മാണി അധികാരപരിധി ലംഘിച്ച് നികുതിയിളവ് നല്‍കിയതിന് തെളിവുണ്ടെന്ന് വിജിലന്‍സ് ഹൈകോടതിയില്‍
text_fieldsകൊച്ചി: ധനമന്ത്രിയായിരിക്കെ കോഴിക്കും ആയുര്‍വേദ ഉല്‍പന്നങ്ങള്‍ക്കും നികുതി ഇളവ് നല്‍കാന്‍ കെ.എം. മാണി ഇടപെട്ടതിന് തെളിവുണ്ടെന്ന് വിജിലന്‍സ് ഹൈകോടതിയില്‍. കോഴി ഫാം കമ്പനിയുടെ നികുതി കുടിശ്ശികയായ 65 കോടി ഒഴിവാക്കിക്കൊടുക്കാനും ആയുര്‍വേദ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളുടെ നികുതി 12.5 ശതമാനത്തില്‍നിന്നും നാല് ശതമാനമായി കുറക്കാനും മന്ത്രിയെന്ന നിലയില്‍ ഇടപെട്ടതായാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന് കീഴിലെ കോഴി ഫാം ഉടമകളുടെ നികുതി വെട്ടിപ്പു കണ്ടത്തെിയ വാണിജ്യ നികുതി വകുപ്പ് 65 കോടി രൂപ പിഴയൊടുക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ ഫാം ഉടമകള്‍ നല്‍കിയ നിവേദനത്തത്തെുടര്‍ന്ന് നികുതി കുടിശ്ശിക പിരിക്കാനുള്ള നടപടി സ്റ്റേ ചെയ്യാന്‍ മാണി ഉത്തരവിട്ടു.
2013 ജനുവരി 20ന് മുമ്പ് 1.2 കോടി രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥയും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, അധികാരപരിധി ലംഘനമാണ് ഈ നടപടിയിലൂടെ മാണി നടത്തിയതെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി ഫിറോസ്. എം. ഷെഫീഖ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
2012 മേയ് 29 ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് റവന്യൂ റിക്കവറി നടപടികള്‍ സ്റ്റേ ചെയ്യാന്‍ ധനമന്ത്രിക്ക് അധികാരമില്ല. ഇത് മറച്ചുവെച്ചാണ് കെ.എം. മാണി സ്റ്റേ അനുവദിച്ചത്.
അഞ്ച് ലക്ഷത്തിനു മുകളിലുള്ള തുക ഉള്‍പ്പെട്ട റവന്യൂ റിക്കവറി സ്റ്റേ ചെയ്യാന്‍ മുഖ്യമന്ത്രിക്കാണ് അധികാരം. അതിനാല്‍ മാണിയുടെ ഇടപെടല്‍ നിയമവിരുദ്ധമാണ്. ഇതിന് തെളിവായി കെ.എം. മാണിയുടെ ഉത്തരവിന്‍െറ പകര്‍പ്പും സമര്‍പ്പിച്ചിട്ടുണ്ട്. സ്റ്റേ അനുവദിക്കാനുള്ള വ്യവസ്ഥയായി പറഞ്ഞിരുന്ന 1.2 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുകുന്ദപുരം തഹസില്‍ദാര്‍ 2013 ജനുവരി 20ന് ഫാം ഉടമകളില്‍നിന്ന് കൈപ്പറ്റിയെങ്കിലും ബാങ്കില്‍ സമര്‍പ്പിച്ചില്ല. പിന്നീട് സ്റ്റേ ഉത്തരവ് ലഭിച്ചതോടെ ഡി.ഡി തിരികെ നല്‍കുകയും ചെയ്തു. ഈ കുറ്റത്തിന് തഹസില്‍ദാര്‍ക്കെതിരെ അന്വേഷണം നടത്തി ശിക്ഷാനടപടി സ്വീകരിച്ചു. ഈ കേസില്‍ ഫാം ഉടമകള്‍ക്ക് അപ്പീലില്‍ അനുകൂലമായ തീരുമാനമുണ്ടാക്കാന്‍ രണ്ട് ഡെപ്യൂട്ടി കമീഷണര്‍മാരെ സ്ഥലം മാറ്റിയതിനും തെളിവുണ്ട്.
ആയുര്‍വേദ ഉല്‍പന്നങ്ങളുടെ നികുതി കുറക്കാന്‍ മാണി അനാവശ്യ താല്‍പര്യം കാട്ടിയതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി സത്യവാങ്മൂലത്തില്‍ പറയുന്നു. ഇളവിന് മുന്‍കാല പ്രാബല്യം നല്‍കിയതും അധികാര പരിധി ലംഘനമാണ്. 2009 മുതല്‍ 2012 വരെ ഉപഭോക്താക്കളില്‍നിന്ന് 12.5 ശതമാനം നികുതിയുള്‍പ്പെടെ ഈടാക്കിയ ആയുര്‍വേദ ഉല്‍പന്നങ്ങളുടെ നിര്‍മാതാക്കള്‍ക്കാണ് മുന്‍കാല പ്രാബല്യത്തോടെ നികുതി ഇളവു നല്‍കിയത്. പൊതുഖജനാവിന് മുതല്‍ക്കൂട്ടാകേണ്ട പണമാണ് ഇതിലൂടെ നഷ്ടമായതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം. മാണി നല്‍കിയ ഹരജിയിലാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.