അമീറുൽ ഇസ്ലാമിന്‍റെ ജാമ്യാപേക്ഷ തള്ളി
text_fieldsകൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാമിന്‍റെ ജാമ്യപേക്ഷ കോടതി തള്ളി. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്. വിചാരണ വേഗം ആരംഭിക്കുമെന്ന സൂചന നല്‍കിയാണ് ജാമ്യം നിരസിച്ചത്. സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച ക്രൂര കൊലപാതകമായിരുന്നു ജിഷയുടേത്. ഇത്തരത്തിലൊരു കേസിലെ പ്രതിയെ ഈ ഘട്ടത്തില്‍ ജാമ്യത്തില്‍ വിട്ടാല്‍ വിചാരണക്ക് ലഭിക്കാത്ത അവസ്ഥയുണ്ടാവും. വീട്ടില്‍ അതിക്രമിച്ചുകടന്ന പ്രതി 38ഓളം മുറിവുകള്‍ ഏല്‍പിച്ചാണ് ജിഷയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍െറ റിപ്പോര്‍ട്ടിലുള്ളത്. വെള്ളത്തിനായി കെഞ്ചിയ ജിഷയുടെ വായിലേക്ക് ഒരു കാരുണ്യവും കാണിക്കാതെ ഇയാള്‍ മദ്യം ഒഴിച്ചുകൊടുത്തതായും റിപ്പോര്‍ട്ടിലുള്ളതായി കോടതി ചൂണ്ടിക്കാട്ടി. കേസിലെ അധിക സാക്ഷികളും പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ഏറെനാള്‍ ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് ഇയാളെ പിടികൂടാനായത്. അസമിലേക്കും പിന്നീട് കാഞ്ചീപുരത്തേക്കും രക്ഷപ്പെട്ട പ്രതിക്ക് അവിടെ ജോലി നേടാന്‍വരെ കഴിഞ്ഞു. കേരളത്തില്‍ സ്ഥിരമായ ജോലിയില്ലാത്ത പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ഇനിയും ഒളിവില്‍ പോകുമെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടവരുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
ജാമ്യാപേക്ഷ പരിഗണിക്കവെ താൻ കുറ്റം ചെയ്തില്ലെന്ന് അമീറുൽ ഇസ്ലാം പറഞ്ഞിരുന്നു. താനല്ല, സുഹൃത്ത് അനാറുൽ ഇസ്ലാം ആണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് അമീർ കോടതിയിൽ പറഞ്ഞത്. എന്നാൽ ഇപ്പോൾ ജാമ്യപേക്ഷയാണ് പരിഗണിക്കുന്നതെന്നും മറ്റു കാര്യങ്ങൾ അഭിഭാഷകർ മുഖേന ബോധിപ്പിക്കണമെന്നും കോടതി അറിയിക്കുകയായിരുന്നു. 90 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അമീറിനെ കോടതിയിൽ ഹാജരാക്കിയത്. മൂന്ന് മാസം കസ്റ്റഡിയിലുള്ള പ്രതിക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു.
അനാറുൽ ഇസ്ലാം എന്ന അമീറുലിന്‍റെ സുഹൃത്തിനെ തേടി പൊലീസ് ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നുവെങ്കിലും ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.