സംസ്ഥാനത്ത് തൂക്കുകയർ കാത്ത് 21പേർ
text_fieldsതിരുവനന്തപുരം: ഉരുട്ടിക്കൊല കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചതോടെ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്നത് 21 പേർ.
വധശിക്ഷക്ക് വിധിക്കപ്പെട്ട് കൂടുതൽപേർ കഴിയുന്നത് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ്. ഉരുട്ടിക്കൊല കേസിൽ ശിക്ഷിക്കപ്പെട്ട ജിതകുമാർ, ശ്രീകുമാർ എന്നിവരുൾപ്പെടെ 13 പേരാണ് ഇവിടുള്ളത്. കണ്ണൂർ സെൻട്രൽ ജയിലിലും തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലും നാലുപേർ വീതം വധശിക്ഷ കാക്കുന്നു. ഇതിൽ പലരും ശിക്ഷായിളവിനായി അപ്പീൽ നൽകിയിട്ടുണ്ട്.
ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആൻറണിയാണ് പൂജപ്പുരയിൽ വധശിക്ഷ കാത്തുകിടക്കുന്ന പ്രധാനി. ആലുവയിലെ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കോട്ടയത്ത് വൃദ്ധ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ ഇതരസംസ്ഥാനക്കാരൻ പ്രദീപ് ബോറ, വർക്കലയിൽ പ്രവാസി മലയാളിയെ കൊലപ്പെടുത്തിയ രാജേഷ്കുമാർ, റെജികുമാർ, ഷെരീഫ്, ആലങ്കോട് കാമുകിക്കുവേണ്ടി അവരുടെ കുഞ്ഞിനെ ഉൾപ്പെടെ രണ്ടുപേരെ കൊലപ്പെടുത്തിയ ടെക്നോപാർക്ക് ജീവനക്കാരൻ നിനോ മാത്യു, ജെറ്റ് സന്തോഷ് വധക്കേസ് പ്രതി ജാക്കി എന്ന അനിൽകുമാർ, ജോണ്ടി രാജേഷ് എന്ന രാജേഷ്, നരേന്ദ്രകുമാർ, ബൈജു, ഗിരീഷ് കുമാർ എന്നിവരാണ് മറ്റുള്ളവർ.
വിയ്യൂരിൽ ജിഷ വധക്കേസിലെ പ്രതി അമീർ ഉൽ ഇസ്ലാം, മറ്റ് കേസുകളിലെ പ്രതികളായ രതീഷ്, അമ്മക്കൊരു മകൻ സോജു എന്ന സോജു, തോമസ് ആൽവ എഡിസൺ എന്നിവർ വധശിക്ഷ ലഭിച്ചവരാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ണി, അബ്ദുൽ നാസർ, രാജശേഖരൻ, ഹംസ എന്നിവരാണുള്ളത്. ഇവർക്ക് ജയിലുകളിൽ ഏകാന്തവാസമാണ് അനുവദിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ ജയിലുകളിൽ കൊലപാതകം ഉൾപ്പെടെ കേസുകളിൽപെട്ട് ശിക്ഷ അനുഭവിക്കുന്ന ആറ് പൊലീസുദ്യോഗസ്ഥരുമുണ്ട്. പ്രവീൺ വധക്കേസിലെ മുഖ്യപ്രതി ഡിവൈ.എസ്.പി ഷാജിയാണ് ഇതിൽ പ്രധാനി. ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഷാജി ഇപ്പോൾ പൂജപ്പുരയിലാണ്. തടവുകാർക്ക് നിയമോപദേശം നൽകലും കത്തുകൾ തയാറാക്കലുമാണ് ഇയാളുടെ പണി.
കൊല്ലത്തെ പൊലീസ് സ്റ്റേഷനിലെ കസ്റ്റഡിമരണത്തിൽ പ്രതികളായ വേണുഗോപാൽ പൂജപ്പുരയിലും അതേ കേസിൽപെട്ട ജയകുമാർ നെട്ടുകാൽത്തേരി തുറന്ന ജയിലിലുമുണ്ട്. കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട അബ്ദുല്ല കോയ എന്ന പൊലീസുകാരൻ വിയ്യൂർ സെൻട്രൽ ജയിലിലും അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ഉണ്ണികൃഷ്ണൻ, പീഡന കേസിൽ ശിക്ഷിക്കപ്പെട്ട വേണുഗോപാൽ എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിലും ശിക്ഷയനുഭവിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.