ബഹിരാകാശ പേടകം മുതൽ മുങ്ങിക്കപ്പൽ വരെ; എസ്.െഎ.എഫ്.എല്ലിന് 25 കോടിയുടെ കരാർ
text_fieldsതൃശൂർ: ഐ.എസ്.ആർ.ഒയുടെ ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ, നാവികസേനക്കാവശ്യമായ മുങ്ങിക്കപ്പൽ, പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ മിസൈൽ നിർമാണം, ബ്രഹ്മോസ്... ഇവയും തൃശൂർ അത്താണിയിലെ സംസ്ഥാന പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡും (എസ്.ഐ.എഫ്.എൽ) തമ്മിൽ ഇപ്പോൾ ഒരു ബന്ധമുണ്ട്. ഈ ബഹിരാകാശ-പ്രതിരാധ പദ്ധതികൾക്കാവശ്യമായ ഉരുക്ക്-ടൈറ്റാനിയം-അലുമിനിയം ഭാഗങ്ങളുടെ നിർമാണക്കരാർ ഏറ്റെടുത്തിരിക്കുകയാണ് എസ്.ഐ.എഫ്.എൽ. നാല് മാസത്തിനുള്ളിൽ 25 കോടിയിലേറെ തുകയുടെ കരാറാണ് രാജ്യത്തെ ശാസ്ത്ര-സാങ്കേതിക-പ്രതിരോധ സ്ഥാപനങ്ങളുമായി ഒപ്പിട്ടത്.
നാവികസേനയുടെ മുങ്ങിക്കപ്പൽ -ഒമ്പതുകോടി, ഗഗൻയാൻ- ഏഴുകോടി, പ്രതിരോധ സേനയുടെ മിസൈൽ -ആറുകോടി, ബ്രഹ്മോസ് -മൂന്നുകോടി എന്നിങ്ങനെയുള്ള കരാറുകളുടെ ഭാഗമായുള്ള പ്രവൃത്തികൾ ഇവിടെ പുരോഗമിക്കുകയാണ്. 2017വരെ എസ്.ഐ.എഫ്.എല്ലിെൻറ 65 ശതമാനം പ്രവൃത്തികളും ട്രെയിനുകളുടെ ഡീസൽ എൻജിൻ യന്ത്രഭാഗങ്ങളുടെ ഉൽപാദനത്തെ കേന്ദ്രീകരിച്ചായിരുന്നു. പിന്നീട് വൈദ്യുത ട്രെയിനുകളിലേക്ക് വഴിമാറിയപ്പോൾ പ്രതിസന്ധിയിലായ എസ്.ഐ.എഫ്.എൽ ബഹിരാകാശ സംവിധാന സംരംഭങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 300 സ്ഥിരം ജീവനക്കാരും 100 താൽക്കാലിക ജീവനക്കാരുമുൾപ്പെടുന്ന സ്ഥാപനത്തിൽ കമാൻഡർ സുരേഷ് പുല്ലാനിക്കാട്ടാണ് മാനേജിങ് ഡയറക്ടർ.
എ.എസ് 9100 അംഗീകാരം ലഭിച്ച എസ്.ഐ.എഫ്.എൽ ബഹിരാകാശ സംരംഭങ്ങളായ ചന്ദ്രയാൻ, മംഗൾയാൻ തുടങ്ങിയവക്ക് വിവിധ ഉരുക്ക് ഉപകരണ ഭാഗങ്ങൾ വിജയകരമായി വികസിപ്പിച്ച് നൽകിയിട്ടുണ്ട്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനുവേണ്ടി അതിസങ്കീർണമായ വിവിധ എയർക്രാഫ്റ്റ് എൻജിനുകളുടെ ഭാഗങ്ങളും ബ്രഹ്മോസ് മിസൈലിനുവേണ്ടി അലുമിനിയം, സ്റ്റീൽ, ടൈറ്റാനിയം തുടങ്ങിയ ലോഹഭാഗങ്ങളുടെ നിർമാണവും പുരോഗമിക്കുകയാണിവിടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.