ഗുരുവിനെ വിലക്കെടുക്കാന്‍ ഒരുവിഭാഗം ശ്രമിക്കുന്നു –മന്ത്രി സുനില്‍കുമാര്‍
text_fieldsതിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ വിലക്കെടുക്കാനാണ് ഒരുവിഭാഗം ശ്രമിക്കുന്നതെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. 89ാമത് ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണ സമ്മേളനം ചെമ്പഴന്തി ഗുരുകുലത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവിന്‍െറ പേരില്‍ സ്ഥാപനങ്ങളും യൂനിവേഴ്സിറ്റികളും ട്രെയിനുകളും ആരംഭിച്ച് ഗുരുഭക്തരെ സന്തോഷിപ്പിക്കാണ് ശ്രമം. ഗുരുവിനെ ഹിന്ദുസന്യാസിയായി ചിത്രീകരിക്കുന്നതിന് പിന്നിലും ഇത്തരം അജണ്ടകളാണ്. ഗുരുവിനെ ഹിന്ദു സന്യാസി ആക്കുന്നവര്‍ തന്നെയാണ് ഓണം വാമനജയന്തിയായി ആഘോഷിക്കണമെന്ന് വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എസ്.എന്‍.ഡി.പി യോഗം അതിന്‍െറ എല്ലാ നന്മകളില്‍നിന്നും അകന്നുപൊയ്ക്കൊണ്ടിരിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗുരു എന്ത് ചെയ്യരുതെന്ന് പറഞ്ഞോ അത് നിരന്തരം ചെയ്യുന്നവരായി അദ്ദേഹത്തിന്‍െറ ശിഷ്യഗണങ്ങളില്‍ ഒരുവിഭാഗം മാറിയിരിക്കുന്നു. അദ്ദേഹത്തെ ഹിന്ദുസന്യാസിയായി മാത്രം ഒതുക്കുന്നത് ഗുരുചിന്തകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍, എ.കെ.പി.സി.ടി.എ ജനറല്‍ സെക്രട്ടറി ഡോ. കെ.എല്‍. വിവേകാനന്ദന്‍, കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി. ചന്ദ്രമോഹന്‍, മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഷാജി പ്രഭാകരന്‍, കൗണ്‍സിലര്‍ കെ.എസ്. ഷീല, ഡോ.എം.ആര്‍. യശോധരന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും രാജേഷ് ചെമ്പഴന്തി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.