രേഖകളില്ലാതെ 23 വർഷം ബഹ്റൈനിൽ; രാജൻ നാടണഞ്ഞു
text_fieldsആയഞ്ചേരി: 23 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വള്ള്യാട് സ്വദേശി ചിറക്കൽ താഴെ കുനിയിൽ വീട്ടിൽ കണാരെൻറ മകൻ രാജൻ ബഹ്റൈനിൽനിന്ന് ശനിയാഴ്ച പുലർച്ച വള്ള്യാട്ടെ വീട്ടിൽ എത്തി.
പാസ്പോർട്ടും മറ്റു രേഖകളും സൂക്ഷിച്ചിരുന്നത് നേരേത്ത ജോലിചെയ്തിരുന്ന കമ്പനിയിലായിരുന്നു. ആ കമ്പനി പിന്നീട് പൂട്ടിപ്പോയി. സി.പി.ആർ ഉൾപ്പെടെ രേഖകൾ തിരിച്ചുനൽകിയിരുന്നില്ല. പാസ്പോർട്ട് പകർപ്പുപോലും ഉണ്ടായില്ല. സ്ഥിരമായ ഒരു ജോലി കിട്ടാൻ തടസ്സം നേരിട്ടു.
വിവിധ നിർമാണ കമ്പനികളിൽ കുറഞ്ഞ വരുമാനത്തിൽ ജോലി നോക്കുകയായിരുന്നു. നാട്ടുകാരനായ സുഹൃത്ത് ഐ.വൈ.സി.സി മുഹറഖ് ഏരിയ പ്രസിഡൻറ് കടമേരി സ്വദേശി പ്രമീജ് കുമാർ ഐ.വൈ.സി.സി ദേശീയ പ്രസിഡൻറ് അനസ് റഹീമിെൻറ ശ്രദ്ധയിൽപെടുത്തി.
തുടർന്ന് പൊതുമാപ്പ് ഉപയോഗപ്പെടുത്തി എംബസിയിൽനിന്ന് ഔട്ട്പാസ് ലഭ്യമാക്കി. എന്നിട്ടും എമിഗ്രേഷൻ ക്ലിയറൻസ് കടമ്പ കടക്കാൻ വലിയ പ്രയാസം നേരിട്ടു. അറുപതാം വയസ്സിൽ നാട്ടിൽ പോകാനുള്ള ടിക്കറ്റ് എടുത്ത് മൂന്നുതവണ മാറ്റേണ്ടിവന്നു. തുടർന്ന് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ഭാരവാഹി ഐ.സി.ആർ.എഫ് അംഗം സുധീർ തിരുനിലത്തിെൻറ ശ്രമഫലമായാണ് എമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കാൻ കഴിഞ്ഞത്.
ഇന്ത്യൻ എംബസി, ബഹ്റൈൻ നോർക്ക സെൽ കൺവീനർ കെ.ടി. സലിം, ഐ.സി.ആർ.എഫ് ചെയർമാൻ അരുൽദാസ് തോമസ്, ഐ.വൈ.സി.സി ഹെൽപ് ഡെസ്ക് കൺവീനർ മണിക്കുട്ടൻ എന്നിവരുടെ സഹായവും മുതൽക്കൂട്ടായി. വിമാന ടിക്കറ്റും ഐ.വൈ.സി.സിയാണ് നൽകിയത്.
ബഹ്റൈനിൽനിന്ന് ഫ്ലൈ ദുബൈ വിമാനത്തിൽ പ്രസിഡൻറ് അനസ് റഹിം, ഹെൽപ് ഡെസ്ക് കൺവീനർ മണിക്കുട്ടൻ, സ്പോർട്സ് വിങ് കൺവീനർ ബെൻസി, പ്രമേജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ രാജനെ യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.