ജിഷ വധക്കേസ്: കോടതിക്ക് നല്‍കിയ രഹസ്യമൊഴി പുറത്ത്
text_fieldsകൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയില്‍ ജിഷ കൊല്ലപ്പെട്ട ദിവസം രാത്രി ഏഴുമണിയോടെ അമീറുല്‍ ഇസ്ലാം പെരുമ്പാവൂര്‍ വല്ലത്തെ താമസസ്ഥലത്തുവന്ന് തന്നെ കണ്ടതായി സഹോദരന്‍ ബഹാറുല്‍ ഇസ്ലാം ആലുവ ഒന്നാം ക്ളാസ് മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി പുറത്ത്. ജിഷ വധക്കേസില്‍ സഹോദരന്‍ കുറ്റക്കാരനല്ളെന്ന് മൊഴിയില്‍ ബഹാര്‍ പറഞ്ഞിട്ടില്ല. അതേസമയം, പ്രതിയല്ളെന്ന് അമീറുല്‍ ഇസ്ലാം തന്നോട് പറഞ്ഞതായി കഴിഞ്ഞ ദിവസം ബഹാര്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു.
164ാം വകുപ്പ് പ്രകാരം ബഹാറുല്‍ ഇസ്ലാമിന്‍െറ മൊഴി രേഖപ്പെടുത്തണമെന്ന പൊലീസിന്‍െറ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കോടതി മൊഴിയെടുത്തത്. അതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നന്നായി മദ്യപിച്ച അമീറുല്‍ ഇസ്ലാം നാട്ടിലേക്ക് പോകാന്‍ പണം തേടിയത്തെിയതായിരുന്നെന്ന് ബഹാര്‍ മൊഴിയില്‍ പറയുന്നു.
ഇതുവരെ ജോലി ചെയ്ത പണമൊക്കെ എവിടെയെന്ന് ചോദിച്ചപ്പോള്‍ കഴിഞ്ഞ മൂന്നുദിവസം മറ്റൊരു സ്ഥലത്താണ് ജോലി ചെയ്തതെന്നും കൂലി കിട്ടിയില്ളെന്നുമാണ് അമീറുല്‍ പറഞ്ഞത്. 28ന് ഉച്ചവരെയാണ് പണിയുണ്ടായത്. അവിടെനിന്ന് കൂലി കിട്ടിയില്ല. കൂലി ചോദിച്ചതിന് മുതലാളി തല്ലി. ഇനിയും മുതലാളി തല്ലും. അതിനു മുമ്പ് പണം തന്നാല്‍ നാട്ടിലേക്ക് പോകാമെന്നും അമീറുല്‍ പറഞ്ഞതായി ബഹാറിന്‍െറ മൊഴിയിലുണ്ട്.
അസമിലേക്ക് പോകാന്‍ 2,000 രൂപയാണ് ആവശ്യപ്പെട്ടത്. അപ്പോള്‍ തന്‍െറ കൈയില്‍ പണമുണ്ടായിരുന്നില്ല. അസമിലുള്ള മാതാവിനെ വിളിച്ച് അമീറുല്‍ നാട്ടിലേക്ക് വരാന്‍ പണം ചോദിച്ചത്തെിയ കാര്യം പറഞ്ഞു. പെരുമ്പാവൂര്‍ വല്ലത്ത് തൊഴിലാളിയായ മാതൃസഹോദരിയുടെ മകന്‍ അശാദുല്‍ ഇസ്ലാമില്‍നിന്ന് പണം വാങ്ങിക്കൊടുക്കാന്‍ നിര്‍ദേശിച്ചു. അശാദിനെ മൊബൈലില്‍ വിളിച്ച് 2000 രൂപ നല്‍കാന്‍ മാതാവ് പറയുകയും ചെയ്തു.
തുടര്‍ന്ന് താനും അമീറുല്‍ ഇസ്ലാമും വല്ലത്തെ അശാദിന്‍െറ താമസസ്ഥലത്തത്തെി. അവന്‍ 2,000 രൂപ അമീറുല്‍ ഇസ്ലാമിന് കൊടുത്തു. അശാദിന്‍െറ മാതാവിന് നല്‍കാന്‍ ഒരു മൊബൈല്‍ ഫോണും കൊടുത്തു. തുടര്‍ന്ന് അമീറുല്‍ ഇസ്ലാം ഓട്ടോയില്‍ വട്ടോളിപ്പടിയിലേക്ക് പോയി. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ തങ്ങളെ വിളിക്കണമെന്നു പറഞ്ഞ് തന്‍െറയും അശാദിന്‍െറയും ഫോണ്‍ നമ്പറും കൊടുത്തിരുന്നു. ട്രെയിനില്‍ കയറിയെന്നു പറഞ്ഞ് വിളിച്ചു. പിന്നീട് അസമിലെ ഗ്രാമത്തിലത്തെിയെന്നും വിളിച്ചു പറഞ്ഞിരുന്നു -ബഹാറിന്‍െറ മൊഴിയില്‍ വ്യക്തമാക്കുന്നു.
അമീറുല്‍ ഇസ്ലാമിന്‍െറ പഴ്സില്‍നിന്ന് ബഹാര്‍ നല്‍കിയ ഫോണ്‍ നമ്പറുകളും അസമിലേക്ക് പോയതിന്‍െറ ട്രെയിന്‍ ടിക്കറ്റും പൊലീസ് കണ്ടെടുത്തിരുന്നു. ജൂണ്‍16നാണ് അമീറുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്. ജൂലൈ 13നാണ് ബഹാറുല്‍ ഇസ്ലാമിന്‍െറ രഹസ്യ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയത്. കേസില്‍ ബഹാര്‍ സാക്ഷിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.