ജില്ല-ബ്ലോക്ക് പഞ്ചായത്തുകളിലെ 222 ക്ലർക്കുമാർ ഗ്രാമപഞ്ചായത്തുകളിലേക്ക്
text_fieldsപാലക്കാട്: ജില്ല പഞ്ചായത്തുകളിലേക്കും ബ്ലോക്ക് പഞ്ചായത്തുകളിലേക്കുമായി പുനർവിന്യസിച്ചിരുന്ന 222 ക്ലർക്കുമാർ ഗ്രാമപഞ്ചായത്തുകളിലേക്ക്. ബ്ലോക്ക് പഞ്ചായത്തുകളിൽനിന്ന് 152ഉം ജില്ല പഞ്ചായത്തുകളിൽനിന്ന് 70ഉം പേരെയാണ് ജോലിഭാരമേറെയുള്ള ഗ്രാമപഞ്ചായത്തുകളിലേക്ക് പുനർവിന്യസിക്കാൻ തദ്ദേശവകുപ്പ് ഉത്തരവായത്.
19 വകുപ്പുകളിൽനിന്ന് 2000ത്തിൽ ജില്ല-ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പുനർവിന്യസിക്കപ്പെട്ട് മൂന്നു വർഷം പൂർത്തിയാക്കിയവരെയാണ് മാറ്റുന്നത്. ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് പുനർവിന്യാസം തുടരേണ്ട സാഹചര്യമുണ്ടെന്ന് തദ്ദേശവകുപ്പ് സർക്കാറിനെ അറിയിച്ചിരുന്നു.
മൂന്നുവർഷം പൂർത്തിയായ ക്ലറിക്കൽ തസ്തികയിലെ ജീവനക്കാരെ അവർ ജോലി ചെയ്യുന്ന ഓഫിസിനോട് അടുത്തുള്ളതോ അവർ താൽപര്യപ്പെടുന്നതോ ആയ ജോലിഭാരമുള്ള പഞ്ചായത്തുകളിലേക്ക് സ്ഥലംമാറ്റി നിയമിക്കാനുള്ള നിർദേശം വകുപ്പ് മേധാവികളോട് സമർപ്പിക്കാനാണ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവ്. നിലവിൽ ബ്ലോക്ക്-ജില്ല പഞ്ചായത്തുകളിൽ പുനർവിന്യസിച്ച് മൂന്നു വർഷം പൂർത്തിയാക്കാത്ത ജീവനക്കാരെ മൂന്നു വർഷം പൂർത്തിയാവുമ്പോൾ ഗ്രാമപഞ്ചായത്തുകളിലേക്ക് മാറ്റാം. അതിനുള്ള നടപടി വകുപ്പുമേധാവികളും പ്രിൻസിപ്പൽ ഡയറക്ടറും സ്വീകരിക്കാനും കഴിഞ്ഞ ദിവസമിറങ്ങിയ ഉത്തരവിലുണ്ട്.
തദ്ദേശ വകുപ്പ് ഏകീകരണത്തിന്റെ ഭാഗമായാണ് 2000ത്തിൽ 19 വകുപ്പുകളിൽനിന്ന് 1302 ക്ലറിക്കൽ തസ്തികകൾ തദ്ദേശസ്ഥാപനങ്ങളിലേക്ക് പുനർവിന്യസിച്ചത്. അന്ന് ഗ്രാമപഞ്ചായത്തുകളിലേക്കും ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ഓരോ തസ്തികയും ജില്ല പഞ്ചായത്തുകളിലേക്ക് അഞ്ചു തസ്തികകളുമാണ് അനുവദിച്ചത്. പിന്നീട് ജലവിഭവ വകുപ്പിൽനിന്ന് 380 ക്ലറിക്കൽ തസ്തികകൾ പുനർവിന്യസിച്ചു. ഇതിന്റെ ഭാഗമായി 990 ക്ലർക്കുമാരുടെ തസ്തികകൾ പഞ്ചായത്തുകളിൽ പുതുതായി സൃഷ്ടിച്ചു.
ആ തസ്തികകളിൽ പി.എസ്.സി മുഖേന നിയമനവും നടത്തി. തുടർന്ന് പഞ്ചായത്തുകളിലെ പുനർവിന്യാസം താൽക്കാലികമായി ഒഴിവാക്കി. നിലവിൽ പുനർവിന്യാസ വ്യവസ്ഥയിൽ നിയമനം നടത്താനായി പഞ്ചായത്തുകളിൽ ക്ലറിക്കൽ തസ്തികകൾ വേണം. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. ജോലിഭാരമേറെയുള്ളതും കൂടുതൽ വാർഡുകളുള്ളതുമായ പഞ്ചായത്തുകൾക്ക് ഉത്തരവ് വലിയ ആശ്വാസമാകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.