223 ദിവസത്തെ കാൽനടയാത്ര; രണ്ട് ഭക്തർ സന്നിധാനത്ത്
text_fields223 ദിവസം കാൽനടയാത്ര ചെയ്ത് ശബരിമല സന്നിധാനത്തെത്തിയ സനത്കുമാർ നായക്, സമ്പത്ത്കുമാർ ഷെട്ടി എന്നിവർ
ശബരിമല: വിശ്വശാന്തിക്കായുള്ള പ്രാർഥനയുമായി നൂറുകണക്കിന് കിലോമീറ്റർ കാൽനടയാത്രചെയ്ത് ശബരിമല സന്നിധാനത്തെത്തി രണ്ട് ഭക്തർ. കാസർകോട് കുഡ്ലു രാംദാസ് നഗർ സ്വദേശികളായ സനത്കുമാർ നായക്, സമ്പത്ത്കുമാർ ഷെട്ടി എന്നിവരാണ് 223 ദിവസം കാൽനടയായി യാത്രചെയ്ത് അയ്യപ്പസന്നിധിയിൽ എത്തിയത്.
ബദ്രിനാഥിൽനിന്ന് തുടങ്ങി വിവിധ തീർഥാടനകേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും സന്ദർശിച്ചാണ് ഇവർ ഇരുമുടിക്കെട്ടുമേന്തി സന്നിധാനത്തെത്തിയത്. ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങൾക്കൊപ്പം മറ്റ് തീർഥാടനകേന്ദ്രങ്ങളും യാത്രയിൽ ഇവർ സന്ദർശിച്ചു. മേയ് 26ന് ട്രെയിൻ മാർഗം കാസർകോടുനിന്ന് തിരിച്ച ഇവർ ബദരിനാഥിൽ എത്തി. ജൂൺ രണ്ടിന് കെട്ട് നിറച്ച് മൂന്നിന് അവിടെനിന്ന് കാൽനടയായി തിരിച്ചു. അയോധ്യ, ഉജ്ജയിനി, ദ്വാരക, പുരി ജഗന്നാഥ്, രാമേശ്വരം, അച്ചൻകോവിൽ, എരുമേലി വഴിയാണ് സന്നിധാനത്തെത്തിയത്. വിവിധ സ്ഥലങ്ങളിൽ ക്ഷേത്രങ്ങളിൽ തങ്ങി അവിടത്തെ ഭക്ഷണം കഴിച്ചും മറ്റു സ്ഥലങ്ങളിൽ പാചകം ചെയ്തുകഴിച്ചുമാണ് യാത്ര തുടർന്നത്. സന്നിധാനത്തെത്തിയ സനത്കുമാർ നായക്കിനെയും സമ്പത്ത്കുമാർ ഷെട്ടിയെയും സ്പെഷൽ ഓഫിസർ പ്രവീൺ, അസി. സ്പെഷൽ ഓഫിസർ ഗോപകുമാർ എന്നിവർ സ്വീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.