നിപ സമ്പർക്കപട്ടികയിൽ മലപ്പുറം ജില്ലയിൽനിന്നുള്ള 23 പേർ
text_fields‘മലപ്പുറം: നിപ ബാധിച്ച് കോഴിക്കോട് ജില്ലയിൽ മരിച്ച വ്യക്തി ചികിത്സ തേടിയിരുന്ന കോഴിക്കോട് ഇഖ്‌റ ആശുപത്രിയുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലയിൽനിന്നുള്ള 23 പേർ ഉൾപ്പെട്ടതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. രേണുക അറിയിച്ചു. കോഴിക്കോട് ജില്ലയുടെ അതിർത്തിപ്രദേശങ്ങളായ കൊണ്ടോട്ടി, ഓമാനൂർ, എടവണ്ണ, നെടുവ ആരോഗ്യ ബ്ലോക്കുകളിലെ പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് പട്ടികയിൽ ഉൾപ്പെട്ടത്.
23 പേരുടെയും സ്രവം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വൈറോളജി ലാബിലേക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ ഇവർക്കാർക്കും രോഗലക്ഷണങ്ങളില്ല. പരിശോധന ഫലം ശനിയാഴ്ച അറിയും.
ജില്ല നിപ കൺട്രോൾ സെല്ലിൽനിന്ന് ഇവരെ ബന്ധപ്പെടുകയും ആരോഗ്യനില നിരീക്ഷിക്കാൻ ഈ പ്രദേശങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് ജില്ല മെഡിക്കൽ ഓഫിസർ നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവർ ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന ദിവസംവരെ വീടുകളിൽ ക്വാറന്‍റീനിൽ ഇരിക്കുകയും കുടുംബാംഗങ്ങളുമായോ പൊതുജനങ്ങളുമായോ ഇടപെടുന്നത് ഒഴിവാക്കുകയും ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.