകീട്ടുണ്ടായ മലവെള്ളപ്പാച്ചിലില്‍ കടന്ത്രപ്പുഴ ഒളിപ്പിച്ച ആറു പേരില്‍ ഒരാള്‍ കോളജിലെ നാലാം സെമസ്റ്റര്‍ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദ വിദ്യാര്‍ഥി അശ്വന്ത് (19) ആണ്.
പ്രിയശിഷ്യന്‍െറ ജീവനുവേണ്ടി അധ്യാപകരും കൂട്ടുകാരനുവേണ്ടി വിദ്യാര്‍ഥികളും മനമുരുകി പ്രാര്‍ഥിച്ചെങ്കിലും പുഴ അവനെ ജീവനോടെ തിരിച്ചുനല്‍കിയില്ല. തിങ്കളാഴ്ച വൈകീട്ടോടെ പന്നിക്കോട്ടൂര്‍ ഭാഗത്തുനിന്ന് അശ്വന്തിന്‍െറ മൃതദേഹം കിട്ടിയതോടെ തങ്ങളുടെ പ്രിയ സുഹൃത്ത് തിരിച്ചുവരില്ളെന്ന് അവര്‍ വേദനയോടെ തിരിച്ചറിയുകയായിരുന്നു.
പുഴ അവനെ ആറു കിലോമീറ്ററോളം ദൂരത്തേക്കാണ് ഒഴുക്കിയത്. പഠനത്തിലും പാഠ്യേതരരംഗത്തും സജീവമായിരുന്ന അശ്വന്ത് ഓണാഘോഷപരിപാടികളില്‍ പങ്കെടുത്താണ് അവസാനമായി കോളജിന്‍െറ പടിയിറങ്ങിയത്. അവധികഴിഞ്ഞ് കൂട്ടുകാരനെ കാണാമെന്നുകരുതിയ സഹപാഠികള്‍ ഞായറാഴ്ച രാത്രിയോടെ കേട്ടത് ദുരന്തവാര്‍ത്തയാണ്. പഠനവും ആഘോഷങ്ങളുമില്ലാത്ത ലോകത്തേക്ക് അശ്വന്ത് യാത്രയായെന്ന യാഥാര്‍ഥ്യം അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.
അശ്വന്തിനോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച പേരാമ്പ്ര മേഴ്സി കോളജിന് അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ജമീല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.