വളാഞ്ചേരിയിൽ 21കാരിയെ കുഴിച്ചിട്ട സംഭവം: പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു; മൃതദേഹം പുറത്തെടുത്തു
text_fieldsമലപ്പുറം: വളാഞ്ചേരിയിൽ 21കാരിയെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അൻവറിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. രാവിലെ ഒമ്പതു മണിയോടെ മൃതദേഹം കുഴിച്ചിട്ട തെങ്ങിൻ തോപ്പിൽ പ്രതിയെ എത്തിച്ചാണ് പൊലീസ് പ്രാഥമിക തെളിവെടുപ്പ് പൂർത്തിയാക്കിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ സ്ഥലത്ത് എത്തിച്ചത്. മണ്ണിനുള്ളിൽ നിന്ന് മൃതദേഹാവിശിഷ്ടങ്ങൾ പുറത്തെടുത്തു. ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ് മോർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
40 ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ആതവനാട് കഞ്ഞിപ്പുര ചോറ്റൂർ കിഴുകപറമ്പാട്ട് കബീറിന്‍റെ മകൾ സുബീറ ഫർഹത്തിന്റെ (21) മൃതദേഹമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. വീടിനടുത്ത ചെങ്കൽ ക്വാറിക്ക് സമീപം തെങ്ങിൻ തോപ്പിൽ മണ്ണിട്ട് മൂടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പൂർണമായും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും യുവതിയുടേത് തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. കാൽ മാത്രമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് ചോറ്റൂർ സ്വദേശി പറമ്പൻ അൻവറിനെ (40) തിരൂർ ഡിവൈ.എസ്.പി കെ.എസ്. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ യുവതിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിൽ നിന്ന് ലഭിച്ച വിവരം. മൃതേദഹം ലഭിച്ച തോട്ടം നോക്കിനടത്തുന്നയാളാണ് പ്രതി.
യുവതി പീഡനത്തിനിരയായിട്ടുണ്ടോയെന്നതിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യക്തത വരുമെന്ന് െപാലീസ് പറഞ്ഞു. ഏതാനും ദിവസമായി പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കസ്റ്റഡിയിലെടുത്ത അൻവറിനെ ചോദ്യം ചെയ്തതിലൂടെയാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസ് മനസ്സിലാക്കിയത്. തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തപ്പോഴാണ് മൃതദേഹാവശിഷ്ടം ലഭിച്ചത്. രാത്രിയായതിനാൽ തുടർ നടപടികൾ നിർത്തിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.