ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗം: കരിപ്പൂരില്‍ സുരക്ഷാ യോഗം ചേര്‍ന്നു
text_fieldsകരിപ്പൂര്‍: മൂന്ന് ദിവസങ്ങളിലായി കോഴിക്കോട്ട് നടക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ വരുന്നതുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും സുരക്ഷാക്രമീകരണങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനാണ് വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്ത യോഗം ചേര്‍ന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി 24ന് വൈകീട്ട് 4.25നാണ് കരിപ്പൂരിലത്തെുക. 25ന് രാത്രി ഒമ്പതിന് കരിപ്പൂര്‍ വഴി മടങ്ങും. പ്രധാനമന്ത്രി എത്തുന്നതിന് ഒരുദിവസം മുമ്പുതന്നെ സുരക്ഷ ചുമതല എസ്.പി.ജി ഏറ്റെടുക്കും. പ്രധാനമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് നടത്തേണ്ട സുരക്ഷാക്രമീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലത്തെുന്ന മോദി ഹെലികോപ്ടറിലായിരിക്കും കോഴിക്കോട്ടേക്ക് പോവുക. ഹെലികോപ്ടര്‍ മാര്‍ഗമല്ലാതെ റോഡിലൂടെയാണ് യാത്രയെങ്കില്‍ ആവശ്യമായ ബാരിക്കേഡുകളുടെ നിര്‍മാണം, മറ്റു വകുപ്പുകളുടെ ചുമതല എന്നിവയും യോഗം വിലയിരുത്തി. വിമാനത്താവളത്തിലും സുരക്ഷ ശക്തിപ്പെടുത്തും. സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താനായി ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ എസ്.പി.ജിയിലെ ഐ.ജി, രണ്ട് ഡി.ഐ.ജിമാര്‍ അടക്കമുള്ളവര്‍ സംബന്ധിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റ, കോഴിക്കോട് സിറ്റിപൊലീസ് കമീഷണര്‍ ഉമാബെഹ്റ, സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍, സബ് കലക്ടര്‍ ഡോ. അദീല അബ്ദുല്ല, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ.യു. അരുണ്‍, പി. അബ്ദുല്‍ റഷീദ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ജനാര്‍ദനന്‍, ഡിവൈ.എസ്.പി പി.എം. പ്രദീപ്, വിമാനത്താവള കേന്ദ്ര സുരക്ഷാസേന, റവന്യു വകുപ്പ്, ഫയര്‍ഫോഴ്സ്, വിവിധ വകുപ്പ് ഏജന്‍സികള്‍, പൊലീസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയെ കൂടാതെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരടക്കമുള്ളവര്‍ കരിപ്പൂര്‍ വഴിയാണ് എത്തുക.
കരിപ്പൂര്‍ വിമാനത്താവള വികസനം: സമരസമിതി പ്രധാനമന്ത്രിയെ കാണും
കരിപ്പൂര്‍: വിമാനത്താവളവികസനത്തിന് ഭൂമിയേറ്റെടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. കോഴിക്കോട് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തിന് എത്തുമ്പോഴാണ് ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അറിയിക്കുന്നതിനായി സമരസമിതി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുക. കോഴിക്കോട്ടത്തെുന്ന പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും സമയം പിന്നീട് അറിയിക്കുമെന്നാണ് അറിയിച്ചതെന്നും സമരസമിതി കണ്‍വീനര്‍ സി. ജാസിര്‍ പറഞ്ഞു.
റണ്‍വേ നവീകരണത്തിന്‍െറ പേരില്‍ നിര്‍ത്തിവെച്ച സര്‍വിസുകള്‍ പുനരാരംഭിക്കണമെന്നും വികസനത്തിനായി വീണ്ടും ഭൂമിയേറ്റെടുക്കുന്ന നടപടികള്‍ നിര്‍ത്തിവെക്കണമെന്നതുമടക്കമുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുക. ഇതിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനുമായി സമരസമിതിയംഗങ്ങള്‍ ചൊവാഴ്ച ചര്‍ച്ച നടത്തിയിരുന്നു. വിമാനത്താവള വികസനത്തിനായി 348 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമിയേറ്റെടുത്ത് വികസനം പൂര്‍ത്തിയായാല്‍ മാത്രമേ നിര്‍ത്തിവെച്ച സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിനുള്ള അനുമതി നല്‍കൂവെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.