220 അധ്യയന ദിനം: നിർദേശവുമായി സർക്കാർ മുന്നോട്ട്, എതിർപ്പുമായി അധ്യാപക സംഘടനകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് 28 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കി 220 അധ്യയന ദിനങ്ങൾ തികക്കാനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ക്യു.ഐ.പി (ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം) യോഗത്തിൽ ഇതുസംബന്ധിച്ച നിർദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ അവതരിപ്പിച്ചെങ്കിലും അധ്യാപക സംഘടനകളിൽനിന്ന് എതിർപ്പുയർന്നിരുന്നു. പ്രവൃത്തിദിവസമാക്കാൻ ഉദ്ദേശിക്കുന്ന ശനിയാഴ്ചകൾ ഏതെല്ലാം എന്നത് ഉൾപ്പെടെയായിരുന്നു നിർദേശം.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലും കേരള വിദ്യാഭ്യാസ ചട്ടങ്ങളിലും (കെ.ഇ.ആർ) 220 പ്രവൃത്തി ദിനം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ഇതുസംബന്ധിച്ച് അധ്യാപക സംഘടനകളുമായി ചർച്ച നടത്തുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
എൽ.പി സ്കൂളുകളിൽ 800 മണിക്കൂറും യു.പി സ്കൂളിൽ 1000 മണിക്കൂറും ഹൈസ്കൂളിൽ 220 ദിവസം അല്ലെങ്കിൽ 1200 മണിക്കൂറും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. പലകാരണങ്ങളാൽ ഇതു ലഭിക്കുന്നില്ല. എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് ശനിയാഴ്ചയാണ് നിലവിൽ ഉപയോഗപ്പെടുത്തുന്നത്. ഇതെല്ലാം പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ കലണ്ടർ ആയിരിക്കും പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യയന വർഷാരംഭത്തിൽ പുറത്തിറക്കുകയെന്നാണ് സൂചന. ജൂൺ മൂന്ന്, 17, 24, ജൂലൈ ഒന്ന്, 15, 22, 29, ആഗസ്റ്റ് അഞ്ച്, 19, സെപ്റ്റംബർ 16, 23,30, ഒക്ടോബർ ഏഴ്, 21, 28, നവംബർ നാല്, 25, ഡിസംബർ രണ്ട്, 16, 2024 ജനുവരി ആറ്, 20, 27, ഫെബ്രുവരി മൂന്ന്, 17, 24, മാർച്ച് രണ്ട്, 16, 23 എന്നീ ശനിയാഴ്ചകളാണ് അധ്യയന ദിവസമാക്കാൻ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.