22കാരി ഹോസ്റ്റൽ ശൗചാലയത്തിൽ പ്രസവിച്ചു
text_fieldsകൊച്ചി: കലൂരിലെ ഹോസ്റ്റൽ ശൗചാലയത്തിൽ അവിവാഹിതയായ 22കാരി ആൺകുഞ്ഞിന് ജന്മം നൽകി. ഹോസ്റ്റലിലെ സുഹൃത്തുക്കൾ അറിയിച്ചതിനെത്തുടർന്ന് എറണാകുളം നോർത്ത് പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച നഗരത്തിലെ ഫ്ലാറ്റിലെ ശൗചാലയത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകുകയും തുടർന്ന് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിന്‍റെ ഞെട്ടൽ മാറുംമുമ്പെയാണ് ഹോസ്റ്റലിലെ പ്രസവം.
ഗർഭിണിയാണെന്ന വിവരം രഹസ്യമാക്കിവെച്ച് ഹോസ്റ്റലിൽ താമസിക്കുകയായിരുന്ന കൊല്ലം സ്വദേശിയാണ് ഞായറാഴ്ച രാവിലെ പരസഹായമില്ലാതെ പ്രസവിച്ചത്. രാവിലെ ശൗചാലയത്തിൽ പോയ യുവതിയെ ദീർഘനേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാതിരുന്നതോടെ സുഹൃത്തുക്കൾ വിളിച്ചുനോക്കി. അകത്തുനിന്ന് കരച്ചിൽ കേട്ടതോടെ അവർ ബലമായി വാതിൽ തള്ളിത്തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ നോർത്ത് പൊലീസ് സംഘം കുഞ്ഞിനെയും അമ്മയെയും എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 2.80 കിലോഗ്രാം തൂക്കമുള്ള കുട്ടി ആരോഗ്യവാനാണ്. യുവതിക്കും കുഴപ്പമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.
മൂന്നരമാസം മുമ്പാണ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ച് യുവതി എറണാകുളത്ത് എത്തിയത്. ഹോസ്റ്റലിൽ അഞ്ചുപേർക്കൊപ്പമായിരുന്നു താമസം. ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിലുള്ളവരോടും ജോലി സ്ഥലത്തുള്ളവരോടും മറച്ചുവെച്ചിരിക്കുകയായിരുന്നു. സംശയം തോന്നി ചോദിച്ചവരോട് ഗ്യാസ്ട്രബിളിന്‍റെ പ്രശ്നമുണ്ടെന്നാണ് മറുപടി നൽകിയതെന്നും പറയുന്നു.
കുഞ്ഞിന്‍റെ പിതാവിനെക്കുറിച്ച് യുവതി പൊലീസിന് വിവരം നൽകി. പൊലീസ് അറിയിച്ചതനുസരിച്ച് യുവാവും ഇരുവരുടെയും ബന്ധുക്കളും സ്റ്റേഷനിലെത്തി. ഇവർ കുട്ടിയെയും അമ്മയെയും സന്ദർശിച്ചു. ചികിത്സ പൂർത്തിയാക്കിയശേഷം ഇരുവരെയും കൊല്ലത്തേക്ക് കൊണ്ടുപോകാൻ സന്നദ്ധരാണെന്ന് കുടുംബം അറിയിച്ചു. യുവതി പരാതിയൊന്നും നൽകിയിട്ടില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.