കേരളത്തിൽ പൊലീസിന് കടന്നുചെല്ലാൻ കഴിയാത്ത 22 സ്ഥലങ്ങൾ -കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: പിണറായി വിജയന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ബോധപൂർവം നിയമവാഴ്ചയെ അട്ടിമറിക്കുന്നതാണ് കഴിഞ്ഞ ആറുമാസമായി കേരളത്തിൽ കാണുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. പൊലീസിന് കടന്നുചെല്ലാൻ കഴിയാത്ത 22 സ്ഥലങ്ങൾ കേരളത്തിലുണ്ട്.
പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതികളെ പിടിക്കാതിരിക്കാൻ സർക്കാർ ഖജാനാവിലെ പണമുപയോഗിച്ച് സുപ്രീംകോടതിവരെ പോയി. പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചിട്ടും സി.ബി.ഐ കഴിഞ്ഞ ദിവസംഅവരെ അറസ്റ്റുചെയ്യുകയുണ്ടായി.
പാലക്കാട് സഞ്ജിത്തിേന്റത് പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ്. അതിലെ പ്രതികൾ ഇപ്പോഴും നിയമനടപടികൾക്ക് പുറത്താണ്. സി.പി.എം പ്രവർത്തകരും പിണറായി വിജയന് താല്പര്യമുള്ള പോപ്പുലർ ഫ്രണ്ട് തീവ്രവാദികളും നടത്തുന്ന കൊലപാതകങ്ങൾ സർക്കാർ നേരിട്ട് അട്ടിമറിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബിന്‍റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതഭീകരവാദികൾക്ക് ശക്തിപകരാൻ സർക്കാരിന്‍റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായങ്ങളും ലഭിക്കുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ അതിക്രമങ്ങൾ തടയാൻ പൊലീസിന് സാധിക്കുന്നില്ല. കരുനാഗപ്പള്ളിയിൽ പോപ്പുലർഫ്രണ്ട് ഓഫീസ് റെയ്ഡ് നാടകമായിരുന്നു. അത് പൊലീസ് തന്നെ നേരത്തെ ചോർത്തി നൽകി.
ഒരുകിലോമീറ്റർ അകലെ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് വിലക്കുന്നു. ഇവർക്കെല്ലാം മുഖ്യമന്ത്രിയുടെ പിന്തുണയുണ്ട്. ഹലാൽ എന്നത് ഒരു ഭക്ഷണ വിഷയമല്ല. ഇത് തീവ്രവാദ അജണ്ടയാണ്. പോപ്പുലർ ഫ്രണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാൻ കൊണ്ടുവന്നതാണിത്. ഇതിനെ മുഖ്യമന്ത്രി വെള്ളപൂശുകയാണ്.
സംരക്ഷിത വനങ്ങളിലെ മരം വെട്ടി വിറ്റ കേസിൽ ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി. ഇതുമായി നേരിട്ട് ബന്ധമുള്ള ഉന്നതരെ ഒഴിവാക്കി. മോൻസൺ കേസിലും പ്രതിയുമായി നേരിട്ട് ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഒഴിവാക്കി കേസ് ദുർബലമാക്കി.
ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ നിയമസഭയെ അവഹേളിച്ച അക്രമത്തിലും ഖജാനാവിൽ നിന്ന് പണമെടുത്ത് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നു. സ്ത്രീപീഡനങ്ങളിലുൾപ്പെടെ സി.പി.എമ്മും അതുമായി ബന്ധമുള്ളവരും പ്രതികളായ കേസുകൾ അട്ടിമറിക്കപ്പെടുന്നു. നിയമവാഴ്ച പൂർണമായും തകർന്നുവെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി. കോവിഡ് പ്രതിരോധത്തിൽ കേരളം ദയനീയ പരാജയമാണ്.
ടി.പി.ആർ നിരക്കിൽ മുന്നിൽ കേരളമാണ്. മരണനിരക്കിൽ രണ്ടാംസ്ഥാനമാണ്. യഥാർത്ഥ മരണനിരക്ക് മറച്ചുവച്ചു. കൊവിഡ് പ്രതിരോധത്തിൽ സാമ്പത്തിക ബാധ്യത മുഴുവൻ ഏറ്റെടുത്തത് കേന്ദ്രസർക്കാരാണ്. ആറു മാസത്തിനിടയിൽ ഒമ്പതു കുട്ടികളാണ് പോഷകാഹാര കുറവുമൂലം അട്ടപ്പാടിയിൽ മരിച്ചത്. കേന്ദ്രം 131 കോടി രൂപയാണ് അട്ടപ്പാടിയിലേക്ക് കൊടുത്തത്. 20 വർഷമായി 20,000 കോടി രൂപയാണ് പട്ടികജാതി പട്ടികവർഗങ്ങൾക്കായി കൊടുത്തത്.
ഒന്നും ഫലവത്താക്കാനായില്ല. സാധാരണക്കാർ പട്ടിണികിടക്കാത്തത് കേന്ദ്രം അരിയും പയറും നൽകുന്നതിനാലാണ്. സംസ്ഥാനത്തെ ആരോഗ്യവകുപ്പും പട്ടികജാതി, പട്ടികവർഗ വകുപ്പുമെല്ലാം പരാജയമാണ്. മറ്റെല്ലാ സംസ്ഥാനങ്ങളും അധികനികുതി കുറച്ചിട്ടും കേരളം പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാൻ തയ്യാറായില്ല. കഴിഞ്ഞ ആറുമാസത്തെ പിണറായി ഭരണത്തിൽ കേരളത്തിൽ അഴിമതി സാർവത്രികമായി. നിയമവാഴ്ച തകർന്നു, വിലക്കയറ്റം രൂക്ഷമായെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.