2020 - മലപ്പുറം ജില്ലയിലെ പ്രധാന സംഭവങ്ങളുടെ ഫ്ലാഷ് ബാക്ക്...
text_fieldsജീവിതത്തിെൻറ ഒഴുക്കുമുറിച്ച് കോവിഡ് മഹാമാരി പെയ്തിറങ്ങിയ 2020ന് തിരശ്ശീല വീഴുകയാണ്. ദുരിതങ്ങളില്ലാത്ത പുതുവർഷസ്വപ്നവുമായി കലണ്ടറിൽനിന്ന് ഒരാണ്ടുകൂടി കാലത്തിെൻറ മഹാശേഖരത്തിലേക്ക് പിൻവാങ്ങുന്നു. 'കലണ്ടർ, നിത്യ ജീവിതത്തിൻ ദുഷ്കരമാം പദപ്രശ്നമെന്ന' കവിവചനത്തെ അക്ഷരംപ്രതി ശരിവെച്ചാണ് 2020ലെ കലണ്ടർ മടക്കിവെക്കുന്നത്. മഹാമാരിയുടെ പിടിയിലായിട്ടും സംഭവബഹുലമായിരുന്നു 2020. കോവിഡ് പകർച്ചയിൽ സ്തംഭിച്ചുനിന്നപ്പോഴും മനുഷ്യപ്പറ്റ് ഇനിയും അവസാനിച്ചിട്ടില്ലെന്ന് പലവട്ടം മലപ്പുറം തെളിയിച്ചു. ലോക്ഡൗണിൽ പ്രതിസന്ധിയിലായവരെ സർക്കാറിന് പുറമെ സന്നദ്ധ സംഘടനകൾകൂടി ചേർത്തുപിടിച്ചു. രാജ്യം നടുങ്ങിയ വിമാനദുരന്തത്തിന് കരിപ്പൂർ സാക്ഷിയായപ്പോഴും എല്ലാം മറന്ന് ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തിയവർ അത് കടുംവർണത്തിൽ അടയാളപ്പെടുത്തി. പടിയിറങ്ങുന്ന ട്വൻറി ട്വൻറി വർഷത്തിൽ ജില്ലയിലെ പ്രധാന സംഭവങ്ങളുടെ ഫ്ലാഷ് ബാക്ക്...
കോവിഡ് പിടികൂടിയത് 477 ജീവനുകൾ
മാർച്ച് 16നാണ് ജില്ലയിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ജിദ്ദയിൽനിന്ന് എത്തിയ വണ്ടൂർ വാണിയമ്പലം സ്വദേശിനിക്കും അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിനിക്കുമാണ് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. ഡിസംബർ 30വരെയുള്ള കണക്കനുസരിച്ച് 477 പേരാണ് കോവിഡ് ബാധിതരായി മരണമടഞ്ഞത്.
ഒരുദിവസം ആയിരത്തിലേറെ പേർ കോവിഡ് പോസിറ്റിവായ ഒന്നിലധികം ദിവസങ്ങളുണ്ടായി. 84,386 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. 68,516 പേരാണ് ഏറ്റവും ഒടുവിൽ നിരീക്ഷണത്തില്‍ കഴിയുന്നത്. 5335 പേര് വിവിധ ചികിത്സാകേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. മഞ്ചേരി െമഡിക്കൽ കോളജ് ആശുപത്രി ഇപ്പോഴും കോവിഡ് സെൻററായി തുടരുന്നു.
സുരക്ഷയിൽ പരീക്ഷ; ഓൺലൈനിൽ പഠനം
കോവിഡ് മഹാമാരി പടർന്നുപിടിച്ചതിനെ തുടർന്ന് അധ്യയനവർഷം പൂർത്തിയാകുംമുമ്പെ സ്കൂളുകളും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ രണ്ടു ഘട്ടമായാണ് പൂർത്തിയാക്കിയത്. പുതിയ അധ്യയനവർഷവും വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കാനായില്ല. ഓൺലൈൻ ക്ലാസ് തുടരുന്നു. പ്രവേശനവും ഓൺലൈനായാണ് നടത്തിയത്.
