കരുവന്നൂർ ബാങ്കിന് 25 കോടി അനുവദിക്കും, നിക്ഷേപകർക്കൊപ്പമെന്ന് മന്ത്രി ആർ. ബിന്ദു
text_fieldsകൊച്ചി: സാമ്പത്തിക തിരിമറിയെ തുടർന്ന് തകർച്ചയിലായ കരുവന്നൂർ സഹകരണ ബാങ്കിന് 25 കോടി അനുവദിക്കുമെന്ന് മന്ത്രി ആർ. ബിന്ദു. സഹകരണ മന്ത്രിയാണ് പണം നൽകുന്ന വിവരം അറിയിച്ചത്. ഈ പണം കൊണ്ട് പ്രത്യേക പാക്കേജ് ഉണ്ടാക്കി നിക്ഷേപകരെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുമായി പ്രശ്നം ചർച്ച ചെയ്തു. ബാങ്കിനെ നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണ്. ഇന്നലെ താൻ നടത്തിയ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചു. തന്റെ മണ്ഡലത്തിലെ വിഷയമായത് കൊണ്ടാണ് ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുന്നത്. നിക്ഷേപകർക്കൊപ്പമാണ് താനെന്നും ആർ. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക കിട്ടാത്തതിനാൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ മരിച്ചെന്ന് ആക്ഷേപമുയർന്ന ഫിലോമിനയുടെ കുടുംബത്തിന് ആവശ്യത്തിന് പണം നൽകിയെന്ന മന്ത്രി ആർ. ബിന്ദുവിന്റെ പ്രസ്താവന വിവാദത്തിനും വിമർശനത്തിനും വഴിവെച്ചിരുന്നു. വ്യാഴാഴ്ച തൃശൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് രോഗിക്ക് അത്യാവശ്യം പണം നൽകിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞതായി മന്ത്രി ആർ. ബിന്ദു പറഞ്ഞത്.
'ദേവസിയുടെയും ഫിലോമിനയുടെയും കുടുംബത്തിന് അടുത്ത കാലത്തായി ആവശ്യത്തിന് പണം നൽകിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ സർക്കാർ മെഡിക്കൽ കോളജിലുണ്ട്. അടുത്തിടെ ഒരു ലക്ഷത്തിൽപരം രൂപ കൈമാറിയിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചത്. ബാങ്കിന്റെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച തുക നൽകിയിരുന്നു. മരണം ദാരുണമാണ്. എന്നാൽ, അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സന്ദർഭമുണ്ടാക്കുന്നത് ശരിയല്ല' -മന്ത്രി പറഞ്ഞത്.
അതേസമയം, അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഒരു രൂപ പോലും തന്നിട്ടില്ലെന്ന് ഫിലോമിനയുടെ ഭർത്താവ് ദേവസിയും മകൻ ഡിനോയും മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. 'അമ്മയുടെ മരണശേഷം ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് ബുധനാഴ്ച അച്ഛന്റെ കൈയിൽ രണ്ട് ലക്ഷം രൂപയുടെ ചെക്ക് ബാങ്കുകാർ കൊണ്ടുവന്ന് കൊടുത്തു. ഈ പണം രണ്ടാഴ്ച മുമ്പ് തന്നിരുന്നെങ്കിൽ അമ്മ പോകില്ലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി കൂടുതൽ വേഗത്തിലും മെച്ചപ്പെട്ടതുമായ ചികിത്സ ലഭ്യമാക്കാമായിരുന്നു. ബാങ്കിൽ നിക്ഷേപിച്ച 30 ലക്ഷം രൂപയാണ് ചോദിക്കുന്നത്. ആവശ്യത്തിന് പണം നൽകിയെന്ന് പറയുന്ന മന്ത്രിക്ക് ഞങ്ങളുടെ ആവശ്യം എത്രയാണെന്ന് എങ്ങനെ അറിയാം?' -ഡിനോ ചോദിച്ചു.
'അപ്പച്ചൻ സി.പി.എം ജില്ല സെക്രട്ടറിയോട് അടക്കം ആവശ്യം അറിയിച്ചിരുന്നു. 4.60 ലക്ഷം രൂപ ബാങ്ക് തന്നിട്ടുണ്ട് എന്ന് പറയുന്നത് ശരിയാണ്. പക്ഷേ അത് ഇപ്പോഴല്ല. എന്റെ കാലിന്റെ ലിഗ്മെന്റ് തകരാറിലായപ്പോൾ ചികിത്സക്ക് ഒരു ലക്ഷത്തിലധികം രൂപ അക്കൗണ്ടിൽ നിന്ന് തവണകളായി കിട്ടി. അതിന് മുമ്പ് കിട്ടിയതും ചേർത്താണ് 4.6 ലക്ഷം രൂപ തന്നുവെന്ന് പറയുന്നത്. അതൊക്കെ പഴയ കാര്യമാണ്' -ഡിനോ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.