വർധിപ്പിച്ച സ്വാശ്രയ ഫീസ് ജയിംസ് കമ്മിറ്റി വെട്ടിക്കുറക്കണം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: കുത്തനെ വര്‍ധിപ്പിച്ച സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ ഫീസുകള്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റി പ്രത്യേക അധികാരം ഉപയോഗിച്ച് വെട്ടിക്കുറക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ വസ്തുതകള്‍ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് കഴിഞ്ഞ വര്‍ഷത്തെ ഫീസ് വര്‍ധന ന്യായീകരിക്കാമെന്ന് കണ്ട് ജയിംസ് കമ്മിറ്റി അംഗീകരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ ഭൗതിക സാഹചര്യങ്ങള്‍ക്ക് മാറ്റമൊന്നും വന്നിട്ടില്ല. എന്നിട്ടും 35.14% ഫീസ് ആണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇത് ഒരു തരത്തിലും നീതീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
മാനേജ്‌മെന്റ് സീറ്റില്‍ ഫീസ് 8.5 ലക്ഷത്തില്‍ നിന്ന് 11 ലക്ഷമായാണ് ഉയര്‍ത്തിയത്. എന്‍.ആര്‍.ഐ സീറ്റില്‍ ഫീസ് 12 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായും ഉയര്‍ത്തി. ഇതിനൊക്കെ പുറമെ മെരിറ്റ് സീറ്റിനെപ്പോലും വെറുതെ വിട്ടില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. 30% മെരിറ്റ് സീറ്റിലും 1,85,000 രൂപയില്‍ നിന്ന് 2.5 ലക്ഷമായാണ് ഫീസ് വർധിപ്പിച്ചത്. നീറ്റ് ലിസ്റ്റ് അടിസ്ഥാനത്തില്‍ പ്രവേശം നല്‍കുമ്പോള്‍ തലവരി പണം വാങ്ങാനാവില്ല എന്നതാണ് ഫീസ് വർധിപ്പിച്ചതിന് കാരണം പറയുന്നതെങ്കില്‍ മാനേജ്‌മെന്റ് സീറ്റുകള്‍ക്കല്ലേ കൂട്ടേണ്ടതുണ്ടായിരുന്നുള്ളൂ. മെരിറ്റ് സീറ്റുകളില്‍ എന്തിന് ഫീസ് കൂട്ടിയെന്നും ചെന്നിത്തല ചോദിച്ചു.
മെരിറ്റ് സീറ്റുകാരെയും കൊള്ളയടിക്കാന്‍ മനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാര്‍ സൗകര്യം ചെയ്തു കൊടുക്കുകയാണ്. തലവരിപ്പണം വാങ്ങാന്‍ കഴിയാത്തതിലെ നഷ്ടം നികത്താനാണ് ഫീസ് വർധിപ്പിച്ചത് എന്നത് തന്നെ നിയമവിരുദ്ധമാണ്. അത് മാത്രമല്ല, ഇപ്പോള്‍ കൂടുതല്‍ തലവരിയും കൊടുക്കണം. കൂടുതല്‍ ഫീസും കൊടുക്കണമെന്ന ദുരവസ്ഥയാണ്. ഈ തീവെട്ടിക്കൊള്ളക്ക് ജയിംസ് കമ്മിറ്റി കൂട്ടുനില്‍ക്കരുത്. കമ്മിറ്റി മുന്‍പാകെ കിട്ടിയ പരാതികളുടെ അടിസ്ഥാനത്തില്‍ ഇത്തവണ വർധിപ്പിച്ച ഫീസ് വെട്ടിക്കുറക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.