മെഡിക്കല്‍ പ്രവേശം: മൂന്നാം അലോട്ട്മെന്‍റ് നീളുന്നു
text_fieldsകൊച്ചി: അധികൃതരുടെ അടിയന്തര ഇടപെടലില്ളെങ്കില്‍ സര്‍ക്കാര്‍, സ്വാശ്രയ കോളജുകളില്‍ പ്രവേശം നേടിയ നീറ്റ് പ്രവേശപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക് മൂന്നാംഘട്ട മെഡിക്കല്‍ അലോട്ട്മെന്‍റിനുള്ള അവസരം നഷ്ടപ്പെടും. പ്രവേശം നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് മടക്കിനല്‍കാന്‍ നിശ്ചയിച്ച തീയതിയിക്കകം മൂന്നാം അലോട്ട്മെന്‍റ് നടക്കാത്തതാണ് വിദ്യാര്‍ഥികളെ വെട്ടിലാക്കിയത്. മൂന്നാം അലോട്ട്മെന്‍റ് നടക്കുന്നത് സംബന്ധിച്ച മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനം വന്നിട്ടില്ല. സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുനല്‍കാനുള്ള അവസാന തീയതി വ്യാഴാഴ്ച അവസാനിച്ചു. ഇതാണ് സ്വാശ്രയ കോളജുകളില്‍ പ്രവേശം ലഭിച്ചെങ്കിലും നീറ്റ് അടിസ്ഥാനത്തില്‍ മെറിറ്റ് സീറ്റില്‍ പ്രവേശം മോഹിച്ചിരുന്നവര്‍ക്ക്് തിരിച്ചടിയായത്.
നീറ്റ് പട്ടികയില്‍നിന്ന് പ്രവേശം നടത്തണമെന്ന ഉത്തരവ് സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായെങ്കിലും ഈ അധ്യയന വര്‍ഷം സംസ്ഥാന പ്രവേശപരീക്ഷാ കമീഷണര്‍ നടത്തിയ പരീക്ഷയുടെ റാങ്ക് പട്ടികയില്‍നിന്ന് 50 ശതമാനം സീറ്റില്‍ പ്രവേശം നടത്താന്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മാനേജ്മെന്‍റ് സീറ്റിലേക്കാണ് നീറ്റില്‍നിന്നുള്ളവര്‍ക്ക് ഏറെയും പ്രവേശം ലഭിച്ചത്. ആദ്യ രണ്ടുഘട്ടങ്ങളില്‍ നടന്ന അലോട്ട്മെന്‍റില്‍ നീറ്റ് പട്ടികയില്‍ ഉള്‍പ്പെട്ട 5800 റാങ്ക് വരെയുള്ളവര്‍ക്ക് പ്രവേശം ലഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ പ്രവേശനടപടി പൂര്‍ത്തിയാക്കണമെന്നാണ് കോടതി ഉത്തരവുള്ളത്. ഇതിനിടെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ പിഴയില്ലാതെയും അടച്ച തുക നഷ്ടപ്പെടാതെയും മടക്കിവാങ്ങാനുള്ള അവസാന ദിവസമായി സെപ്റ്റംബര്‍ 22 നിശ്ചയിച്ചത്.
ഇതിനുശേഷം സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും മറ്റ് രേഖകളും മടക്കിനല്‍കണമെങ്കില്‍ എം.ബി.ബി.എസ് സീറ്റിന് പത്ത് ലക്ഷവും ബി.ഡി.എസിന് ആനുപാതികമായും നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ. സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലുള്ള 15 ശതമാനം സീറ്റുകളിലേക്ക് നീറ്റ് പരീക്ഷയിലെ റാങ്ക് പട്ടികയില്‍നിന്നുള്ളവരെ പ്രവേശിപ്പിക്കണമെന്ന കേരള ഹൈകോടതി ഉത്തരവ് സുപ്രീംകോടതിയും ശരിവെച്ചിരുന്നു. ഈ ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് മൂന്നാംഘട്ട അലോട്ട്മെന്‍റില്‍ നീറ്റിലെ ഉയര്‍ന്ന റാങ്കുകാര്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നത്. അലോട്ട്മെന്‍റ് തീയതി സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനം വെള്ളിയാഴ്ച ഉണ്ടാകുമെന്നാണ് കരുതുന്നത്.
സ്വാശ്രയ കോളജുകളില്‍ പ്രവേശം നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ മടക്കിനല്‍കുന്നതിന് നഷ്ടപരിഹാരം ഈടാക്കാതിരിക്കാനുള്ള നിര്‍ദേശം ഭരണതലത്തില്‍ ഉണ്ടായാലെ അലോട്ട്മെന്‍റില്‍ പങ്കെടുക്കാന്‍ സാധിക്കൂ. നീറ്റ് പട്ടികയില്‍നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം പ്രവേശം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം വാങ്ങാതെ സര്‍ട്ടിഫിക്കറ്റുകള്‍ മടക്കിനല്‍കാനുള്ള ഉത്തരവ് 2015 ആഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. അലോട്ട്മെന്‍റ് സമയത്ത് മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട മറ്റ് രേഖകളും ഹാജരാക്കേണ്ടതുണ്ട്. നീറ്റ് റാങ്ക് പട്ടികയില്‍നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ അലോട്ട്മെന്‍റ് ലഭിക്കുന്നവര്‍ക്ക് 8000 മുതല്‍ 25000 രൂപ വരെ മാത്രമാണ് വാര്‍ഷിക ഫീസിനത്തില്‍ വേണ്ടിവരുക. മൂന്നാംഘട്ട അലോട്ട്മെന്‍റ് വൈകുന്നതിലൂടെ സംസ്ഥാനത്ത് നൂറോളം വിദ്യാര്‍ഥിളുടെ അവസരമാണ് ഇല്ലാതാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.