ആളൊഴിഞ്ഞ് മൈതാനങ്ങൾ
കോവിഡ് ഭീഷണിയിൽ കായികമേഖലയും സ്തംഭിച്ചു. സ്കൂൾ, കോളജ്തലങ്ങളിൽ അത്ലറ്റിക് മീറ്റുകളോ ഗെയിംസ് മത്സരങ്ങളോ നടന്നില്ല. ഫുട്ബാളിന് വളക്കൂറുള്ള മണ്ണായിട്ടും സെവൻസ് സീസൺ ആരംഭിക്കാനോ അസോസിയേഷൻ, ക്ലബ് ടൂർണമെൻറുകൾ നടത്താനോ കഴിഞ്ഞില്ല. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ജില്ലയിൽനിന്ന് അഞ്ചു താരങ്ങൾക്ക് അവസരം.
പരപ്പനങ്ങാടിയിൽ പക്ഷിപ്പനി
കോവിഡിന് പിറകെ ജില്ലയിൽ മാർച്ച് 12ന് പക്ഷിപ്പനി സ്ഥിരീകരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങലിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
ഒരാഴ്ചമുമ്പ് ചത്ത കോഴികളിലാണ് ഇത് കണ്ടെത്തിയത്. ഒരുകിലോമീറ്റർ ചുറ്റളവിലെ ആയിരത്തോളം വളർത്തുപക്ഷികളെ കൊന്നൊടുക്കേണ്ടിവന്നു. രോഗം കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ തടഞ്ഞതിനാൽ കൂടുതൽ കേസുകളുണ്ടായില്ല.
കരിപ്പൂർ വിമാന ദുരന്തം: പൊലിഞ്ഞത് 21 ജീവൻ
കോഴിക്കോട് വിമാനത്താവളത്തിൽ ആഗസ്റ്റ് ഏഴിനാണ് രാജ്യത്തെ നടുക്കിയ വിമാനദുരന്തമുണ്ടായത്. ദുബൈയിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ട് 21 പേർക്കാണ് ജീവൻ നഷ്ടമായത്. ദുബൈയിൽനിന്നെത്തിയ വിമാനമാണ് റൺവേയിൽനിന്ന് നിയന്ത്രണം നഷ്ടമായി 35 മീറ്റർ താഴേക്കുപതിച്ചത്.
അപകടദിവസം പൈലറ്റും കോ പൈലറ്റും ഉൾപ്പെടെ 19 പേരും പിന്നീട് രണ്ടുപേരുമാണ് മരിച്ചത്. 190 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം പുരോഗമിക്കുകയാണ്. ബി 737-800 ശ്രേണിയിൽപെടുന്ന കോഡ് 'സി'യിലെ നാരോേബാഡി വിമാനമാണ് അപകടത്തിൽപെട്ടത്.
എയർ ഇന്ത്യ ജംബോ വിമാനം വീണ്ടും
അഞ്ച് വർഷങ്ങൾക്ക് ശേഷം എയർഇന്ത്യയുടെ വലിയ വിമാനം വീണ്ടും കോഴിക്കോട് വിമാനത്താവളത്തിൽ. ഫെബ്രുവരി 17നാണ് ജംബോ ബി 747-400 വീണ്ടും ജിദ്ദയിലേക്ക് ആഴ്ചയിൽ രണ്ട് സർവിസുകളുമായി തിരിച്ചെത്തിയത്. 2015 മേയ് ഒന്ന് മുതലാണ് ജംബോ സർവിസുകൾ നിർത്തിയത്. 424 പേർക്ക് സഞ്ചരിക്കാവുന്ന വലിയ വിമാനമാണ് ഒരു ഇടവേളക്ക് ശേഷം കരിപ്പൂരിൽ തിരിച്ചെത്തിയത്.
ഉംറ തീർഥാടനം മുടങ്ങി
കോവിഡ് പശ്ചാത്തലത്തിൽ സൗദിയിൽ ഉംറ തീർഥാടകർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ നിരവധി പേരുടെ യാത്ര മുടങ്ങി. ഫെബ്രുവരി 27നാണ് 250ഓളം ഉംറ തീർഥാടകരുടെ യാത്ര അവസാനനിമിഷത്തിൽ മുടങ്ങിയത്. സൗദി എയർലൈൻസ്, സ്ൈപസ് ജെറ്റ്, ഇത്തിഹാദ് വിമാനത്തിൽ പുറപ്പെടേണ്ടിയിരുന്നവരുടെ യാത്രയാണ് മുടങ്ങിയത്. ഇൗ വർഷം പിന്നീട് കേരളത്തിൽനിന്ന് ഉംറ തീർഥാടനം നടന്നിട്ടില്ല.
