വീട്ടിൽ സൂക്ഷിച്ച 22 കിലോ കഞ്ചാവ് പിടികൂടി
text_fieldsഒല്ലൂർ: നടത്തറ കൊഴുക്കുള്ളിയിലെ വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച വൻ കഞ്ചാവ് ശേഖരം എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കൊഴുക്കുള്ളി സൗഹൃദ നഗർ മാളക്കാരൻ റിക്സന്റെ (34) വീട്ടിൽനിന്നാണ് വലിയ പാക്കറ്റുകളിൽ സൂക്ഷിച്ച 22 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.
പൂരം, പെരുന്നാൾ ആഘോഷങ്ങൾക്കിടെ നടത്തറയിലും സമീപപ്രദേശങ്ങളിലും ലഹരിസംഘം വ്യാപകമായി അക്രമപ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ഇവിടങ്ങളിൽ എക്സൈസിന്റെ പ്രത്യേക ഷാഡോ ടീം നിരീക്ഷണം നടത്തിയിരുന്നു. തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമീഷണർ എസ്. ഷാനവാസിന്റെ നിർദേശപ്രകാരം തൃശൂർ എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ അഷ്റഫും പാർട്ടിയും സിവിൽ വേഷത്തിൽ ഈ പ്രദേശത്ത് രാത്രിയും പകലും പരിശോധന നടത്തിവന്നിരുന്നു. മുൻ കേസിലെ പ്രതികളെ നിരീക്ഷിച്ചുവരവേയാണ് റിക്സൻ കഞ്ചാവ് കടത്തുന്നതായി ശ്രദ്ധയിൽ പെട്ടത്. വ്യാഴാഴ്ച രാവിലെ പ്രദേശത്തെത്തിയ എക്സൈസ് സംഘത്തെ കണ്ട് പ്രതി ബൈക്ക് ഉപേക്ഷിച്ച് ഉത്സവ തിരക്കിലൂടെ രക്ഷപ്പെട്ടു. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 22 കിലോ കഞ്ചാവ് കണ്ടെത്തി. ഇയാൾ വീട്ടിൽ ഒറ്റക്കാണ് താമസം. രാത്രി നിരവധി പേർ ഇവിടെ വന്നുപോയിരുന്നു. കഞ്ചാവ് കടത്ത് കേസിൽ മുമ്പും പ്രതിയായ ആളാണ് റിക്സൻ. ഇയാളെ പിടികൂടുന്നതിന് എക്സൈസ് സംഘം അന്വേഷണമാരംഭിച്ചു. പ്രിവന്റിവ് ഓഫിസർമാരായ ടി.ജി. മോഹനൻ, പി.ബി. അരുൺ കുമാർ, കെ. സുനിൽ കുമാർ, എക്സൈസ് സി.പി.ഒമാരായ പി.വി. വിശാൽ, ശ്രീജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.