ഹൈറിച്ച് തട്ടിപ്പ്: പ്രതികളുടെ 212 കോടിയുടെ സ്വത്ത് ഇ.ഡി മരവിപ്പിച്ചു
text_fieldsകൊച്ചി: ഹൈറിച്ച് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്ത് മരവിപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). ഹൈറിച്ച് കമ്പനി മാനേജിങ് ഡയറക്ടർ കെ.ഡി. പ്രതാപന്റെയും ഭാര്യയും സി.ഇ.ഒയുമായ ശ്രീനയുടെയും പേരിലുള്ള 212 കോടി രൂപയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. ക്രിപ്റ്റോ കറൻസി വഴി പ്രതികൾ 850 കോടി തട്ടിയെടുത്തെന്ന് കണ്ടെത്തിയാണ് ഇ.ഡി നടപടി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കലൂരിലെ പ്രത്യേക കോടതി 30ന് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. ചോദ്യംചെയ്യലിന് നോട്ടീസ് നൽകാനിരിക്കെ ഇവർ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ മറവിൽ ഉടമകൾ 2300 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇ.ഡിയുടെ നിഗമനം. കേരളത്തിൽ മാത്രം 1630 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഇവരുടെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയത്. സായുധ സേനയുടെ അകമ്പടിയോടെ വന്ന ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് ദമ്പതികൾ കടന്നുകളഞ്ഞിരുന്നു.
ഇവരെ ബന്ധപ്പെടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിക്ഷേപകരിൽനിന്ന് സ്വീകരിച്ച നൂറുകോടി ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് ഇ.ഡി ഇവരുടെ വീട്ടിലെത്തിയത്.
കമ്പനി 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി ജി.എസ്.ടി വകുപ്പും കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇ.ഡി.യും അന്വേഷണം ആരംഭിച്ചത്. കമ്പനി ഹെഡ് ഓഫിസ്, ഉടമകളുടെ രണ്ട് വീടുകള്‍, തൃശൂരും എറണാകുളം ഇടപ്പള്ളിയിലുമുള്ള ശാഖകള്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. പലചരക്ക് ഉൽപന്നങ്ങളുടെ വില്‍പനക്കായി ഹൈറിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രീതിയിലാണ് ഇടപാടുകാരെ സൃഷ്ടിച്ചത്. ഇന്ത്യയിലാകെ 680 ഷോപ്പുകളും കേരളത്തില്‍ 78 ശാഖകളുമുണ്ട്. ഏതാണ്ട് 1.63 ലക്ഷം ഇടപാടുകാരുടെ ഐ.ഡികള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടാന്‍ ഒരു ഇടപാടുകാരന്റെ പേരില്‍തന്നെ അമ്പതോളം ഐ.ഡികള്‍ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നതത്രേ. ലാഭവിഹിതവും മറ്റ് ആനുകൂല്യവും നൽകുമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.