സമരജ്വാലയായി പൗരത്വം
പൗരത്വദേഭഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളോടെയാണ് ജില്ലയിൽ പുതുവർഷം എത്തിയത്. മലപ്പുറത്തിെൻറ വിവിധ മേഖലകളിലായി വ്യത്യസ്ത സംഘടനകളുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധ പരിപാടികളാണ് മോദി സർക്കാറിെൻറ പൗരത്വഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ജനുവരിയിൽ നടന്നത്.
ഷാഹീൻബാഗ് മോഡൽ സമരങ്ങളും ജില്ലയിൽ നടന്നു. ദേശീയ നേതാക്കളടക്കം നിരവധി പ്രമുഖരാണ് ജില്ലയിൽ നടന്ന സമരത്തിൽ സംബന്ധിക്കാനായി എത്തിചേർന്നത്. കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, മണിശങ്കർ അയ്യർ, പ്രമുഖ അഭിഭാഷക ദീപിക സിങ് രജാവത്ത്, ഷർജീൽ ഉസ്മാനി തുടങ്ങിയ പ്രമുഖർ പ്രതിഷേധങ്ങളിൽ സംബന്ധിച്ചു.
318 കിലോ കഞ്ചാവ് പിടികൂടി
ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്ന് മലപ്പുറത്തേക്ക് മിനിലോറിയിലും കാറിലും കൊണ്ടുവന്ന 318 കിലോ കഞ്ചാവ് പിടികൂടി. സംസ്ഥാനത്തു തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നായിരുന്നു അത്. സംഭവദിവസം അഞ്ച് പേർ അറസ്റ്റിലായി.
ഷൊർണൂർ-നിലമ്പൂർ പാതയിൽ രാത്രി റെയിൽ ഗതാഗതം
ദീർഘകാലത്തെ മുറവിളികൾക്കൊടുവിൽ ഷൊർണൂർ-നിലമ്പൂർ റെയിൽപാത രാത്രിഗതാഗതത്തിന് തുറന്നുകൊടുത്തു. ജനുവരി 23 മുതലാണ് രാത്രി സർവിസ് ആരംഭിച്ചത്. ഇേതാടെ, കൊച്ചുവേളിയിൽ നിന്നുള്ള രാജ്യറാണി ട്രെയിൻ ഷൊർണൂരിൽ പിടിച്ചിടുന്നത് അവസാനിച്ചു. പുലർച്ച 5.31ന് നിലമ്പൂരിലെത്തിയ ആദ്യസർവിസിന് വൻവരവേൽപ്പാണ് നൽകിയത്.
ജില്ലയിൽ ആദ്യമായി ആർമിമേള
ജില്ലയിൽ ആദ്യമായി ആർമിമേള അരങ്ങേറി. ജനുവരി 18, 19 തീയതികളിലാണ് മലപ്പുറം എം.എസ്.പി മൈതാനത്ത് മേള നടന്നത്. കണ്ണൂർ ഡിഫൻസ് സെക്യൂരിറ്ററി കോർപ്സ് സെൻററിെൻറ നേതൃത്വത്തിൽ (know your army) എന്ന പേരിലായിരുന്നു പട്ടാളമേള നടന്നത്.
പാരാമോേട്ടാർ, മിലിട്ടറി മോേട്ടാർ സൈക്കിൾ, ഭീകരരെ കീഴടക്കുന്നതിെൻറ മോക് ഡ്രിൽ, ബോംബ് നിർവീര്യമാക്കൽ തുടങ്ങിയ അഭ്യാസ പ്രകടനങ്ങൾ തുടങ്ങിയവയാണ് നടന്നത്. വൻ ജനാവലിയാണ് കാഴ്ചക്കാരായി എത്തിയത്.
