ബി.ജെ.പി സമ്മേളനത്തിന് പ്രൗഢ തുടക്കം
text_fieldsകോഴിക്കോട്: ഭാരതീയ ജനതാ പാര്‍ട്ടിയുടെ ത്രിദിന ദേശീയ സമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കം. കേരളത്തില്‍ ആദ്യമായി നടക്കുന്ന ദേശീയ കൗണ്‍സിലിന് തുടക്കംകുറിച്ച് കോഴിക്കോട് കടവ് റിസോര്‍ട്ടിലെ ടി.എന്‍. ഭരതന്‍ നഗറില്‍ വെള്ളിയാഴ്ച രാവിലെ പ്രസിഡന്‍റ് അമിത് ഷാ ഭദ്രദീപം കൊളുത്തി.
തുടര്‍ന്ന് അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗം കൗണ്‍സിലിന്‍െറ അജണ്ട തയാറാക്കി. ഉച്ച കഴിഞ്ഞ് ദേശീയ ഭാരവാഹികള്‍, സംസ്ഥാന പ്രസിഡന്‍റുമാര്‍, സംഘടനാ ചുമതല വഹിക്കുന്ന സെക്രട്ടറിമാര്‍, സംസ്ഥാന ചുമതലയുള്ള പ്രഭാരിമാര്‍ എന്നിവരുടെ സംയുക്ത യോഗം പാര്‍ട്ടി സ്ഥിതിഗതി അവലോകനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹി യോഗം ശനിയാഴ്ച രാവിലെയും തുടരും. പാക് ഭീകരതയെക്കാള്‍ സമ്മേളനത്തിന്‍െറ ഊന്നല്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനാണെന്നു പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിര്‍ത്തി പ്രശ്നങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യും. നയതന്ത്ര തലത്തില്‍ നീക്കം നടത്തിക്കഴിഞ്ഞു. ദേശീയ കൗണ്‍സില്‍ പ്രാധാന്യം നല്‍കുക രാജ്യ പുരോഗതിക്കാണെന്ന് അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് കടപ്പുറത്തു നടക്കുന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഞായറാഴ്ച സ്വപ്നനഗരിയില്‍ നടക്കുന്ന ദേശീയ കൗണ്‍സിലില്‍ 1700 പ്രതിനിധികള്‍ പങ്കെടുക്കും. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ അടക്കം 50ഓളം മന്ത്രിമാര്‍, പത്തു സംസ്ഥാന മുഖ്യമന്ത്രിമാര്‍, മൂന്നു ഉപ മുഖ്യമന്ത്രിമാര്‍, പാര്‍ലമെന്‍ററി ബോര്‍ഡ് അംഗങ്ങള്‍, 260ലേറെ എം.പിമാര്‍, സംസ്ഥാന പ്രസിഡന്‍റുമാര്‍, സംസ്ഥാനങ്ങളിലെ സംഘടനാ സെക്രട്ടറിമാര്‍ എന്നിവര്‍ ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കും. കൗണ്‍സിലിന്‍െറ സമാപന ചടങ്ങില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി വാര്‍ഷികം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.