2408 ക്യാമ്പുകള്‍; 1.76 ലക്ഷത്തിലധികം വയോജനങ്ങള്‍ക്ക് സേവനം നല്‍കി
text_fieldsതിരുവനന്തപുരം: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്പെഷ്യല്‍ വയോജന മെഡിക്കല്‍ ക്യാമ്പുകളുടെ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു കൈമാറി. ഒക്‌ടോബര്‍ പകുതിയിലും നംവംബറിലുമാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ഈ കാലയളവില്‍ 2408 മെഡിക്കല്‍ ക്യാമ്പുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചത്.
ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ 1227 ക്യാമ്പുകളും ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ 1181 ക്യാമ്പുകളുമാണ് സംഘടിപ്പിച്ചത്. ആകെ 1,76,386 വയോജനങ്ങള്‍ ക്യാമ്പുകളില്‍ പങ്കെടുത്തു. അതില്‍ 1,04,319 സ്ത്രീകളും 72,067 പുരുഷന്‍മാരുമാണ് ഉണ്ടായിരുന്നത്. ക്യാമ്പുകളില്‍ പങ്കെടുത്ത 23.9 ശതമാനം വയോജനങ്ങള്‍ക്ക് പ്രമേഹവും 25.09 വയോജനങ്ങള്‍ക്ക് രക്താതിമര്‍ദവും ഉള്ളതായി കണ്ടെത്തി. വിവിധ രോഗങ്ങള്‍ക്ക് കൂടുതല്‍ ചികിത്സ ആവശ്യമുള്ള 38,694 വയോജനങ്ങളെ ഉയര്‍ന്ന ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്തു.
നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ആയുര്‍വേദം, ഹോമിയോപ്പതി, യോഗ-നാച്ചുറോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ എല്ലാ ആയുഷ് വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആയുഷ് ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍, ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, ട്രൈബല്‍ ആയുഷ് ഡിസ്പെന്‍സറികള്‍ എന്നിവ മുഖേന പ്രദേശികാടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളിലായിരുന്നു ഈ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള സംസ്ഥാനമാണ് കേരളം.
വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സംസ്ഥാനം പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. അതിന്റെ ഭാഗമായാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. വയോജനങ്ങള്‍ പൊതുവേ അനുഭവിക്കുന്ന ശാരീരികാരോഗ്യ പ്രശ്നങ്ങളായ പേശികളുടെയും അസ്ഥികളുടെയും ബലക്ഷയം, ഉറക്കക്കുറവ്, മലബന്ധം, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയവയും അവരുടെ മാനസിക സാമൂഹികാരോഗ്യവും ആയുഷ് ചികിത്സാ സംവിധാനങ്ങളിലൂടെ മെച്ചപ്പെടുത്തുവാന്‍ ലക്ഷ്യമിട്ടാണ് ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.
ആയുഷ് മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുക്കുത്ത വയോജനങ്ങളുടെ തുടര്‍ ചികിത്സ ഉറപ്പാക്കി വരുന്നു. ആയുഷ് വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും വിവിധ സ്ഥാപനങ്ങളിലൂടെയാണ് ഇവരുടെ തുടര്‍ ചികിത്സ ഉറപ്പാക്കുന്നത്. പൂര്‍ണമായും സൗജന്യമായ ഈ മെഡിക്കല്‍ ക്യാമ്പുകളില്‍, പൊതു ആരോഗ്യ പരിശോധനകളും മരുന്ന് വിതരണവും കൂടാതെ, പ്രാഥമിക ലബോറട്ടറി സേവനങ്ങള്‍, ബോധവത്ക്കരണ ക്ലാസുകള്‍, യോഗ പരിശീലനം എന്നിവയും ഉണ്ടായിരുന്നു.
ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. എം.പി. ബീന, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഭാരതീയ ചികിത്സാ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. സലജ കുമാരി, ഹോമിയോപ്പതി മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ ആന്റ് കണ്‍ട്രോളിങ് ഓഫീസര്‍ ഡോ. ടി.കെ. വിജയന്‍, ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ആര്‍. ജയനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.