25 കോടിയുടെ നികുതി തട്ടിപ്പ്; യുവാവ് പിടിയിൽ
text_fieldsതൃശൂർ: വ്യാജ ബില്ലുകളുണ്ടാക്കി 25 കോടിയുടെ നികുതി തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശിയെ തൃശൂരിൽ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. അയിലക്കാട് ബനീഷാണ് (43) പിടിയിലായത്. ബിനാമി പേരുകളിൽ ജി.എസ്.ടി രജിസ്ട്രേഷനെടുത്ത് അടക്ക വ്യാപാര ഇടപാടിലായിരുന്നു തട്ടിപ്പ്. ബനീഷും സംഘവും ചേർന്ന് 500 കോടിയുടെ വ്യാജ ബില്ലാണ് ഉണ്ടാക്കിയത്. ഇതുവഴി 25 കോടിയുടെ തട്ടിപ്പ് നടത്തിയതായി ജി.എസ്.ടി ഇന്റലിജൻസ് ഒാഫിസർ ജ്യോതിലക്ഷ്മി പറഞ്ഞു. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വിഭാഗത്തിലാണ് തട്ടിപ്പ്.
പാവപ്പെട്ടവരുടെ പേരിൽ ബിനാമികളിലായി എടുത്ത ജി.എസ്.ടി രജിസ്ട്രേഷെൻറ മറവിലാണ് തട്ടിപ്പ് നടത്തുന്നത്. രജിസ്ട്രേഷനെടുത്തവർ പാവപ്പെട്ടവരായതിനാൽ തട്ടിപ്പ് തുക തിരികെ പിടിക്കാനാവില്ല. തട്ടിപ്പ് കണ്ണിയിൽ കൂടുതൽ ആളുകളുണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും അധികൃതർ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ കഴിഞ്ഞമാസം തട്ടിപ്പുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. പാലക്കാട്, മലപ്പുറം, കാസർകോട്, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. എറണാകുളം ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡെപ്യൂട്ടി കമീഷണർ ജോൺസൺ ചാക്കോ, സ്റ്റേറ്റ് ടാക്സ് ഓഫിസർമാരായ ഫ്രാൻസിസ്, ഗോപൻ, ഉല്ലാസ്, അഞ്ജന, ഷീല, ഷക്കീല, മെറീന തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.