അറ്റകുറ്റപ്പണി; ഞായറാഴ്ച പൂർണമായും റദ്ദാക്കിയത് 21 ട്രെയിൻ
text_fieldsതിരുവനന്തപുരം: കൊച്ചുവേളിയിലെ ട്രാക്ക് നവീകരണ ഭാഗമായ റദ്ദാക്കലുകൾക്ക് പുറമേ ചാലക്കുടിയിലെ പാലം നവീകരണം കൂടിയായതോടെ ഞായറാഴ്ചയിലെ ട്രെയിൻ യാത്ര ദുരിതമയം. കൊച്ചുവേളിയിലെ പ്രവൃത്തികളെ തുടർന്ന് ഡിസംബർ ഒന്നുമുതൽ ഗതാഗതനിയന്ത്രണമുണ്ടെങ്കിലും ഏറ്റവും കൂടുതൽ റദ്ദാക്കൽ അവസാന ദിവസമായ ഞായറാഴ്ചയായിരുന്നു. 21 ട്രെയിൻ പൂർണമായും 34 എണ്ണം ഭാഗികമായും റദ്ദാക്കി.
ചാലക്കുടി-കറുകുറ്റി സെക്ഷനിലെ അറ്റകുപ്പണിയുടെയും നിയന്ത്രണത്തിന്റെയും അറിയിപ്പുണ്ടായത് ശനിയാഴ്ച രാത്രി ഒമ്പതോടെയാണ്. ഇതോടെ 11 ട്രെയിൻ പൂർണമായും 12 എണ്ണം ഭാഗികമായും റദ്ദാക്കി. ഞായറാഴ്ച ആകെ റദ്ദാക്കിയത് 32 ട്രെയിനുകളാണ്. ഭാഗികമായി റദ്ദാക്കിയത് 46ഉം. ഇതോടെയാണ് ഞായറാഴ്ച റെയിൽവേ ആശ്രയിച്ചവർക്ക് ദുരിതയാത്രയും ഇരുട്ടടിയുമായത്.
നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി, കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി, കൊച്ചുവേളി-ലോകമാന്യതിക് ഗരീബ് രഥ്, ലോകമാന്യതിലക് കൊച്ചുവേളി ഗരീബ് രഥ്, തിരുവനന്തപുരം-ഗുരുവായൂർ ഇൻറർസിറ്റി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, തിരുവനന്തപുരം-എറണാകുളം വഞ്ചിനാട്, മംഗളൂരു-നാഗർകോവിൽ ഏറനാട്, നാഗർകോവിൽ ജങ്ഷൻ-മംഗളൂരു സെൻട്രൽ ഏറനാട്, തിരുനെൽവേലി ജങ്ഷൻ-പാലക്കാട് ജങ്ഷൻ പാലരുവി എന്നിവ പൂർണമായും റദ്ദാക്കിയവയിൽപെടും.
ഇരുവശങ്ങളിൽനിന്നും കൊച്ചുവേളിയിലേക്കെത്തേണ്ട ട്രെയിനുകൾ തൊട്ടുമുമ്പുള്ള സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിച്ച് അവിടെനിന്ന് മടക്കയാത്ര തുടങ്ങുന്ന വിധത്തിലായിരുന്നു ക്രമീകരണം. ഷൊർണൂർ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ഏതാനും ട്രെയിനുകൾ എറണാകുളം, കോട്ടയം, കായംകുളം, ആലപ്പുഴ, കൊല്ലം, വർക്കല, കഴക്കൂട്ടം എന്നിവിടങ്ങളിൽ യാത്ര അവസാനിപ്പിച്ചു.
നാഗർകോവിലിൽനിന്ന് കൊല്ലം ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകൾ തിരുവനന്തപുരത്ത് യാത്ര അവസാനിച്ചു. ഞായറാഴ്ച ഓടിയ ട്രെയിനുകളിലെല്ലാം വലിയ തിരക്കായിരുന്നു. ശബരിമല സീസൺ കൂടിയായ സാഹചര്യത്തിൽ നിന്നുതിരിയാൻ ഇടമില്ലാത്ത വിധമായിരുന്നു ജനറൽ കമ്പാർട്ടുമെന്റുകൾ.
കൊച്ചുവേളിയിലെ പ്രധാന നവീകരണത്തിന്റെ ഭാഗമായ നിയന്ത്രണങ്ങളുടെ മറപറ്റി മറ്റിടങ്ങളിലെ നവീകരണ ജോലി പൂർത്തിയാക്കാനാണ് ശ്രമമെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ പണി തീർക്കലാണ് ലക്ഷ്യമെന്നുമാണ് റെയിൽവേയുടെ വിശദീകരണം. ചാലക്കുടി-കറുകുറ്റി സെക്ഷനുകളിൽ ജോലികൾക്ക് ഏതാനും ട്രെയിനുകൾ കൂടി റദ്ദാക്കേണ്ടി വന്നതിനാലാണ് അധിക നിയന്ത്രണങ്ങൾ പ്രഖ്യാപിക്കേണ്ടിവന്നതെന്നും റെയിൽവേ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.