ഒരു വർഷെത്ത നിയമയുദ്ധത്തിനൊടുവിൽ 23 വിദ്യാർഥികൾക്ക് മെഡിക്കൽ പ്രവേശനം
text_fieldsതിരുവനന്തപുരം: ഒരു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ അർഹതപ്പെട്ട മെഡിക്കൽ സീറ്റിൽ പ്രവേശനം നേടിയ സന്തോഷത്തിൽ 23 വിദ്യാർഥികൾ. പ്രവേശനത്തിൽ കൃത്രിമം കാട്ടിയതിനെതുടർന്ന് കഴിഞ്ഞ വർഷം പാലക്കാട് കരുണ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിക്കാതെ പോയ വിദ്യാർഥികളാണ് തിങ്കളാഴ്ച തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ഒാഡിറ്റോറിയത്തിൽ നടത്തിയ കേന്ദ്രീകൃത പ്രവേശനത്തിനെത്തിയത്.
30 വിദ്യാർഥികൾക്കാണ് കഴിഞ്ഞവർഷം പ്രവേശനം ലഭിക്കാതെപോയത്. ഇതിൽ ചില വിദ്യാർഥികൾ മറ്റ് കോഴ്സുകൾക്ക് ചേർന്നു. നാലുപേർക്ക് ക്രിസ്ത്യൻ മെഡിക്കൽ കോളജുകളിൽ ഇൗ വർഷം പ്രവേശനം ലഭിച്ചു. അവശേഷിക്കുന്ന 23 പേരാണ് തിങ്കളാഴ്ച ഉച്ചയോടെ പ്രേവശനം നേടി മടങ്ങിയത്. കഴിഞ്ഞവർഷം സർക്കാറുമായി കരാർ ഒപ്പിടാതെ കരുണ, കണ്ണൂർ മെഡിക്കൽ കോളജുകൾ നേരിട്ടാണ് പ്രവേശന നടപടികൾ നടത്തിയത്. ഇത് പരിശോധിച്ച ജസ്റ്റിസ് ജയിംസ് അധ്യക്ഷനായ പ്രവേശന മേൽനോട്ടസമിതി കൃത്രിമം കണ്ടെത്തുകയും ഇടപെടുകയുമായിരുന്നു.
കരുണയിലെ 30 വിദ്യാർഥികളുടെയും കണ്ണൂർ മെഡിക്കൽ കോളജിലെ മുഴുവൻ വിദ്യാർഥികളുടെയും പ്രവേശനം റദ്ദുചെയ്തു. കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം കരുണയിലെ അപേക്ഷകരുടെ പട്ടിക പരിശോധിച്ച് 30 സീറ്റുകളിലേക്ക് പ്രവേശന പരീക്ഷാ കമീഷണർ കഴിഞ്ഞവർഷം മെറിറ്റ് പ്രകാരം അലോട്ട്മെൻറ് നടത്തിയിരുന്നു.
എന്നാൽ, ഇവർക്ക് പ്രവേശനം നൽകാതെ കോളജ് അധികൃതർ ഹൈകോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചു. കോടതി ജയിംസ് കമ്മിറ്റിയുടെ നടപടി ശരിവെക്കുകയും പ്രവേശനം നൽകാതിരുന്ന 30 പേർക്ക് ഇൗ വർഷം അലോട്ട്മെൻറ് നൽകാൻ നിർദേശിക്കുകയുമായിരുന്നു. ഇതോടെയാണ് വിദ്യാർഥികളുടെ പ്രവേശനത്തിന് വഴിയൊരുങ്ങിയത്.
അഞ്ച് ലക്ഷം രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റും ബാക്കി തുകക്ക് ബോണ്ടും സമർപ്പിച്ചാണ് വിദ്യാർഥികൾ പ്രവേശനം നേടിയത്. അന്തിമ ഫീസ് എത്രയാകുമെന്ന കാര്യത്തിൽ ഇവർക്ക് ആശങ്കയുണ്ട്. കണ്ണൂർ മെഡിക്കൽ കോളജിലെ 150 വിദ്യാർഥികളുടെയും പ്രവേശനം റദ്ദുചെയ്തെങ്കിലും കോളജ് അധികൃതർ കോടതിയെ സമീപിച്ച് വിദ്യാർഥികളെ തുടർന്നും പഠിപ്പിക്കുകയായിരുന്നു. എന്നാൽ, സുപ്രീംകോടതി ജയിംസ് കമ്മിറ്റിയുടെ നടപടി ശരിവെച്ചതോടെ ഇവിടെ പ്രവേശനം നേടിയ വിദ്യാർഥികൾ വഴിയാധാരമായി. ഇൗ വിദ്യാർഥികൾ സങ്കടഹരജിയുമായി സർക്കാറിനെ സമീപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.