വിസ്മയക്കാഴ്ചകൾ ബാക്കി; പൂരം വിടചൊല്ലി VIDEO
text_fieldsതൃശൂർ: ഇൗയാണ്ടത്തെ പൂരാഘോഷത്തിന് വടക്കുന്നാഥെൻറ ശ്രീമൂലസ്ഥാനത്ത് കലാശം. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥന് മുന്നില്‍ മുഖാമുഖം നിന്ന് ഉപചാരം പറഞ്ഞ് പിരിഞ്ഞു. ഇനി ഒരു വര്‍ഷത്തിെൻറ കാത്തിരിപ്പ്. വെള്ളിയാഴ്ചത്തെ പ്രധാന പൂരം അതിഥികള്‍ക്കായി മാറ്റിവെച്ച തട്ടകക്കാർ ശനിയാഴ്ച പകൽപൂരം സ്വന്തമാക്കി. തട്ടകപ്പൂരം മതിയാവോളം ആസ്വദിക്കാൻ സ്ത്രീകൾ വീട് അടച്ചെത്തി.
ശ്രീമൂലസ്ഥാനത്തിന് ഇരുപുറവുമായി പെരുവനം കുട്ടൻ മാരാരും കിഴക്കൂട്ട് അനിയൻ മാരാരും കൊട്ടിപ്പെരുക്കിയ പാണ്ടിമേളം വെയില്ചൂട് വകവെക്കാതെ ജനം ആസ്വദിച്ചു. വെള്ളിയാഴ്ച മഠത്തില്‍ വരവിലും ഇലഞ്ഞിത്തറയിലും കുടമാറ്റത്തിലും പുലർച്ചെയുള്ള വെടിക്കെട്ടിലും മുങ്ങിനിവർന്ന് മതിവരാത്ത പൂരക്കമ്പക്കാർക്ക് വിരഹച്ചൂട് പകരുന്നതായിരുന്നു ഭഗവതിമാരുടെ യാത്രപറച്ചിൽ. രാവിലെ 8.30ഓടെ പകല്‍പൂരം തുടങ്ങി. ശനിയാഴ്ച പുലരിയിലെ വെടിക്കെട്ടിനായി ഉറക്കമൊഴിഞ്ഞ് കാത്തിരുന്നവരും പകൽപൂരം കാണാൻ തടിച്ചുകൂടി.
നായ്ക്കനാല്‍ പന്തലില്‍നിന്ന് തിരുവമ്പാടിയും മണികണ്ഠനാലില്‍നിന്ന് പാറമേക്കാവും പൂരംപുറപ്പാട് തുടങ്ങി. കൊമ്പന് ശിവസുന്ദറിെൻറ മസ്തകത്തിലായിരുന്നു തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളത്ത്. കൊമ്പന് ശ്രീപദ്മനാഭെൻറ ശിരസ്സിലേറിയായിരുന്നു പാറമേക്കാവിലമ്മയുടെ വരവ്. കിഴക്കൂട്ട് അനിയന്‍മാരാരും പെരുവനം കുട്ടൻ മാരാരും ഇരുവിഭാഗത്തിെൻറ മേളത്തിനും നേതൃത്വം നല്കി.
തലേന്ന് തെക്കേനടയിലെ ചരുവില്‍ കുടമാറ്റം കാണാത്തവര്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല. സ്പെഷല്‍ കുടകളും നിറങ്ങൾ ഇടകലർന്ന പട്ടുകുടകളും പകല്‍പൂരത്തിന് അവതരിപ്പിച്ചു. കുട്ടിക്കൂട്ടങ്ങള്‍ക്ക് കുടമാറ്റവും പകല്‍പൂര കാഴ്ചകളും ഹരം പകര്‍ന്നു. ഉച്ചക്ക് 12ന് മേളം കലാശിച്ച് പാറമേക്കാവ് വിഭാഗം ശ്രീമൂലസ്ഥാനത്തിന് പ്രദക്ഷിണംവെച്ച് നിന്നു. അരമണിക്കൂറിനകം തിരുവമ്പാടിയുടെ മേളവും കലാശം കൊട്ടി. പിന്നീട് വടക്കുന്നാഥനെ വണങ്ങാന്‍ അകത്ത് പോയി. പാറമേക്കാവിലമ്മ നടുവിലാല്‍ ഗണപതിയെ പ്രദക്ഷിണം വെച്ചശേഷം ശ്രീമൂലസ്ഥാനത്ത് നിലകൊണ്ടു. പിന്നാലെ തിരുവമ്പാടി ഭഗവതി വടക്കുന്നാഥക്ഷേത്രത്തില്‍ നിെന്നത്തി. മേളത്തിെൻറ അകമ്പടിയിലായിരുന്നു ചടങ്ങുകൾ.
വടക്കോട്ട് തിരിഞ്ഞ് തിരുവമ്പാടിയുടെ ശിവസുന്ദറും തെക്കോട്ട് അഭിമുഖമായി പാറമേക്കാവിെൻറ ശ്രീപദ്മനാഭനും നിന്നു. കൃഷ്ണമണിയനക്കാതെ പതിനായിരങ്ങളും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. ഉപചാരത്തിന് ശേഷമായിരുന്നു വെടിക്കെട്ട്. പകൽപൂരം കാണാനെത്തിയവരെയും, പുലർച്ചെയിലെ പ്രധാന വെടിക്കെട്ടും കാണാനെത്തിയവരെയും വെടിക്കെട്ട് നിരാശരാക്കിയില്ല. കുഴിമിന്നിയും അമിട്ടും ഓലപ്പടക്കവും മാനത്തും മണ്ണിലും ആഹ്ലാദപ്പൂരം തന്നെയായിരുന്നു സമ്മാനിച്ചത്. ആചാരനിറവോടെ, കതിനവെടികളുടെ മുഴക്കം ബാക്കിയാക്കി പാറമേക്കാവിലമ്മ വടക്കുന്നാഥക്ഷേത്രത്തിലൂടെ ക്ഷേത്രത്തിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.