കുസാറ്റില്‍ റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യാ ശ്രമം: നാല് പേര്‍ക്കെതിരെ കേസ്
text_fieldsകളമശ്ശേരി: കൊച്ചി സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി റാഗിങ്ങിനെ തുടര്‍ന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കളമശ്ശേരി പൊലീസ് കേസെടുത്തു. കുസാറ്റ് ബി.ടെക് സീനിയര്‍ വിദ്യാര്‍ഥികളായ സജാദ്, മൗസിന്‍, ദിനോജ്, അമല്‍ രാജ് എന്നിവര്‍ക്കെതിരെയാണ് കേസ്. ആത്മഹത്യക്ക് ശ്രമിച്ച കുസാറ്റ് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി കോഴിക്കോട് കുറ്റ്യാടി സ്വദേശി മുഹമ്മദ് ഷെറിനി (19) ന്‍െറ മൊഴിയുടെ അടിസ്ഥാനത്തിലാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വകലാശാല സ്കൂള്‍ ഓഫ് എന്‍ജിനീയറിങിലെ അധ്യാപകരായ ഡോ: എം.എന്‍.വിനോദ് കുമാര്‍, ഡോ: ഷീന മാത്യു, ഡോ.എം.ആര്‍.പ്രദീപ് ചന്ദ്രകുറുപ്പ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വിദ്യാര്‍ഥിയുടെ പരാതിയിന്‍ മേലുള്ള അന്വേഷണത്തില്‍ ഉന്തും തള്ളും മാത്രമേ നടത്തിയിട്ടുള്ളൂവെന്നാണ് പ്രാഥമിക വിവരം. കോളജ് അടച്ചിരിക്കുന്നതിനാല്‍ തെളിവെടുക്കാന്‍ കഴിയുന്നില്ളെന്നും കൂടുതല്‍ സമയം ആവശ്യമാണെന്നുമാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്. അതേസമയം, ആശുപത്രിയില്‍ കഴിയുന്ന ഷെറിന്‍ സുഖം പ്രാപിച്ചു വരുകയാണ്. തന്നില്‍നിന്ന് രേഖപ്പെടുത്തിയ പൊലീസ് മൊഴിയില്‍ തിരുത്തല്‍ വരുത്തിയതായി ചൂണ്ടിക്കാട്ടി വിദ്യാര്‍ഥി സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. മൊഴി വായിച്ച് കേള്‍പ്പിക്കാതെയാണ് ഒപ്പിടീച്ചത്. ആറു പേര്‍ക്കെതിരെ മൊഴി നല്‍കിയതില്‍ രണ്ട് പേരെ ഒഴിവാക്കിയതായി കാണപ്പെട്ടു. കണ്ടാലറിയാവുന്ന 16 പേരുടെ കാര്യവും പറഞ്ഞിരുന്നു. എന്നാല്‍, ഇതെല്ലാം ഒഴിവാക്കി നാല് പേര്‍ക്കെതിരെ മാത്രം കേസെടുത്തിരിക്കുകയാണെന്ന് വിദ്യാര്‍ഥി കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
അതേസമയം, ഒരാഴ്ചക്കിടെ സര്‍വകലാശാലയില്‍നിന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട വിവിധ സംഭവങ്ങളില്‍ എട്ടോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കളമശ്ശേരി പൊലീസ് പറഞ്ഞു. വേണ്ട നടപടികള്‍ സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നിലെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ 23ന് നടന്ന എസ്.എഫ്.ഐ പഠിപ്പ് മുടക്കില്‍ മുഹമ്മദ് ഷെറിന്‍ ക്ളാസില്‍ കയറിയത് ചോദ്യം ചെയ്ത ഒരു വിഭാഗം വിദ്യാര്‍ഥികള്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മുന്നില്‍ ക്രൂരമായി മര്‍ദിക്കുകയും വലിച്ചിഴക്കുകയും ചെയ്തെന്നാണ് പരാതി. ഇത് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥി പ്രിന്‍സിപ്പലിനും കളമശ്ശേരി പൊലീസിനും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ക്ളാസില്‍ പോകാതിരുന്ന ഷെറിന്‍ സഹപാഠികളുടെ നിര്‍ബന്ധത്തില്‍ വീണ്ടും ക്ളാസില്‍ പോകാന്‍ തയാറായി. ക്ളാസിലേക്ക് പോകും വഴി വീണ്ടും ഒരു പറ്റം വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തുകയും അതില്‍ മനംനൊന്ത് താമസിച്ചിരുന്ന സ്വകാര്യ ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നുമാണ് സുഹൃത്തുക്കള്‍ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.