ഡോഗ് സ്ക്വാഡിലേക്ക് നായ്ക്കളെ കിട്ടാനില്ല, പരക്കംപാഞ്ഞ് പൊലീസ്
text_fieldsകാസര്‍കോട്: സംസ്ഥാനത്ത് പൊലീസിലെ ശ്വാനവിഭാഗത്തെ ശക്തിപ്പെടുത്താന്‍ ഡി.ജി.പി ലോകനാഥ് ബെഹ്റ ഇറക്കിയ ഉത്തരവ് നടപ്പാക്കാന്‍ സേന പരക്കംപായുന്നു. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പാടുപെടുമ്പോഴാണ് ‘കുലീനത്വ’മുള്ള പട്ടികളെ അന്വേഷിച്ച് പൊലീസ് വലയുന്നത്. 90നും നൂറിനും ഇടയിലാണ് സംസ്ഥാനത്തെ ഡോഗ് സ്ക്വാഡില്‍ നായ്ക്കളുടെ എണ്ണം. ബെഹ്റയുടെ പുതിയ ഉത്തരവ് നടപ്പാക്കണമെങ്കില്‍ 35 നായ്ക്കള്‍ വേണം.
തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ സിറ്റി പൊലീസിലും സബ്ഡിവിഷന്‍ തലങ്ങളിലുമാണ് പുതുതായി ശ്വാനവിഭാഗത്തെ നിയോഗിക്കുന്നത്. ഇതിന്‍െറ ഉത്തരവ് കഴിഞ്ഞമാസം ഇറങ്ങിയിരുന്നു. ശ്വാനവര്‍ഗത്തിന്‍െറ ആധികാരികകേന്ദ്രമായ കെന്നല്‍ ക്ളബ് ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റുള്ള നായ് വളര്‍ത്തുകാരില്‍നിന്നാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ അതത് ജില്ലാ പൊലീസ് മേധാവികളെ അറിയിക്കണം. എന്നാല്‍, വടക്കന്‍ജില്ലകളില്‍ പ്രതികരണം കുറവാണ്. മറ്റു ജില്ലയില്‍ പൊലീസിന് നായ്ക്കളെ നല്‍കാന്‍ ബ്രീഡര്‍മാര്‍ക്ക് മടിയുമാണ്.
ഒരു പട്ടിക്ക് 15,000 രൂപയാണ് പൊലീസ് നല്‍കുന്നത്. ബ്രീഡര്‍മാര്‍ക്കാണെങ്കില്‍ 40,000വരെ വിലയിട്ട് പേശാം. പൊലീസില്‍ എടുക്കുന്ന നായ്ക്കള്‍ക്ക് ചില ചട്ടങ്ങളുണ്ട്. ആറുമാസം മാത്രമേ പ്രായമാകാന്‍ പാടുള്ളൂ. 10 തലമുറകളിലെ ഇവയുടെ മാതാപിതാക്കളുടെ പാരമ്പര്യഗുണം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് വേണം. സ്വഭാവം, രോഗം, ശരീരപ്രകൃതി എന്നിവ പരിശോധിക്കണം. രക്തപരിശോധന, എക്സ്റേ, സ്കാനിങ് എന്നിവ നടത്തി പൊലീസ് വെറ്ററിനറി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ചാല്‍ മാത്രമേ സ്ക്വാഡിലേക്ക് എടുക്കുകയുള്ളൂ. ഇതെല്ലാം ബ്രീഡര്‍മാര്‍ ചെയ്യണം. ഇങ്ങനെ ചെയ്യേണ്ടിവരുന്നതിനാലാണ് പൊലീസിന് നായ്ക്കളെ നല്‍കാന്‍ ബ്രീഡര്‍മാര്‍ മടിക്കുന്നത്. അവസാനഘട്ടത്തില്‍ മെഡിക്കല്‍ ബോര്‍ഡ് തള്ളിയാല്‍ അതുവരെ ചെലവായ പണം ബ്രീഡര്‍മാര്‍ക്ക് നഷ്ടമാകും.
നായ്ക്കളെ കിട്ടാത്തതുകൊണ്ട് പൊലീസുതന്നെ ഇതൊക്കെ ചെയ്യാന്‍ തുടങ്ങി. കാസര്‍കോട് സ്ക്വാഡ് എറണാകുളത്ത് നായക്കുവേണ്ടി കറങ്ങുകയാണ്. ആദ്യം കോഴിക്കോട് ബുക് ചെയ്ത ഒന്ന് ചത്തു. സീസണ്‍ നല്ലതല്ളെന്നാണ് ഡോഗ് സ്ക്വാഡ് അധികൃതര്‍ പറയുന്നത്. കന്നിമാസം നായ്ക്കളുടെ പ്രജനന കാലമാണ്. ചെറുപ്പത്തിലേ പിടികൂടിയാല്‍ മാത്രമേ പരിശീലനം നല്‍കാന്‍ കഴിയൂ. ഉയര്‍ന്ന റാങ്കിലത്തെി സല്യൂട്ട് സ്വീകരിക്കാനുള്ളവയാണ് ഇവ.
സംസ്ഥാന പൊലീസില്‍ ശ്വാനവിഭാഗത്തെ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് ഡോഗ് സ്ക്വാഡില്‍ 50 ശതമാനം വര്‍ധന വരുത്താന്‍ തീരുമാനിച്ചത്. രാത്രികാല പട്രോളിങ്ങിന് വിദേശമാതൃകയില്‍ ശ്വാനപരിശോധന നടത്താനാണ് തീരുമാനം. ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന ക്രിമിനലുകളെ കണ്ടത്തൊനാണ് ഈ പരിഷ്കാരമെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.