24 മണിക്കൂറും ചുവപ്പ് ലൈറ്റ്; എന്തിനാണീ സിഗ്നൽ
text_fieldsമട്ടന്നൂര്‍: ട്രിപ്പിള്‍ ജങ്ഷനില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ എന്തിനെന്ന് രണ്ടു വര്‍ഷമായിട്ടും നാട്ടുകാർക്ക് മനസ്സിലായിട്ടില്ല. വാഹനത്തിരക്കേറിയ കവലയില്‍ തലശ്ശേരി -വളവുപാറ റോഡ് വികസനത്തിന്റെ ഭാഗമായി റോഡ് നവീകരണം നടത്തിയ ശേഷമാണ് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചത്. എന്നാല്‍ 24 മണിക്കൂറും ചുവന്ന പ്രകാശമല്ലാതെ മറ്റൊന്നും സിഗ്നലിൽ വെളിച്ചംകണ്ടില്ല.
വിമാനത്താവളത്തിലേക്ക് ഉള്‍പ്പടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ജങ്ഷനില്‍ ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്. റോഡ് വീതി കൂട്ടിയ ശേഷം മുമ്പത്തെ പോലുള്ള യാത്രാക്ലേശം കുറവാണ്. സിഗ്നല്‍ സ്ഥാപിച്ചിട്ടുള്ളത് ശരിയായ രീതിയില്‍ അല്ലെന്നും മാറ്റി സ്ഥാപിക്കണമെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിനും നടപടിയില്ല.
മൈസൂരു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കവലയില്‍ നിന്ന് തിരിഞ്ഞ് കണ്ണൂരിലേക്കു പോകുമ്പോള്‍, കണ്ണൂരില്‍നിന്ന് തലശ്ശേരിക്കും തലശ്ശേരി നിന്ന് ഇരിട്ടിക്കും പോകുന്ന വാഹനങ്ങള്‍ക്ക് നിയമം പാലിക്കാന്‍ കഴിയുന്നില്ല.
ട്രാഫിക് സിഗ്നല്‍ അനുസരിച്ച് വാഹനങ്ങള്‍ നിയന്ത്രിച്ചാല്‍ ഇരിക്കൂര്‍ റോഡ് ജങ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന ആശങ്കയുണ്ട്. ഇരിക്കൂര്‍, മരുതായി ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ കണ്ണൂര്‍ റോഡിലേക്ക് പ്രവേശിക്കുന്ന കവലയിലും ഗതാഗതക്കുരുക്ക് പതിവാണ്. ഇതൊഴിവാക്കാനായി ഇരിക്കൂര്‍ ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങളെ ഇരിട്ടി റോഡിലെ ബൈപ്പാസ് വഴി കടത്തിവിടാന്‍ ക്രമീകരണം ഒരുക്കിയിരുന്നു. എന്നാല്‍ പലപ്പോഴും ഗതാഗതം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമണുള്ളത്.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മട്ടന്നൂര്‍ കവലയില്‍ ദിശാസൂചകങ്ങളോടു കൂടി ക്ലോക്ക് ടവര്‍ സ്ഥാപിക്കുമെന്ന് നഗരസഭ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എം.എല്‍.എ ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് ട്രിപ്പിള്‍ ജങ്ഷനില്‍ ക്ലോക്ക് ടവര്‍ സ്ഥാപിക്കുക. വിമാനത്താവള നഗരമെന്ന നിലയില്‍ ഗതാഗത നിയന്ത്രണത്തിന് ആധുനിക സംവിധാനങ്ങള്‍ വേണമെന്ന ആവശ്യമാണ് യാത്രക്കാര്‍ക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.