സ്വാശ്രയപ്രശ്നം കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം
text_fieldsതിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തില്‍ പരിഹാരമാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗത്തിലും ലാത്തിയടിയിലും പത്തോളം പ്രവര്‍ത്തകര്‍ക്കും മൂന്നു പൊലീസുകാര്‍ക്കും പരിക്കേറ്റു. പ്രതിഷേധം മണിക്കൂറുകള്‍ നീണ്ടതോടെ എം.ജി റോഡില്‍ ഗതാഗതം താറുമാറായി. ഉച്ചക്ക് ഒരുമണിയോടെ സെക്രട്ടേറിയറ്റ് സമരകവാടത്തിലത്തെിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റി അകത്തുകടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ചിതറിയോടിയ പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലും ചെരിപ്പുകളും വലിച്ചെറിഞ്ഞു. ഇതോടെ പൊലീസ് ലാത്തിവീശി. ഇതില്‍ മൂന്നു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി പൊലീസിനുനേരെ പാഞ്ഞു. ഇതിനിടെ ചിലര്‍ ജലപീരങ്കിക്കുമുകളില്‍ കയറാന്‍ ശ്രമിച്ചതോടെ പ്രശ്നം വഷളായി.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ കല്ളേറ് രൂക്ഷമായി. എം.ജി റോഡിന് നടുക്കായി നിലകൊണ്ട പ്രവര്‍ത്തകര്‍ പൊലീസ് പിന്മാറണമെന്ന ആവശ്യവുമായി നടുറോഡില്‍ കുത്തിയിരുന്നു. ഇതിനിടെ ചിലര്‍ ജനറല്‍ ആശുപത്രി റോഡില്‍നിന്ന് കല്ളേറ് തുടര്‍ന്നതോടെ പൊലീസ് നാലു റൗണ്ട് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ചിതറിയോടുന്നതിനിടെ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് വീണുപരിക്കേറ്റു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍നിന്ന് സമരക്കാര്‍ രംഗത്തിറങ്ങി. ചിലര്‍ റോഡിലേക്ക് കസേരകള്‍ വലിച്ചെറിഞ്ഞു. സമീപത്തെ സമരപ്പന്തലിലുണ്ടായിരുന്ന എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി റോഡിലിറങ്ങിയെങ്കിലും നേതാക്കള്‍ രംഗം ശാന്തമാക്കി. 10 മിനിറ്റോളം വൈകി പൊലീസ് ആംബുലന്‍സ് എത്തിച്ച് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.