പെരിഞ്ഞനം പഞ്ചായത്ത് ഒാഫിസിൽ നിന്ന് മുക്കാൽ ലക്ഷം കവർന്നു
text_fieldsകയ്പമംഗലം: പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ഓഫിസിൽ മോഷണം. മുക്കാൽ ലക്ഷം രൂപ കവർന്നു. ശനിയാഴ്ച പുലർച്ചയോടെയാണ് മോഷണമെന്ന് കരുതുന്നു. പ്രസിഡൻറിെൻറ മുറിയുടെ വാതിലിെൻറ പൂട്ട് പൊളിച്ചാണ് അകത്ത് കടന്നത്. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഓഫിസിലും എൻ.ആർ.ഇ.ജി ഓഫിസിലും പഞ്ചായത്ത് ഓഫിസിനോട് ചേർന്ന് പ്രവർത്തിക്കുന്ന കുടുംബശ്രീ കാൻറീനിലും സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. കുടുംബശ്രീ ഓഫിസിെൻറ അലമാരയിൽ സൂക്ഷിച്ചിരുന്ന 62,000 രൂപയും എൻ.ആർ.ഇ.ജി ഓഫിസിൽനിന്ന് 4,000 രൂപയും കാൻറീനിെൻറ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 12,000 രൂപയുമാണ് മോഷ്ടിച്ചത്.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് വിവരം പുറത്തറിഞ്ഞത്. കാൻറീനിലെത്തിയ കുടുംബശ്രീ പ്രവർത്തകർക്ക് അകത്തെ ക്ലോക്ക് കാണാതായതോടെയാണ് സംശയം തോന്നിയത്. തുടർന്ന് മേശവലിപ്പ് തുറന്ന് നോക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ടതറിഞ്ഞത്. കാൻറീനിെൻറ പിറകുവശത്തെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് സംശയം തോന്നി പഞ്ചായത്ത് ഒാഫിസ് പരിശോധിച്ചപ്പോഴാണ് പ്രസിഡൻറിെൻറ മുറിയുടെ ലോക്ക് തകർത്തതായി കണ്ടത്. ഉടൻ പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച അവധിയായതിനാൽ പഞ്ചായത്ത് ഓഫിസിൽ ആരും എത്തിയിരുന്നില്ല.
കയ്പമംഗലം എസ്.ഐ കെ.എസ്. സുബിന്ദിെൻറ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഉച്ചയോടെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഇരിങ്ങാലക്കുടയിൽനിന്ന് എത്തിയ ഡോഗ് ഓഫിസിന് ഉള്ളിൽനിന്ന് മണംപിടിച്ച് പഞ്ചായത്തിെൻറ കിഴക്കേ മതിൽ ചാടിക്കടന്ന് ആളൊഴിഞ്ഞ പറമ്പിലൂടെ നടന്ന് റോഡിൽ വന്ന് നിന്നു. മോഷ്ടാക്കൾ ഓഫിസിൽനിന്ന് കൊണ്ടവന്ന് ഉപേക്ഷിച്ച, പണം സൂക്ഷിച്ച പ്ലാസ്റ്റിക് ടിന്നുകളും വാതിലിെൻറ പൂട്ടുകളും തൊട്ടടുത്ത പറമ്പിൽനിന്ന് പൊലീസ് കണ്ടെടുത്തു. ഇതിൽനിന്നുള്ള വിരലടയാളങ്ങളും വിദഗ്ധർ ശേഖരിച്ചിട്ടുണ്ട്.
അതേസമയം, തൊട്ടടുത്ത കടയിലെ സി.സി.ടി.വിയിൽ പ്രതികളെന്ന് കരുതുന്നവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പുലർച്ച മൂേന്നാടെ മൂന്നുപേർ ബൈക്കിൽ വന്ന് നിൽക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇരിങ്ങാലക്കുട എ.സി.പി പി.ആർ. രാജേഷിെൻറ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇ.ടി. ടൈസൺ എം.എൽ.എ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ഗിരിജ, ജില്ല പഞ്ചായത്ത് അംഗം കെ.എസ്. ജയ, മറ്റു ജനപ്രതിനിധികളും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.