2282 അധ്യാപകർ വാക്സിനെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 2282 അധ്യാപകർ ഇതുവരെ വാക്സിനെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 327 അനധ്യാപകരും വാക്സിനെടുത്തിട്ടില്ല. പരിസരശുചീകരണം, അണുനശീകരണം എന്നിവ നടത്തി സജ്ജമാക്കാനുള്ള സ്‌കൂളുകളുടെ എണ്ണം 204 ആണെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവർത്തനം സുഗമമാക്കാൻ ഫണ്ട് എത്തിക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സോപ്പ്, ഹാൻഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിന് 2.85 കോടി രൂപയാണ് സ്‌കൂളുകൾക്ക് നൽകിയിട്ടുള്ളത്. നവംബർ, ഡിസംബർ മാസങ്ങളിലെ 49 പ്രവൃത്തിദിവസങ്ങളിലെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് ചെലവുകൾക്കായി 105.5 കോടി രൂപ സ്‌കൂളുകൾക്ക് മുൻകൂറായി നൽകിയിട്ടുണ്ട്.
നവംബർ, ഡിസംബർ മാസങ്ങളിലേക്കുള്ള പാചക തൊഴിലാളികളുടെ ഹോണറേറിയം തുകയായ 45 കോടി രൂപയും മുൻകൂറായി വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുവദിച്ചിട്ടുണ്ട്. സ്‌കൂൾ ഗ്രാൻഡ് ഇനത്തിൽ എസ്.എസ്.കെ. 11 കോടി രൂപ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ അനുവദിച്ചിട്ടുണ്ട്. നവംബർ മാസത്തിനുള്ളിൽ ബാക്കി 11 കോടി രൂപ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാധാരണഗതിയിൽ അക്കാദമിക് ആവശ്യങ്ങൾക്കും ടോയ്‌ലറ്റ് മെയിന്‍റിനൻസ്, അത്യാവശ്യ അറ്റകുറ്റപ്പണികൾ തുടങ്ങിയ ആവശ്യങ്ങൾക്കും ആണ് പ്രസ്തുത തുക അനുവദിക്കുന്നത്.
എന്നാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഈ തുക ഉപയോഗിക്കാം. സ്‌കൂൾ മെയിന്റനൻസ് ഗ്രാൻഡ് ഇനത്തിൽ എല്ലാ ഉപഡയറക്ടർമാർക്കും 10 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകൾ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ഈ തുക ഉടൻ നൽകുന്നതാണെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.