ഒത്തുകളിക്ക് ന്യായീകരണമായി സര്‍ക്കാര്‍ കോടതിവിധിയെ ഉപയോഗിക്കരുത് –എസ്.ഐ.ഒ
text_fieldsകോഴിക്കോട്: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അന്യായമായ ഒത്തുകളിയെ ന്യായീകരിക്കാന്‍ സുപ്രീംകോടതി വിധി തെറ്റായി പ്രചരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള പ്രസ്താവനയില്‍ പറഞ്ഞു. നീറ്റ് അടിസ്ഥാനത്തില്‍ പ്രവേശം നടത്താനുളള സുപ്രീംകോടതി വിധി നിലനില്‍ക്കെ 50 ശതമാനം പ്രവേശം നടത്താന്‍ സംസ്ഥാന എന്‍ട്രന്‍സ് നടത്തിയ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇതിനെ സര്‍ക്കാറും മാനേജ്മെന്‍റുകളും സാമ്പത്തിക ലാഭം കൊയ്യാനുളള അവസരമായാണ് കാണുന്നത്. 35 ശതമാനം മെറിറ്റ് സീറ്റിലും 25 ശതമാനം എന്‍.ആര്‍.ഐ സീറ്റിലും അന്യായ ഫീസ് വര്‍ധനവ് നടത്തിയാണ് സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ പേര് പറഞ്ഞ് 250ല്‍ അധികം സര്‍ക്കാര്‍ സീറ്റുകള്‍ നഷ്ടപ്പെടുത്തിയ ശേഷം 300ല്‍ അധികം സ്വാശ്രയ സീറ്റുകള്‍ വര്‍ധിപ്പിച്ചതിന്‍െറ ന്യായീകരണം എന്താണ് എന്ന് പിണറായി സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് ഫീസ് വര്‍ധനവിന് സ്വതന്ത്രാധികാരം നല്‍കിക്കൊണ്ടുളള ഹൈകോടതി വിധിയില്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവം പ്രതിഷേധാര്‍ഹമാണ്. എന്നാല്‍, അനിയന്ത്രിത ഫീസ് വര്‍ധനവിന് സഹായകരമാകുന്ന തരത്തില്‍ ക്രിസ്ത്യന്‍ മാനേജുമെന്‍റുകള്‍ക്ക് മുന്‍കൂര്‍ കരാറുണ്ടാക്കി സൗകര്യം ചെയ്തു നല്‍കിയ ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോള്‍ പ്രതിപക്ഷസമരം നയിക്കാന്‍ ധാര്‍മികമായി അവകാശമില്ല. മുന്‍കാലങ്ങളില്‍ ഫീസ് വര്‍ധനവിനെതിരെ സമരം നടത്തിയെന്ന് അവകാശവാദമുന്നയിക്കുന്ന ഇടതു വിദ്യാര്‍ഥി സംഘടനകളുടെ മൗനം വിദ്യാര്‍ഥി സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.
സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷംസീര്‍ ഇബ്രാഹീം, സെക്രട്ടറിമാരായ ഷിയാസ് പെരുമാതുറ, പി.പി. ജുമൈല്‍, തൗഫീഖ് മമ്പാട്, ഷബീര്‍ കൊടുവളളി, എ. ആദില്‍, ഇ.എം. അംജദ് അലി, ടി.സി. സജീര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.