പുതിയ കലക്ടർ
ജില്ലയുടെ 54ാമത്തെ കലക്ടറായി തമിഴനാട് സ്വേദശിയായ കെ. ഗോപാലകൃഷ്ണൻ ചുമതലയേറ്റു. ജാഫർ മലിക്കിന് പകരക്കാരനായാണ് ഇദ്ദേഹം എത്തിയത്. 2013ൽ മലപ്പുറത്ത് അസി. കലക്ടറായിരുന്ന ഗോപാലകൃഷ്ണൻ ജൂൺ മൂന്നിനാണ് ജില്ലയുടെ ഭരണതലപ്പത്ത് ചുമതലയേറ്റത്.
ചോദ്യപേപ്പർ മോഷണം
കുഴിമണ്ണ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ ചോദ്യേപപ്പർ മോഷണം പോയതിനാൽ സംസ്ഥാനത്ത് മൊത്തം പരീക്ഷ മാറ്റിവെച്ചു. പ്ലസ് വണ്‍ ഇംപ്രൂവ്മെൻറ് പരീക്ഷയുടെ ചോദ്യ പേപ്പറുകളാണ് മോഷണം പോയത്. പ്രിൻസിപ്പൽ അടക്കം നാലു പേരെ സസ്പെൻസ് ചെയ്തു.
നൊമ്പരമായി ദേവിക
ഓൺലൈൻ ക്ലാസ് കാണാൻ സൗകര്യമില്ലാത്തതിൽ മനംനൊന്ത് ജൂൺ ഒന്നിന് ഒമ്പതാം ക്ലാസ് വിദ്യാർഥിനി തീക്കൊളുത്തി മരിച്ചു. വളാഞ്ചേരി ഇരിമ്പിളിയം തിരുനിലം പുളിയാപ്പറ്റക്കുഴിയിൽ കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണൻ-ഷീബ ദമ്പതികളുടെ മകൾ ദേവികയെയാണ് (14) ആളൊഴിഞ്ഞ വീടിെൻറ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായിരുന്നു ദേവിക.
ഷറഫലി പടിയിറങ്ങി
ഇന്ത്യൻ ഫുട്ബാളിലും പൊലീസ് സേനയിലും ഏറ്റവും ഉയർന്ന പദവികൾ വഹിച്ച മലപ്പുറത്തുകാരൻ യു. ഷറഫലി മേയ് 30ന് സർവിസിൽനിന്ന് വിരമിച്ചു. 1984ൽ കേരള പൊലീസ് ടീമിലെത്തിയ ഷറഫലി ഇന്ത്യൻ ടീമിെൻറ നായകനിലേക്ക് വളർന്നു. കോഴിച്ചെന ക്ലാരി ആർ.ആർ.ആർ.എഫ് കമാൻഡൻറായിരിക്കെയാണ് വിരമിച്ചത്.
കൊൽക്കത്തയിൽ മുഹമ്മദൻസിനും മോഹൻബഗാനും വേണ്ടി ബൂട്ടണിഞ്ഞു. 10 തവണ കേരളത്തിനായി സന്തോഷ് ട്രോഫിയിൽ ഇറങ്ങി. ബംഗാൾ ടീമിെൻറ കുപ്പായവുമിട്ടു. എട്ട് വർഷം പൊലീസ് ടീമിെൻറ മാനേജറുമായി. മലപ്പുറം എം.എസ്.പി കമാൻഡൻറുമായിരുന്നു. അരീക്കോട് തെരട്ടമ്മൽ സ്വദേശിയാണ് ഷറഫലി.
എം.എസ്.പിക്ക് റിലയൻസ് കിരീടം
ദേശീയ റിലയൻസ് ഫുട്ബാൾ ടൂർണമെൻറ് ഫൈനൽ സീനിയർ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂളിന് കിരീടം.
ജനുവരി അഞ്ചിന് മുംബൈ റിലയൻസ് കോർപറേറ്റ് പാർക്ക് മൈതാനത്ത് നടന്ന ഫൈനലിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് നിലവിലെ ജേതാക്കളായ മേഘാലയ ഷില്ലോങ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ സംഘത്തെയാണ് തോൽപ്പിച്ചത്. കേരളത്തിെൻറയും എം.എസ്.പിയുടെയും ആദ്യ റിലയൻസ് ഫുട്ബാൾ കിരീടം.
തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗ്
തദ്ദേശ സ്ഥാപനങ്ങളിേലക്ക് ഡിസംബർ 14ന് നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിെൻറ നേതൃത്വത്തിൽ യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെച്ചു. 32 ഡിവിഷനുകളുള്ള ജില്ല പഞ്ചായത്ത് 27-5 ഭൂരിപക്ഷത്തിൽ ലീഗ് നേടി. 12 നഗരസഭകളിൽ ഒമ്പതും യു.ഡി.എഫ് പക്ഷത്തു നിന്നു.
മൂന്ന് നഗരസഭകളാണ് ഇടതിന് ലഭിച്ചത്. 94 ഗ്രാമപഞ്ചായത്തുകളിൽ 66 ഇടത്ത് യു.ഡി.എഫ് ഭൂരിപക്ഷം നേടി. 21 ഗ്രാമപഞ്ചായത്തുകൾ ഇടത്തോട്ട് ചാഞ്ഞു. ഏഴു ഗ്രാമപഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ല.
വേർപാട്
- ജനുവരി അഞ്ച് -കെ.എൻ.എം സംസ്ഥാന കൂടിയാലോചന സഭാംഗം അബ്ദുൽ ഖാദിർ പുല്ലേങ്കാട്
- ജനുവരി പത്ത് -മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന പി.ടി. മോഹനകൃഷ്ണൻ
- ജനുവരി 22 -പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ വാളക്കുളം ബീരാൻകുട്ടി മുസ്ലിയാർ
- മാർച്ച് ഏഴ് -മാപ്പിളകല സാഹിത്യകാരനും ഗവേഷകനുമായ ബാലകൃഷ്ണൻ വള്ളിക്കുന്ന്
- ആഗസ്റ്റ് ഒന്ന് -നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം
- നവംബർ 22 -സമസ്ത പ്രവാസി സെല്‍ കണ്‍വീനറും അബൂദബി സുന്നി സ്റ്റുഡന്‍സ് സെൻറര്‍ സ്ഥാപക നേതാവുമായ കാളാവ് സെയ്തലവി മുസ്ലിയാര്
- ഡിസംബർ 13 -വെൽഫെയർ പാർട്ടി ജില്ല ട്രഷററും വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകനുമായിരുന്ന എ. ഫാറൂഖ് ശാന്തപുരം
- ഡിസംബർ 23 -ചലച്ചിത്ര സംവിധായകൻ നരണിപ്പുഴ ഷാനവാസ്
അപകടങ്ങൾ
- ഫെബ്രുവരി നാല് -സ്കൂൾ ബസിൽനിന്ന് തെറിച്ചുവീണ വിദ്യാർഥി പിൻചക്രം കയറി മരിച്ചു. കൂട്ടിലങ്ങാടി കുറുവ എ.യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി ഫർസീൻ അഹമ്മദാണ് (ഒമ്പത്) മരിച്ചത്.
- മാർച്ച് 15 -പെരുമ്പാവൂർ എം.സി റോഡ് പുല്ലുവഴിയിലുണ്ടായ കാറപകടത്തിൽ മലപ്പുറം കോഡൂർ സ്വദേശികളായ ഗർഭിണികളടക്കം മൂന്ന് പേർ മരിച്ചു. ഒറ്റത്തറയിൽ മൂഴിത്തൊടി വീട്ടിൽ സലാഹുദ്ദീൻ-ആയിശ ദമ്പതികളുടെ മക്കളായ ഹനീഫ, ഭാര്യ സുമയ്യ, ഷാജഹാൻ എന്നിവരാണ് മരിച്ചത്.
- സെപ്റ്റംബർ ആറ് -പൊന്നാനിയിൽ രണ്ട് ഫൈബർ വള്ളങ്ങൾ മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു.
- നവംബർ 14 -ദേശീയപാതയിൽ ചേലമ്പ്രയിൽ ഇടിമൂഴിക്കലിനടുത്ത് സ്പിന്നിങ്മില്ലിന് സമീപമുണ്ടായ അപകടത്തിൽ നവദമ്പതികൾ മരിച്ചു. നവംബർ അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. കണ്ണമംഗലം തോട്ടശ്ശേരിയറ ചേലക്കോട് നടുപ്പറമ്പ് കണിത്തൊടിക മാട്ടിൽ മുഹമ്മദിെൻറ മകൻ സലാഹുദ്ദീൻ, ഭാര്യ ജുമാന എന്നിവരാണ് മരണപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.